മദ്യശാലകള്‍ തുറന്നതില്‍ തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍

ദേശീയ പാതയില്‍ മദ്യശാലകള്‍ തുറന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍ - കണ്ണൂര്‍ - കുറ്റിപ്പുറം റോഡില്‍ തുറന്ന ബാറുകള്‍ പൂട്ടിയതായും സര്‍ക്കാര്‍
മദ്യശാലകള്‍ തുറന്നതില്‍ തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍

കൊച്ചി: ദേശീയ പാതയില്‍ മദ്യശാലകള്‍ തുറന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍. കണ്ണൂര്‍ - കുറ്റിപ്പുറം, തിരുവനന്തപുരം -ചേര്‍ത്തല പാതയോരങ്ങള്‍ ദേശീയ പാതതന്നെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന മദ്യശാലകള്‍ അടച്ചതായും സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാരിനെതിരെ ഇന്നും രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ദേശീയ പാതയോരങ്ങളില്‍ ഏതൊക്കെ ബാറുകളാണ് തുറന്നതെന്നും ബാറുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ നേരിട്ട് എത്തിക്കാനും ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന്‍മാര്‍ അടുത്തമാസം 14ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കി. അന്തിമ വിധി വരുന്നത് വരെ ഒരുബാറുകള്‍ക്കും അനുമതി നല്‍കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതി നല്‍കാന്‍ പറഞ്ഞിട്ടില്ലെന്നും കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുറന്ന മദ്യശാലകള്‍ ദേശീയ പാതയോരത്തെണെന്ന് സര്‍ക്കാരിനോ മന്ത്രിക്കോ ഉറപ്പുണ്ടെങ്കില്‍ പൂട്ടണമെന്നും നിര്‍ദേശിച്ചിരുന്നു.

കുറ്റിപ്പുറം ദേശീയപാതയില്‍ തുറന്ന മദ്യശാലകള്‍ പൂട്ടിയതായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍  കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും ഉത്തരവുകള്‍ പാലിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ മദ്യശാലകള്‍ തുറന്നത്. സുപ്രീംകോടതി ഉത്തരവു സംസ്ഥാന സര്‍ക്കാര്‍ മറികടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com