സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല; മെട്രൊ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം മാറ്റി

സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന
സ്ഥലം എംഎല്‍എയെ ക്ഷണിച്ചില്ല; മെട്രൊ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം മാറ്റി

കൊച്ചി: കൊച്ചി മെട്രൊ സോളര്‍ പ്ലാന്റ് ഉദ്ഘാടനം മാറ്റിവച്ചു. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്നു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഉദ്ഘാടനം മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.

പാലാരിവട്ടം മുതല്‍ ആലുവ വരെ മെട്രൊ ട്രെയിനില്‍ സഞ്ചരിച്ച ശേഷം മുഖ്യമന്ത്രി ആലുവയില്‍ സോളാര്‍ പാനല്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി ആലുവ സ്റ്റേഷനില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനിടെയാണ് അന്‍വര്‍ സാദത്ത് എംഎല്‍എയെ ചടങ്ങിനു ക്ഷണിച്ചില്ലന്ന പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രി മെട്രോയില്‍ യാത്ര തുടങ്ങിയതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കാന്‍ തീരുമാനമായത്.

തന്നെ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്നും ഇതു പ്രോട്ടോക്കോള്‍ ലംഘനമാണെന്നും രാവിലെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് അന്‍വര്‍ സാദത്ത് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി കെഎംആര്‍എല്‍ അധികൃതരുമായി ബന്ധപ്പെട്ടു. പ്രോട്ടോകോള്‍ ലംഘനത്തോടെ പരിപാടി തുടര്‍ന്നു നടത്തുന്നതില്‍ മുഖ്യമന്ത്രി കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഇക്കാര്യത്തിലുള്ള അതൃപ്തി അദ്ദേഹം കെഎംആര്‍എല്‍ അധികൃതരെ അറിയിച്ചു. പിന്നീടാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കാന്‍ തീരൂമാനമായത്.

മെട്രൊ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം സംബന്ധിച്ച് നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കായി കാത്തിരിക്കാനാവില്ലെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി മട്രൊ ഉദഘാടനം ചെയ്യുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതാണ് വിവാദമായത്. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇടപെട്ട് വിവാദം തണുപ്പിക്കുകയായിരുന്നു. ഇതിനിടെ വീണ്ടും വിവാദം ഉയര്‍ന്നത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. മെട്രൊയുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ കല്ലുകടി ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com