കുതിക്കുന്നതിന് മുന്‍പ് കൊച്ചി മെട്രോയെ കുറിച്ച് ചിലത് അറിയേണ്ടതുണ്ട്‌

കൊച്ചി മെട്രോയില്‍ കുതിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മെട്രോയെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം,അറിയേണ്ട ചിലത്‌...
കുതിക്കുന്നതിന് മുന്‍പ് കൊച്ചി മെട്രോയെ കുറിച്ച് ചിലത് അറിയേണ്ടതുണ്ട്‌

നാല് വര്‍ഷമായി കൊച്ചിക്കാരുടെ യാത്ര കുറച്ച് പതിയെ ആണ്. കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിച്ചതോടെ ആലുവ മുതല്‍ പേട്ട വരെ നീണ്ടുകിടന്ന യാത്ര ദുരിതം ചില്ലറയൊന്നുമല്ല കൊച്ചിക്കാരെ വലച്ചത്. വണ്ടികള്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയതോടെ, കുറച്ചൊന്നു ക്ഷമിക്കു, കുതിക്കാന്‍ വേണ്ടിയല്ലേ എന്ന് പറഞ്ഞ് യാത്രക്കാരെ ആശ്വസിപ്പിക്കുന്ന കെഎംആര്‍എല്ലിന്റെ ഫ്‌ലക്‌സുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടു. 

നോര്‍ത്ത്, പച്ചാളം മേല്‍പ്പാലങ്ങളും, ഇടപ്പള്ളി ഫ്‌ലൈ ഓവറും വന്നതോടെ മണിക്കൂറുകളോളും കൊച്ചിയെ വലച്ചിരുന്ന ബ്ലോക്കുകള്‍ അയയാന്‍ തുടങ്ങി. ജൂണ്‍ 17ന് കേരളത്തിന്റെ തന്റെ സ്വപ്‌നമായ മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ കുതിക്കാന്‍ തയ്യാറെടുക്കുകയാണ് കൊച്ചി. 

2002 മുതല്‍ കൊച്ചി മെട്രോ വാര്‍ത്തകളിലുണ്ട്. 2008ല്‍ വിഎസ് സര്‍ക്കാര്‍ കൊച്ചി മെട്രോ പ്രൊജക്ടിന് അനുമതി നല്‍കിയതോടെ മെട്രൊ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകള്‍ കൊച്ചികാരില്‍ ശക്തമായി. പിന്നീടങ്ങോട്ട് വിവാദങ്ങളും, സവീശേഷതകളും തുടങ്ങി മെട്രോയുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു. 

കൊച്ചി മെട്രോയില്‍ കുതിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മെട്രോയെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം,അറിയേണ്ട ചിലത്‌...

യാത്രയ്ക്കായി കൊച്ചി വണ്‍ കാര്‍ഡ് 

എടിഎം കാര്‍ഡിനോട് സമാനമായി ഒരു സ്മാര്‍ട്ട് കാര്‍ഡ് തന്നെയാണ് കെഎംആര്‍എല്‍ മെട്രോ റെയിലിലെ യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. മെട്രോയിലൂടെയുള്ള യാത്രയ്ക്ക് മാത്രമല്ല, സിനിമ കാണാനും, ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനും തുടങ്ങി              ബസിലും ബോട്ടിലുമെല്ലാം യാത്ര ചെയ്യാന്‍ ഈ കൊച്ചി വണ്‍ കാര്‍ഡ് മതിയാകും. 

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാം. ഇതുപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

മൂന്ന് തരം ടിക്കറ്റുകള്‍

മൂന്ന് തരം ടിക്കറ്റുകളാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. 

ക്യൂആര്‍ ടിക്കറ്റ്- ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഓരോ യാത്രയ്ക്കുമായി പ്രിന്റ് ചെയ്ത് കൊടുക്കുന്നതാണ് ക്യൂആര്‍ കോഡ് ടിക്കറ്റ്. കൊച്ചി മെട്രോയാണ് രാജ്യത്തെ മെട്രോ സ്‌റ്റേഷനുകളില്‍ ആദ്യമായി ക്യൂആര്‍ കോഡ് ടിക്കറ്റുകള്‍ നല്‍കുന്നത്. 
 
എടിഎമ്മം കാര്‍ഡിന്റെ രൂപത്തിലുള്ള വണ്‍ കാര്‍ഡാണ് രണ്ടാമത്തേത്. 

