ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേര്‍ പിടിയിലെന്ന് സൂചന;പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം 

ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേര്‍ പിടിയിലെന്ന് സൂചന;പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം 

തിരുവനന്തപുരം: ശ്രീകാര്യം കല്ലംപള്ളിയില്‍ ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന.നേതൃത്വം നല്‍കിയെന്ന്  സംശയിക്കുന്ന മണിക്കുട്ടന്‍ എന്നയാളിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. കൊലപാതക സംഘം എത്തിയ ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നടപടി ഉണ്ടാകുമെന്നും പ്രകോപന സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കരുത് എന്നും പൊലീസ് ആവശ്യപ്പെട്ടു. 

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് സംസ്ഥാന ഹര്‍ത്താല്‍. പാല്‍, പത്രം, മെഡിക്കല്‍ സ്‌റ്റോര്‍, ആശുപത്രികള്‍, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. 

ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. 

രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടര്‍ന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നത്. കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി തലസ്ഥാനത്തെ നഗരപ്രദേശത്ത് ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് രാജേഷിന്റെ കൊലപാതകം നടന്നിരിക്കുന്നത്. 

സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com