ഫസല്‍ വധം: സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; ഫോണ്‍ സംഭാഷണം തന്റേതല്ല; മൊഴി പോലീസ് പീഡിപ്പിച്ച് പറയിപ്പിച്ചത്: സുബീഷ്

സുബീഷ് കുറ്റസമ്മതം നടത്തുന്നത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഫസല്‍ വധം: സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; ഫോണ്‍ സംഭാഷണം തന്റേതല്ല; മൊഴി പോലീസ് പീഡിപ്പിച്ച് പറയിപ്പിച്ചത്: സുബീഷ്

കോഴിക്കോട്:എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി ഫസലിന്റെ സഹോദരന്‍ കോടതിയില്‍ സുബീഷിന്റെ ഫോണ്‍സംഭാഷണം നല്‍കി. നേരത്തെ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുബീഷ് കുറ്റസമ്മതം നടത്തുന്നത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫോണ്‍സംഭാഷണംകൂടി സമര്‍പ്പിച്ചത്.

എന്നാല്‍ ഫോണ്‍സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്നും പോലീസിന് നല്‍കിയ മൊഴി ജീവന് അപായം സംഭവിക്കും എന്ന അവസ്ഥയിലായിരുന്നതിനാലാ ണെന്നും സുബീഷ് പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫോണില്‍ സുബീഷ് പറയുന്നതിങ്ങനെ:

''പണ്ട് നമ്മള് ഒരാളെ കൊന്നിട്ടില്ലേ... മാടപ്പീടികയിലെ കള്ളുഷാപ്പിനടുത്തുനിന്ന്
വെട്ടി ഇവനെ. വണ്ടി ഇണ്ടായിരുന്നു. ഞാന്‍ സിനോജിനോട് പറഞ്ഞിരുന്നു, പിന്നിലേപോയി ഇവനെ കിട്ടിക്കഴിഞ്ഞാല്‍ ഒന്നും നോക്കേണ്ട. എന്ത് പ്രശ്‌നായാലും നോക്കണ്ടാ. അതൊന്നും പ്രശ്‌നമാവൂല്ല. ഞാനേറ്റെടുത്തോളുംന്ന്. നാലാളും ഒരു ബൈക്കില്‍ കയറി. എന്റെ കൈയ്യിലാണെങ്കില്‍ രണ്ട് കൊടുവാളുണ്ടായിരുന്നു അന്നേരം.
ഞാന്‍ ബാക്കിലിരുന്നു. ഷിനോജ് ഓടിക്കുന്നത്. ഞങ്ങള്‍ അട്ടിക്കിട്ട്(ബൈക്കില്‍ മൂന്നോ നാലോ ആളുണ്ടെന്നര്‍ത്ഥം) വിട്ടു. ഇവന്‍ സൈക്കിള് അടിച്ചുപോകുന്നുണ്ട്(സ്പീഡില്‍ പോകുന്നുണ്ട്). കുറച്ച് അങ്ങോട്ട് എത്തുമ്പോളാണ് ഇവനെ കിട്ടിയത്. ഇവന്റെ വണ്ടീന്റെ(സൈക്കിളിന്റെ) മുന്നില്‍ കേറ്റി. അപ്പോഴേക്ക് ഞാന്‍ ബാക്കില്‍നിന്ന് ഞാന്‍ തുള്ളി(ചാടി).
ഭയങ്കര ആളാണോന്‍. ചവിട്ട് എന്നൊക്കെ പറഞ്ഞാല്‍... ഓന്റെ കാല് വരുന്നത് കാണണം. തുള്ളിയ അപ്പോത്തന്നെ ഇവന്‍ സൈക്കിളവിടെ ഇട്ട് പായാന്‍(ഓടോന്‍) തുടങ്ങി. പാഞ്ഞു. പാഞ്ഞുപിടിച്ച് ഇവനെ. അപ്പോഴേക്ക് വലിയൊരു വീടിന്റെ ഗെയിറ്റുണ്ടല്ലോ അതിലു പിടിച്ച് ചാടാന്‍ നോക്കേന്ന്. അപ്പോഴേക്കും സംഭവം കഴിഞ്ഞു. ഗേറ്റില്‍ ഇവന്‍ പിടിച്ച പിടുത്തം തന്നെ. ഗെയിറ്റിലിങ്ങനെ പിടിച്ചിട്ട് അതേ പിടുത്തത്തോടെത്തന്നെയാ. അങ്ങനെത്തന്നെ വീണു.
അപ്പോഴേക്ക് പ്രമീഷിന്റെ കൈയ്യില് ഒരു കൊടുവാളുണ്ടായിരുന്നു. അത് വളഞ്ഞുപോയിരിന്നു. അതിനെക്കൊണ്ട് ഒറു കൊത്ത് കിട്ടിയെന്നാ തോന്നുന്നത്.
ആകപ്പാടെ ബേജാറിലല്ലേ.. നമ്മളിങ്ങനെ വിചാരിച്ച പരിപാടിയല്ലല്ലോ ഇത്. ഇവന്‍ പിടിച്ചപിടുത്തത്തില്‍ വീണു. വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ടുപോയി. പിന്നീം ഡൗട്ടായി ഞാന്‍ പിന്നെയും തിരിച്ചുപോയി. പിന്നീം തലയ്ക്ക് ഒരു കൊത്തുകൂടി കിട്ടി.
അപ്പോത്തന്നെ സ്റ്റാര്‍ട്ടാക്കി നേരെ വിടുന്നത് തിലകേട്ടന്റെ അടുത്തേക്കാ. അപ്പോഴേക്ക് കേസ് തിരിഞ്ഞ് ഓരുടെ പെരടിക്കായി(സിപിഎമ്മിന്റെ മേലേ കേസായി). അങ്ങനെ സംഘടനക്ക് ആത്മവിശ്വാസംകൂടി. സംഘടന പറഞ്ഞു നിങ്ങള്‍ക്കീ സംഭവവുമായിട്ട് ബന്ധമൊന്നുമില്ല.''

