ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍, 474 ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കും

പാതയോര പരിധിയും മറ്റു നിയമക്കുരുക്കുകളും ഇല്ലാത്ത ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കുക
ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍, 474 ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ ആദ്യഘട്ടത്തില്‍ തുറക്കുക 129 ബാറുകള്‍. 60 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 69 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തുടക്കത്തില്‍ ലൈസന്‍സ് നല്‍കേണ്ടി വരുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രാഥമിക കണക്ക്. 23 പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് നിലവില്‍ ബാര്‍ ലൈസന്‍സ് ഉണ്ട്.

പാതയോര പരിധിയും മറ്റു നിയമക്കുരുക്കുകളും ഇല്ലാത്ത ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കുക. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവാരം മെച്ചപ്പെടുത്തുന്നതിന് നവീകരണം പൂര്‍ത്തയാക്കിയ കൂടുതല്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ടെങ്കിലും ഇവയില്‍ പലതും ദേശീയപാതാ പരിധിയില്‍ വരുന്നവയാണ്. 60 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 69 ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും തടസങ്ങളൊന്നുമില്ലാതെ ആദ്യ ഘട്ടത്തില്‍ തന്നെ ലൈസന്‍സ് നല്‍കാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

പാതയോര പരിധിയില്ലാത്ത നിരവധി ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ ബാര്‍ ലൈസന്‍സിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ടൂ സ്റ്റാര്‍ ഹോട്ടലുകളും പാതയോര പരിധിക്കു പുറത്താണെന്നാണ് കണക്കാക്കുന്നത്. ഇവ ത്രീ സ്റ്റാറിലേക്കു മാറുകയാണെങ്കില്‍ ബാര്‍ ലൈസന്‍സ് നല്‍കേണ്ട ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കും. ത്രീ സ്റ്റാറിലേക്കു മാറിയാല്‍ പുതിയ നയം അനുസരിച്ച് നിയമപരമായി തന്നെ ഇവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും.

പാതയോര പരിധിയില്‍ വരുന്ന ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അതേ താലൂക്കിലെ മറ്റു പ്രദേശത്ത് അനുമതി നല്‍കാന്‍ പുതിയ നയം നിര്‍ദേശിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിനു മുമ്പു പ്രവര്‍ത്തിച്ചിരുന്ന ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സാണ് ഇത്തരത്തില്‍ മാറ്റിനല്‍കുക. ഇവ എത്രയെണ്ണം ഉണ്ടാവുമെന്ന പ്രാഥമിക കണക്ക് എക്‌സൈസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 815 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ 474  എണ്ണമാണ് പാതയോര പരിധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയത്. എതിര്‍പ്പില്ലാതെ പുതിയ സ്ഥലം കണ്ടെത്തുന്നതിന് അനുസരിച്ചാവും ഇവയ്ക്ക് ലൈസന്‍സ് നല്‍കുക. 

വിമാനത്താവളങ്ങളുടെ ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യാക്കും. ഇപ്പോള്‍ രാജ്യാന്തര ലോഞ്ചുകളില്‍ മാത്രാണ് മദ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com