പ്രമുഖരെ റാഞ്ചാന്‍ ബിജെപി, അമിത് ഷായുടെ സന്ദര്‍ശനത്തോടെ ഇടതിന്റെ പതനമെന്ന് പ്രഖ്യാപനം

പാര്‍ട്ടിക്കു സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ബിജെപി
പ്രമുഖരെ റാഞ്ചാന്‍ ബിജെപി, അമിത് ഷായുടെ സന്ദര്‍ശനത്തോടെ ഇടതിന്റെ പതനമെന്ന് പ്രഖ്യാപനം

കൊച്ചി: കേരളത്തില്‍ പാര്‍ട്ടിക്കു സ്വീകാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹത്തില്‍ അറിയപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപി നീക്കം. ഇതിനായി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് പാര്‍ട്ടി. നാളെ സംസ്ഥാനത്ത് എത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ഇവരുടെ കൂടിക്കാഴ്ച സംഘടിപ്പിക്കാനാണ് ശ്രമം.

ഏതു വിധേനയും കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതിന് തന്ത്രം മെനയുകയാണ് ബിജെപി ദേശീയ നേതൃത്വം. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളെ കൂട്ടുപിടിച്ച് നേരത്തെ നടത്തിയ നീക്കം വേണ്ടത്ര ഫലിച്ചില്ലെന്ന വിലയിയരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി പുതിയ തന്ത്രത്തിലേക്കു കടക്കുന്നത്. സമൂഹത്തില്‍ സ്വീകാര്യതയുള്ള വ്യക്തിത്വങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുക, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിര്‍ത്തുക എന്നതാണ് ബിജെപിയുടെ പുതിയ തന്ത്രം. വെള്ളിയാഴ്ച കേരളത്തില്‍ എത്തുന്ന അമിത് ഷായുടെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ഇതിന് അനുസരിച്ചാണ്.

കൊച്ചി കലൂര്‍ റിന്യുവല്‍ സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ബിജെപി നേതാക്കള്‍. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരിട്ടാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. സിറോ മലബാര്‍ സഭ, ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തെ കുമ്മനം നേരിട്ടെത്തി ക്ഷണിച്ചതായാണ് സൂചനകള്‍. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇവര്‍ സ്ഥിരീകരിച്ചിട്ടില്ല.

തിരുവനന്തപുരത്ത് വിഐപി സംഗമം എന്ന പേരിലാണ് എഴുത്തുകാരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂടിച്ചേരല്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ പരമാവധി എഴുത്തുകാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ബിസിനസുകാരെയും പങ്കെടുപ്പിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. മറ്റു രാഷ്ട്രീയ കക്ഷികളില്‍നിന്നുള്ളവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.

അമിത് ഷായുടെ സന്ദര്‍ശന പരിപാടിയോടെ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് ആധിപത്യത്തിന് അമിത് ഷായുടെ സന്ദര്‍ശനത്തോടെ അന്ത്യം കുറിക്കുമെന്നാണ്, ദേശീയ അധ്യക്ഷന്റെ പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ അവകാശപ്പെട്ടത്. 

രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നിര്‍ണായക സ്വാധീനം നേടാനായിട്ടും ബാലികേറാ മലയായി നില്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ബിജെപി നേതൃത്വം തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. കോയമ്പത്തൂരില്‍ കഴിഞ്ഞ മാസം ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗവും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളം, ഒറിസ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്ര രൂപീകരണത്തില്‍ മുന്‍ഗണനയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com