ആര്‍എഫ്‌ഐഡി കാര്‍ഡ്- ഒന്നിലധികം യാത്രകള്‍ക്കായി യാത്രക്കാര്‍ക്ക് ആര്‍എഫ്‌ഐഡി കാര്‍ഡ് ഉപയോഗിക്കാനാകും. 


കൊച്ചി വണ്‍ ആപ്ലിക്കേഷന്‍ 

മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും, ട്രെയിനിന്റെ സമയം അറിയാനുമാകും. 

മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സ്‌റ്റേഷനില്‍ നിന്നും തുടര്‍ യാത്രയ്ക്കുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ആപ്ലിക്കേഷന്‍ സഹായിക്കും.

ഇതുകൂടാതെ, സ്റ്റേഷനോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഓഫറുകളും കൊച്ചി വണ്‍ ആപ്ലിക്കേഷന്‍ നല്‍കും.

കാഴ്ചയില്ലാത്തവര്‍ക്കായി ടാക് ടെയില്‍ പാത

കാഴ്ച ശക്തിയില്ലാത്തവരെ സഹായിക്കുന്നതിനായി ടാക് ടൈല്‍ എന്ന പ്രത്യേക ഇനം ടൈലാണ് സ്റ്റേഷനുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിങ്ങിലെ വ്യത്യാസത്തോടെ കാലുകള്‍ കൊണ്ടോ, സ്റ്റിക്കു കൊണ്ടോ പരതി മനസിലാക്കി ലക്ഷ്യ സ്ഥാനത്ത് എത്താനാകും. 

വാതിലിന് ഇടയില്‍ പെടുമോയെന്ന പേടി വേണ്ട

സ്വയം അടയുകയും തുറയ്ക്കുകയും ചെയ്യുന്ന വാതിലുകളാണ് മെട്രോയിലേത്. എന്നാല്‍ വാതിലിന് ഇടയില്‍ കുടുങ്ങുമോ എന്ന പേടി ആര്‍ക്കും വേണ്ട. എന്നാല്‍ ഡോര്‍ ഒബ്‌സ്റ്റക്കിള്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിലൂടെ വാതിലിന് ഇടയില്‍ എന്തെങ്കിലും തടസമുണ്ടെങ്കില്‍ അത് വാതിലടയുന്നത് തടയും. മൂന്ന് തവണ പതിയെ അടയാന്‍ ശ്രമിക്കും.

തടസം മാറി പൂര്‍ണമായും തുറന്നാല്‍ പിന്നെ വാതില്‍ തനിയെ അടയില്ല. യാത്രക്കാര്‍ക്ക് അടയ്ക്കാനും സാധിക്കില്ല. പിന്നെ ഈ വാതില്‍ അടയ്ക്കണമെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ തന്നെ വിചാരിക്കണം. 

സ്ത്രീകള്‍ക്കായി പ്രത്യേകം സീറ്റില്ല

കേരളത്തിന്റെ പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യുന്നുണ്ടെങ്കിലും മെട്രോയില്‍ അതുണ്ടാകില്ല. ഭിന്നശേഷിക്കാര്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രം വേണ്ടിയാണ് മെട്രോയിലെ സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. 

സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ക്ക് പച്ച നിറമാണ് നല്‍കിയിരിക്കുന്നത്. മറ്റ് സീറ്റുകള്‍ക്കാകട്ടെ ഇളം നീല നിറവും. 

ലോങ് പ്രസ് ബട്ടണുകള്‍

ഭിന്നശേഷിയുള്ളവര്‍ക്കും, വീല്‍ച്ചെയറില്‍ എത്തുന്നവര്‍ക്കും സഹായമാകുന്നതിനാണ് ലോങ് പ്രസ് ബട്ടനുകള്‍. ട്രെയിന്‍ ഓപ്പറേറ്ററുടെ ക്യാബിന്റെ തൊട്ടുപിന്നിലുള്ള കാറിലാണ് ഇവര്‍ക്കായുള്ള സംവരണ സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ലോങ് പ്രസ് ബട്ടന്‍ അമര്‍ത്തിയാല്‍ ട്രെയിനിന്റെ വാതില്‍ കൂടുതല്‍ സമയം തുറന്നിരിക്കും. ഇതുകൂടാതെ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ഇവരെ സഹായിക്കാനുമെത്തും. 

ഇന്റര്‍കോം- ഭീന്നശേഷിക്കാര്‍ക്കും ശാരീരിക വൈകല്യം ഉള്ളവര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയാണെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാരെ ബന്ധപ്പെടാനുള്ളതാണ് ഇന്റര്‍കോമുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com