ആത്മകഥയുമായി നമ്പി നാരായണനും; സിബി മാത്യൂസിന്റേത് സ്വയം കൈകഴുകാനുള്ള ശ്രമം

പുതിയതായി ഒരു സൂപ്പര്‍ സുപ്രീം കോടതി വരണം ഇത് നടന്നു എന്നു പറയാന്‍
ആത്മകഥയുമായി നമ്പി നാരായണനും; സിബി മാത്യൂസിന്റേത് സ്വയം കൈകഴുകാനുള്ള ശ്രമം

തിരുവനന്തപുരം: ഐഎസ്ആര്‍ഓ ചാരക്കേസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുന്‍ ഡിജിപിയും അനവേഷണ ഉദ്യോഗസ്ഥനുമായിരുന്ന സിബി മാത്യൂസ് എഴുതിയ ആത്മകഥയ്ക്ക് പിന്നാലെ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായി ചിത്രീകരിക്കപ്പെടുകയും പിന്നീട് സിബിഐയും സുപ്രീം കോടതിയും കുറ്റ വിമുക്തനാക്കുകയും ചെയ്ത ഐഎസ്ആര്‍ഓ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരയണനും ആത്മകഥയെഴുതുന്നു. തന്റെ ആത്മകഥ ജൂലൈയില്‍ പുറത്തിറങ്ങുമെന്നാണ് നമ്പി നാരയാണന്‍ പറയുന്നത്. മലയാളത്തിലും ഇംഗ്ലീംഷിലുമായിരിക്കും ആത്മകഥ പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ് പതിപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും അതാകും ആദ്യം പുറത്തിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. 1998ലാണ് സുപ്രീംകോടതി നമ്പി നാരയണനെ കുറ്റ വിമുക്തനാക്കിയത്. അന്നുമുതല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് എതിരേയും മറ്റ് അന്വേഷണ ഉദ്യേഗസ്ഥര്‍ക്കെതിരേയും നടപടി വേണം എന്നാവശ്യപ്പെട്ട് നിയമുപോരാട്ടത്തിലാണ് നമ്പി നാരായാണന്‍. 

ആത്മകഥയില്‍ തന്റെ കരിയര്‍ തകര്‍ത്തുകളഞ്ഞ ചാരക്കേസിലെ രാഷ്ട്രീയ കളികളെക്കുറിച്ച അദ്ദേഹം കൃത്യമായി വിവരച്ചിട്ടുണ്ട് എന്നാണ് സൂചന. 1994ല്‍ നമ്പി നാരായാണനും മറ്റ് ചില ഐഎസ്ആര്‍ഓ സാസ്ത്രജ്ഞന്‍മാരും രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങള്‍ മാലിദ്വീപിലെ സ്ത്രീക്ക് ചോര്‍ത്തിക്കൊടുത്തു എന്നതായിരുന്നു കേസ്. 

ചാരക്കേസിനെക്കുറിച്ചുള്ള സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകള്‍ 23 വര്‍ഷം മുമ്പ് ആകാമായിരുന്നുവെന്നും എന്തിനാണ് സിബി മാത്യൂസ് ഈ വെളിപ്പെടുത്തലുകള്‍ക്കായി 23 വര്‍ഷം കാത്തിരുന്നത് എന്നും നമ്പി നാരായാണന്‍ ചോദിക്കുന്നു. 

പുസ്തകത്തിന്റെ പേര് മാത്രമാണ് ഇതുവരെ തീരുമാനമാകാത്തത്. ഈ ആഴ്ചയില്‍ത്തന്നെ പേര് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബ്ലൂംസ് ബെറിയാണ് ഇംഗ്ലീഷ് പകിപ്പ് പബ്ലിഷ് ചെയ്യുന്നത്. സിബി മാത്യൂസിന്റെ പുസ്തകത്തെക്കുറിച്ച് കേട്ടു.ഞാന്‍ എന്റെ പുസ്‌കതം എഴുതിത്തീര്‍ത്തു,അതില്‍ ചിലപ്പോള്‍ സിബി മാത്യൂസിനുള്ള മറുപടികള്‍ ഉണ്ടാകാം... നമ്പി നാരായണന്‍ സമകാലിക മലയാളത്തോട് പ്രതികരിച്ചു.

സിബി മാത്യൂസിന് എന്തു വേണമെങ്കിലും പറയാമല്ലോ, 98ല്‍ത്തന്നെ ചാരക്കേസ് സിബിഐ കള്ളക്കേസാണെന്ന് പറയുകയും സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തതാണ്.അതിന് ശേഷവും അദ്ദേഹത്തിന് പറയാം,ഇത് കള്ളക്കേസല്ല എന്ന്,നടന്നിട്ടുണ്ട്, സുപ്രീംകോടതിവരെ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചുവെന്നൊക്കെ പറയാം.ഇതൊക്കെ പറയുന്നത് പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയോ,സെല്‍ഫ് ഡിഫന്‍സിന് വേണ്ടിയോ അല്ലെങ്കില്‍ താന്‍ ചെയ്തത് തെറ്റല്ലെന്ന് സ്വയം ബോധ്യപ്പടുത്താനുള്ള ശ്രമമോ എന്തുമാകാം..എന്താണെന്ന് എനിക്കറിയില്ല...സിബി മാത്യൂസിന്റ പുസ്തകത്തെപ്പറ്റി നമ്പി നാരായണന്‍ പറയുന്നു.സുപ്രീംകോടതി വിധിക്ക് ശേഷവും അങ്ങനെയൊരു സംഭവം നടന്നു എന്ന് പറയുന്ന ആളെക്കുറിച്ച് നമ്മള്‍ എന്താണ് പറയേണ്ടത്? പുതിയതായി ഒരു സൂപ്പര്‍ സുപ്രീം കോടതി വരണം ഇത് നടന്നു എന്നു പറയാന്‍ വേണ്ടി... 

1996ലാണ് സിബിഐ നമ്പിനാരായണനെ കേസില്‍ നിന്ന് ഒഴിവാക്കുന്നത്. 1998ല്‍ ഇത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. 2012ല്‍ മനുഷ്യാവകാശ കമ്മീഷന്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ വിധിക്കുകയും കേരള ഹൈക്കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. 

പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കരുണാകരന്റെ രാജിക്ക് വേണ്ടി ബിഷപ്പുമാരെല്ലാം ഇടപെട്ടു എന്നൊക്കെ പുസ്തകത്തില്‍ പറയുന്നുവെന്നാണ്,എന്നാല്‍ സിബി മത്യൂസ് ചാനലിലിരുന്ന് പറയുന്നത് അങ്ങനെയൊന്നും നടന്നിട്ടില്ല എന്നാണ്. കൂടുതല്‍ കാര്യങ്ങള്‍ പുസ്തകം വായിച്ചിട്ട് പറയാം. നമ്പി നാരായണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com