കേരളത്തിന്റെ സമഗ്രവികസനത്തിന് സഹായ വാഗ്ദാനുമായി ചൈന; പ്രതിനിധി സംഘത്തെ അയക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍

കേരളത്തിന്റെ സമഗ്രവികസനത്തിന് സഹായ വാഗ്ദാനുമായി ചൈന; പ്രതിനിധി സംഘത്തെ അയക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂ കൂടിക്കാഴ്ച നടത്തി 

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹായ വാഗ്ദാനാവുമായി ചൈന. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക ധാരണയായത്.കൃഷി,ഭവന നിര്‍മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മാണം തുടങ്ങിയ രംഗങ്ങളുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചൈനീസ് പ്രതിനിധി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. 

ചൈനയും കേരളവും കൈകോര്‍ക്കുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരളത്തില്‍ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് വിടാനും ആലോചനയുണ്ട്. 

ഡീസല്‍ ഉപയോഗിച്ച് ഓടിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇലക്ട്രിക് ബസ്സുകളാക്കുക, ചൈന വികസിപ്പിച്ചെടുത്ത റബ്ബര്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ കേരളത്തില്‍ പ്രാവര്‍ത്തികമാക്കുക, കേരളത്തില്‍ വീടില്ലാത്ത അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീട് നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിക്ക് ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ സാധ്യതകളെ പ്പറ്റി മുഖ്യമന്ത്രി ചൈനീസ് അംബാസഡറുമായി സംസാരിച്ചു.

കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:

ഭവന നിര്‍മാണം, പൊതുഗതാഗത സംവിധാനം, തടയണ നിര്‍മാണം, കൃഷി എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാമെന്ന് ചൈനീസ് വാഗ്ദാനം ലഭിച്ചു. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ചാഹൂവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് പ്രാഥമിക ധാരണയായത്. ്യുവിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചൈനീസ് പ്രതിനിധി നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തും.

കേരളവുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണക്ക് അവസാന രൂപം നല്‍കുന്നതിന് ഇവിടെ നിന്ന് പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കണമെന്ന അംബാസഡറുടെ നിര്‍ദേശം സ്വീകരിച്ചു. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം ചൈനയിലേക്ക് പ്രതിനിധി സംഘം പോകും.

ഇപ്പോള്‍ ഡീസല്‍ ഉപയോഗിച്ച് ഓടിക്കുന്ന കെഎസ്ആര്‍സി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കാനുള്ള നിര്‍ദേശം ചൈനീസ് അംബാസഡറുടെ മുമ്പില്‍ വെച്ചു. കെഎസ്ആര്‍ടിസിയുടെ ആറായിരം ബസ്സുകളും ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെലവ് ഗണ്യമായി കുറയ്ക്കാന്‍ അതുവഴി കഴിയും.

റബ്ബര്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് കേരളത്തില്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും പറഞ്ഞു. ഇന്ത്യയുടെ റബ്ബര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നാണ്.

കേരളത്തില്‍ വീടില്ലാത്ത അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീട് നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണ രീതി ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. ഇക്കാര്യത്തില്‍ ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ട്. കൃഷി രീതികള്‍ നവീകരിക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ജൈവ കൃഷി രീതി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കാര്‍ഷിക മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയ ചൈനയുടെ വൈദഗ്ധ്യവും പരിചയവും കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലു മേഖലകളിലെയും സഹകരണത്തിന് ചൈനക്ക് സന്തോഷമാണെന്നും കേരള പ്രതിനിധി സംഘം ചൈന സന്ദര്‍ശിക്കുമ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും അംബാസഡര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com