ഫാഷന്‍ ഭ്രമം മാത്രമല്ല, നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹം: ഫ്രീക്കന്മാര്‍ക്കു കട്ട സപ്പോര്‍ട്ടുമായി സാറാ ജോസഫ്

മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങൾക്ക് വേണ്ട എന്ന് അവർ സ്വന്തം ശരീരത്തിൽ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ പ്രഖ്യാപിക്കുന്നു.
ഫാഷന്‍ ഭ്രമം മാത്രമല്ല, നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹം: ഫ്രീക്കന്മാര്‍ക്കു കട്ട സപ്പോര്‍ട്ടുമായി സാറാ ജോസഫ്

തൃശൂര്‍: മുടി നീട്ടി വളര്‍ത്തിയവരെല്ലാം കഞ്ചാവ് വില്‍പ്പനക്കാരാണ് എന്ന പൊലീസ് മനോാവം അപഹാസ്യമാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ്. വീട്, കുടുംബം, സ്‌കൂള്‍, കോളെജ്, പൊലീസ്, പൊതു സമൂഹം ഒക്കെ ഫ്രീക്കന്മാരെ വരച്ച വരയില്‍ നിര്‍ത്താന്‍ വേണ്ടിയാണ് ശിക്ഷിക്കുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തില്‍ അവര്‍പ്രതിഫലിപ്പിക്കുന്നത്. നാളെ തൃശൂരില്‍ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നു എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സാറാ ജോസഫ് വ്യക്തമാക്കി.

വെറും ഫാഷന്‍ ഭ്രമം മാത്രമല്ല അത്. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തില്‍ അവര്‍ പ്രതിഫലിപ്പിക്കുന്നത്. ചൂഷണ വ്യവസ്ഥയുടെ ഉല്‍പ്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂര്‍വ്വം തെറ്റിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും പോസ്റ്റില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

സാറാജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാളെ തൃശൂരിൽ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നു.
ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വെറും ഫാഷൻ ഭ്രമം മാത്രമല്ല അത്.
നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തിൽ അവർപ്രതിഫലിപ്പിക്കുന്നത്. ചൂഷണ വ്യവസ്ഥയുടെ ഉല്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂർവ്വം തെറ്റിക്കുക. കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെൺകിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു'
മാറ് മറച്ച ചാന്ദാർ സ്ത്രീയും ഷർട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണ്.
ഹിപ്പികൾ, നക്സലൈററുകൾ, ഫ്രീക്കന്മാർ ഒക്കെ ഓരോ കാലഘട്ടത്തിന്റെ യും അലക്കിത്തേച്ചസൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചത്.
വീട്, കുടുംബം, സ്കൂൾ, കോളേജ്, പൊലീസ്, പൊതു സമൂഹം ഒക്കെ അവരെ വരച്ച വരയിൽ നിർത്താൻ വേണ്ടിയാണ് ശിക്ഷിക്കുന്നത്.
മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങൾക്ക് വേണ്ട എന്ന് അവർ സ്വന്തം ശരീരത്തിൽ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ പ്രഖ്യാപിക്കുന്നു. മുടി നീട്ടി വളർത്തിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com