ഫോണിന്റെ മറുതലയ്ക്കല്‍ ആരാണെന്ന് വ്യക്തമല്ല.

സുബീഷിന്റെ പത്രസമ്മേളനത്തില്‍നിന്ന്:

''ഏതു രീതിയിലുള്ള അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്. എന്നെ മോഹനന്‍ വധക്കേസിലാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അങ്ങോട്ട് ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിനുശേഷം പോലീസ് പറഞ്ഞ പ്രകാരം പറയാന്‍ പാകത്തില്‍ എന്നെ അവശനാക്കിയിരുന്നു. ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് സ്വസ്ഥമായി ജീവിക്കാനുള്ള അവസരവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 
മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രാത്രി എന്നെ കൊണ്ടുപോയപ്പോള്‍ മര്‍ദ്ദിച്ച കാര്യം ഞാന്‍ പറഞ്ഞിരുന്നു. കൂത്തുപറമ്പ് കോടതിയിലും ഞാന്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പ് ഡിവൈഎസ്പി ഓഫീസില്‍ വച്ച് ഡിവൈഎസ്പിമാരായിരുന്നു ചോദ്യം ചെയ്തത്. ചുറ്റും പോലീസുകാര്‍ നിന്ന് അവര്‍ പറയുന്നത് കേട്ടാണ് ഞാന്‍ പറഞ്ഞത്. എന്റെ ജീവന്‍ അപായപ്പെടും എന്ന അവസ്ഥയിലായതുകൊണ്ടാണ് പോലീസ് പറഞ്ഞതുപോലെ പറഞ്ഞത്.

ഫോണ്‍സംഭാഷണം എന്റേതല്ല; എനിക്കറിയുകയുമില്ല.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com