വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഒരു വര്‍ഷം; ബിഡിജെഎസ് വീണ്ടും അമിത് ഷായ്ക്ക് മുന്നില്‍ 

ഏറെനാളായയി തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത് രണ്ടാഴ്ചയ്ക്കകം തങ്ങളുടെ കാര്യത്തില്‍ തീരുമാനമാകും എന്നാണ്‌ 
വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഒരു വര്‍ഷം; ബിഡിജെഎസ് വീണ്ടും അമിത് ഷായ്ക്ക് മുന്നില്‍ 

കൊച്ചി: കേരളത്തിലെ എന്‍ഡിഎയിലെ പ്രമുഖ കക്ഷി ബിഡിജെഎസ് രൂപം കൊണ്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്‍ രൂപം നല്‍കിയ ബിഡിജെഎസ് ഇപ്പോള്‍ പറഞ്ഞ ഒരു വാക്കും പാലിക്കാത്ത ബിജെപിയോട് ഇടഞ്ഞു നില്‍ക്കുകയാണ്. തങ്ങള്‍ക്ക് തന്ന വാഗ്ദാനങ്ങള്‍ പാലിക്കണം എന്നുള്ള ആവശ്യവുമായി നാളെ വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയാണ് ബിഡിജെഎസ് നേതൃത്വം. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് വെള്ളാപ്പള്ളി നടേശന്‍ ബിഡിജെഎസ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയതും എന്‍ഡിഎയുടെ സഖ്യകക്ഷിയാകുന്നതും. യുഡിഎഫിനേയും എല്‍ഡിഎഫിനേയും ഒരുപോലെ പിണക്കിയാണ് വെള്ളാപ്പള്ളി പാര്‍ട്ടി രൂപീകരിച്ചതും എന്‍ഡിഎയ്ക്ക ഒപ്പം പോയതും. കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായി ബിഡിജെഎസ് മാറും എന്നായിരുന്നു വെള്ളാപ്പള്ളിയുടേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേയും പ്രതീക്ഷകള്‍. ബിജെപിയും അതേ പ്രതീക്ഷയോടെയാണ് ബിഡിജെഎസിനെ സ്വീകരിച്ചത്. എന്നാല്‍ ബിജെപി പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കാന്‍ ബിഡിജെഎസിന് കഴിഞ്ഞില്ല എന്നു മാത്രമല്ല മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കനത്ത തോല്‍വി ഏറ്റു വാങ്ങുകയും ചെയ്തു.  ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഉഴപ്പിത്തുടങ്ങിയത്. 

ബിജെപി സംസ്ഥാന നേതാക്കളോട് ചര്‍ച്ച ചെയ്യാതെ അമിത് ഷായോടും നരേന്ദ്ര മോദിയോടും നേരിട്ട് ചര്‍ച്ച നടത്തിയായിരുന്നു ബിഡിജെഎസ് എന്‍ഡിഎയില്‍ അംഗമായത്. ബിഡിജെഎസിന്റെ കാര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം ഗൗരവം കാട്ടാത്തത് ഇതുകൊണ്ടാണെന്നാണ് എന്‍ഡിഎ ക്യാമ്പുകളില്‍ നിന്നുയരുന്ന സൂചനകള്‍.

മലപ്പുറം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി-ബിഡിജെഎസ് ഭിന്നത രൂക്ഷമായി പുറത്തുവന്നിരുന്നു. വെള്ളാപ്പള്ളി നടേശന്‍ മനസാക്ഷി വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്തതും ഇതിന്റെ പശ്ചാതലത്തിലായിരുന്നു. 

രണ്ടാഴ്ചയ്ക്കകം തങ്ങള്‍ക്ക് വാഗദാന ചെയ്ത ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ ബിജെപി നല്‍കും എന്നാണ് ബിഡിജെഎസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ ഏറെ നാളായി ഇതേക്കാര്യം തന്നെയാണ് തുഷാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മലപ്പുറം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അമിത് ഷാ വന്നപ്പോളും ബിഡിജെഎസ് തങ്ങളുടെ ആവശ്യം ഉന്നയിച്ചിരുന്നു. അപ്പോഴും രണ്ടാഴ്ച എന്ന് തന്നെയാണ് കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. 

അമിത്ഷായുടെ സന്ദര്‍ശനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളി ഇറങ്ങിപ്പോയതിന് പിന്നിലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപിയോടുള്ള നീരസമായിരുന്നു. എന്നാല്‍ എന്‍ഡിഎയില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ തുഷാര്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്. 

ഇത്തവണത്തെ അമിത്ഷായുടെ വരവ് ബിഡിജെഎസ് പ്രതീക്ഷയോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ തുഷാര്‍ വെള്ളാപ്പള്ളി കടുത്ത വാക്കുകളൊന്നും ബിജെപിക്ക് നേരെ പ്രയോഗിക്കുന്നില്ല. നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളെക്കുറിച്ച് രണ്ടാഴ്ചക്കുള്ളില്‍ തീരമാനമാകുമെന്നും ബിഡിജെഎസ് എന്‍ഡിഎയിലെ പ്രധാന കക്ഷിയാണ് എന്നും തുഷാര്‍ വെള്ളാപ്പള്ളി സമകാലിക മലയാളത്തോട് പറഞ്ഞു.എന്നാല്‍ അമിത്ഷാ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 
എന്തുവില കൊടുത്തും കേരളം പിടിക്കണം എന്നുള്ള തീരുമാനം നടപ്പാക്കാന്‍ തങ്ങളുടെ ഏറെനാളത്തെ ആവശ്യം അമിത് ഷാ അംഗീകരിച്ചുതരും എന്നാണ് തുഷാറും കൂട്ടരും പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com