ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അപ്പുണ്ണിക്ക് പൊലീസിന്റെ നോട്ടീസ്

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അപ്പുണ്ണിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അപ്പുണ്ണിക്ക് പൊലീസിന്റെ നോട്ടീസ്

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹായി അപ്പുണ്ണിക്ക് പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യാന്‍ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അപ്പുണ്ണിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നോട്ടീസ് ലഭിക്കാത്തതുകൊണ്ട് താന്‍ ഹാജരാകില്ല എന്നായിരുന്നു അപ്പുണ്ണിയുടെ അഭിഭാഷകന്റെ മറുപടി. എന്നാല്‍ അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. 

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ അപ്പുണ്ണിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇത് അനുസരിച്ച് അപ്പുണ്ണി ഇന്ന് പൊലീസിനു മുമ്പാകെ ഹാജരാവും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നോട്ടീസ് ലഭിക്കാത്ത സാഹചര്യത്തില്‍ ഹാജരാവില്ലെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കേസില്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്്. അപ്പുണ്ണിയെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ചോദ്യം ചെയ്യലില്‍ മാത്രമേ കേസില്‍ അപ്പുണ്ണിയുടെ പങ്ക് വ്യക്തമാവൂവെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാവന്‍ നോട്ടീസ് നല്‍കിയപ്പോഴാണ് അപ്പുണ്ണി സ്ഥലത്തില്ലന്നു വ്യക്തമായത്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com