പാതയോര മദ്യശാല: വിധി വളച്ചൊടിച്ചു, സര്‍ക്കാരിന്‌ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പാതകള്‍ ദേശീയപാത തന്നെയെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ബാറുകള്‍ തുറന്നതെന്ന് കോടതി
പാതയോര മദ്യശാല: വിധി വളച്ചൊടിച്ചു, സര്‍ക്കാരിന്‌ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പാതയോരത്തെ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബാറുകള്‍ തുറക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ചുമലില്‍ കയറി വെടിവയ്ക്കുകയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

കുറ്റിപ്പുറം - കണ്ണൂര്‍, ചേര്‍ത്തല - തിരുവനന്തപുരം പാതയോരത്തെ ബാറുകള്‍ തുറക്കാനാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. ഈ പാതകള്‍ ദേശീയപാതാ അതോറിറ്റി ഡീനോട്ടിഫൈ ചെയ്തതായി ബാറുടമകള്‍ ഹര്‍ജിക്കാര്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു കോടതിയുടെ വിധി. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ കോടതി ഉത്തരവിട്ടിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കാമെ്ന്നാണ് ഉത്തരവില്‍ പറഞ്ഞതെന്നും ഹൈക്കോടതി ചൂ്ണ്ടിക്കാട്ടി.

ഈ റോഡുകള്‍ ദേശീയപാത തന്നെയെന്ന് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിജ സ്ഥിതി അറിയാമെന്നിരിക്കെ കോടതിയുടെ ചുമലില്‍ കയറി വെടിവയ്ക്കുകാണ് സര്‍ക്കാര്‍ ചെയതതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇങ്ങനെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോടതിക്കു തിരിച്ചു വെടിവയ്ക്കാനറിയാമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. പാതകള്‍ ദേശീയപാത തന്നെയെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ബാറുകള്‍ തുറന്നതെന്ന് കോടതി ചോദിച്ചു.

ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. അപ്പീലില്‍ നാളെ വിധി പറയുമെന്നും അതുവരെ ബാറുകള്‍ തുറക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com