സേവാഭാരതിയുടെ ബാലാശ്രമത്തില്‍ നിന്നും അഞ്ചു പെണ്‍കുട്ടികളെ കാണാതായി

ചേലക്കര സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
സേവാഭാരതിയുടെ ബാലാശ്രമത്തില്‍ നിന്നും അഞ്ചു പെണ്‍കുട്ടികളെ കാണാതായി

തൃശൂര്‍: മായന്നൂരില്‍ സേവാഭാരതി നേതൃത്വം നല്‍കുന്ന തണല്‍ ബാലാശ്രമത്തില്‍ നിന്നും അഞ്ചു പെണ്‍കുട്ടികളെ കാണാതായി. കാണാതായ അഞ്ചു കുട്ടികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അഞ്ചുപെണ്‍കുട്ടികളും ബന്ധുക്കളാണ്. ചൊവ്വാഴ്ച രാവിലെ ആറര മണി മുതലാണ് ഇവരെ കാണാതായത്.പ്രാര്‍ത്ഥനാ സമയത്താണ് കുട്ടികള്‍ കടന്നുകളഞ്ഞത് എന്നാണ് സ്ഥാപനത്തിന്റെ ഭാരവാഹികള്‍ പറയുന്നത്.ചേലക്കര സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സേവാഭാരതിക്ക് കീഴിലുള്ള ട്രസ്റ്റാണ് സ്ഥാപനത്തിന്റെ നടത്തിപ്പ്. ഹിന്ദു വിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംഘടനയാണ് ഇതെന്നും രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെന്നും തണല്‍ ഭാരവാഹികള്‍ സമകാലിക മലയാളത്തോട് പറഞ്ഞു. മുമ്പും ഇവിടുന്ന് കുട്ടികളെ കാണാതായിട്ടുണ്ടെന്നും അന്വേഷിച്ച് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. സിഡബ്യുസി തൃശൂരില്‍ നിന്നും ഇങ്ങോട്ടേക്കെത്തിച്ച കുട്ടികളെയാണ് കാണാതായിരിക്കുന്നത്. പുതിയതായി വന്ന കുട്ടികളാണ് കാണാതായത് എന്നും ഇവര്‍ വന്നിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളുവെന്നുമാണ് സ്ഥാപനത്തിന്റെ ഭാരവാഹികള്‍ പറയുന്നത്. കേശവന്‍ നമ്പൂതിരി എന്നയാളാണ് ട്രസ്റ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി ശശികുമാറാണ്. 

മുമ്പും ഇവിടുന്നു കുട്ടികളെ കാണാതായിട്ടുണ്ടെന്നും അന്വേഷിച്ച് തിരിച്ചെത്തിച്ചിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന ചേലക്കര സിഐയും സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാറിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമായതിനാല്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് സിഐ പറയുന്നത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സിഐ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com