യുഡിഎഫിന് ഭരണം പോവാന്‍ കാരണം മദ്യനയം, ഷിബു ബേബി ജോണിനു പിന്തുണയുമായി മുരളീധരന്‍

യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. അതുകൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് യുഡിഎഫ് എത്തിയതെന്ന് കെ മുരളീധരന്‍
യുഡിഎഫിന് ഭരണം പോവാന്‍ കാരണം മദ്യനയം, ഷിബു ബേബി ജോണിനു പിന്തുണയുമായി മുരളീധരന്‍

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ മദ്യനയത്തെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇടതു മുന്നണി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ അനുകൂലിച്ച ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ അഭിപ്രായത്തോടെ മുരളീധരന്‍ യോജിപ്പു പ്രകടിപ്പിച്ചു. 

യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. അതുകൊണ്ടാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് യുഡിഎഫ് എത്തിയതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. അതേസമയം എല്‍ഡിഎഫിന്റെ മദ്യനയത്തിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യുഡിഎഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും മുരളീധരന്‍ വിശദമാക്കി.

ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു പിന്നാലെ നയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടത് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്നായിരുന്നു ഷിബു ബേബി ജോണ്‍ കുറിച്ചത്. അതേസമയം ഷിബുവിന്റെ അഭിപ്രായത്തെ തള്ളി ആര്‍എസ്പി രംഗത്തുവന്നു.

മദ്യനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേരുന്നതിനു മുമ്പായിരുന്നു ഷിബുബേബി ജോണിന്റെ അഭിപ്രായ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com