ഇത്തവണയും എന്നെയവര്‍ക്കു കൊല്ലാന്‍ കഴിഞ്ഞില്ല; കുമ്മനത്തിന്റെ ട്വീറ്റിനെ കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍

സുഹൃത്തുക്കളെ, ഞാന്‍ സുരക്ഷിതനാണ്. അവര്‍ക്ക് ഇത്തവണയും എന്നെ കൊല്ലാന്‍ കഴിഞ്ഞില്ല
ഇത്തവണയും എന്നെയവര്‍ക്കു കൊല്ലാന്‍ കഴിഞ്ഞില്ല; കുമ്മനത്തിന്റെ ട്വീറ്റിനെ കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ അക്രമ സംഭവങ്ങള്‍ക്കു പിന്നാലെ താന്‍ സുരക്ഷിതനാണെന്നും തന്നെ അവര്‍ക്കു കൊല്ലാനായില്ലെന്നും ട്വീറ്റ് ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്രോളര്‍മാരുടെ പരിഹാസം. സുഹൃത്തുക്കളെ, ഞാന്‍ സുരക്ഷിതനാണ്. അവര്‍ക്ക് ഇത്തവണയും എന്നെ കൊല്ലാന്‍ കഴിഞ്ഞില്ല. ഓരോ ആക്രമണവും നമ്മുടെ പോരാട്ടത്തിന് കരുത്ത് പകരുകയാണ്. എന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്. 

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണം കുമ്മനത്തിനെതിരെ നടന്ന വധശ്രമം ആണെന്നാണ് ബിജെപി അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് എന്നയവര്‍ക്കു കൊല്ലാനായില്ലെന്ന് കുമ്മനം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതു തികച്ചും അപക്വമായ അഭിപ്രായ പ്രകടനം ആയിപ്പോയെന്ന് അപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അക്രമികള്‍ക്കു പ്രോത്സാഹനം നല്‍കുന്ന വിധത്തിലാണ് കുമ്മനം പ്രതികരിച്ചതെന്നും ആക്ഷേപം ഉയര്‍ന്നു.

കുമ്മനം ഓഫീസില്‍ ഉണ്ടായിരുന്നപ്പോള്‍ ആയിരുന്നില്ല അക്രമം നടന്നത്. എന്നാല്‍ അണികളില്‍ ആവേശം കുത്തിവയ്ക്കുകയായിരുന്നു വധശ്രമം എന്ന കുമ്മനത്തിന്റെ ട്വീറ്റിന്റെ ലക്ഷ്യം എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ അടിസ്ഥാനമായതും. അക്രമണത്തിന് മുന്‍പ് കുമ്മനം ഓഫീസില്‍ ഉണ്ടോയെന്ന് ചോദിച്ചിരുന്നു അതാണ് അക്രമണം കുമ്മനത്തെയാണ് ലക്ഷ്യമിട്ടതെന്ന് പറയാന്‍ കാരണവുമെന്ന ബിജെപി നേതാക്കളുടെ പ്രതികരണവും സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിനു പാത്രമായി. 

പാണ്ടിപ്പട ചിത്രത്തില്‍ തല്ലു കൊണ്ട് കിടക്കുന്ന ഉമാകാന്തനായും, ചുരത്തില്‍ മരണത്തെ മുഖാമുഖം കണ്ട സുലൈമാനായും, ക്‌ളോസറ്റിനുള്ളിലെ കീടാണുവായും  മറ്റുമാണ് കുമ്മനത്തെ ട്രോളന്മാര്‍ ചിത്രീകരിക്കുന്നത്. സ്വാതന്ത്യ്ര സമരകാലത്ത് ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ട്രോളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com