ജ്യുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ വിഴിഞ്ഞം നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

സിഎജി അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വന്ന ശേഷം മതി വിഴിഞ്ഞത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു 
ജ്യുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ വിഴിഞ്ഞം നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സിഎജി അന്വേഷണ റിപ്പോര്‍ട്ട്‌
 പുറത്ത് വന്ന ശേഷം മതി വിഴിഞ്ഞത്തെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു. ബര്‍ത്ത് ടര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് വിഎസിന്റെ കത്ത്. സംസ്ഥാനത്തിന് കനത്തനഷ്ടമാണെന്ന് സിഎജി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ ആദ്യം അന്വേഷണമാണ് തീര്‍ക്കേണ്ടത്. സിഎജി കണ്ടെത്തിയ ക്രമേക്കടിന് പിന്നിലെ ഗൂഡാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും പദ്ധതിയിലൂടെ അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു

7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുക മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്.  എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നവെന്നും സിഎജി കണ്ടെത്തിയിരുന്നു.

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണച്ചെലവു കണക്കാക്കിയതില്‍ പാളിച്ച വന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിന് എതിരെ അക്കൗണ്ട്‌സ് ജനറലിന് പരാതി നല്‍കുമെന്ന്  ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടിരുന്നു.  സിഎജിറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വസ്തുതാപരമല്ലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ബാഹ്യസ്വാധീനം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com