വെമുല, ജെഎന്‍യു, കശ്മീര്‍ ഡോക്യുമെന്ററികള്‍ക്ക്  വിലക്ക്; സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്
വെമുല, ജെഎന്‍യു, കശ്മീര്‍ ഡോക്യുമെന്ററികള്‍ക്ക്  വിലക്ക്; സാംസ്‌കാരിക അടിയന്തരാവസ്ഥയെന്ന് കമല്‍

തിരുവനന്തപുരം: സംസ്ഥാന ചലിച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മൂന്നു ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.


കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രലായമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചത്. ഹൈദരാബാദ് സര്‍വകലാശലയില്‍ ജാതി പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ കുറിച്ചുള്ള 'ദ അണ്‍ബെയറബിള്‍ ബിയിംഗ് ഓഫ് ലൈറ്റനെസ്' (സംവിധാനം  പിഎന്‍ രാമചന്ദ്ര), കശ്മീര്‍ വിഷയം പ്രതിപാദിക്കുന്ന 'ഇന്‍ ദ ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍' (സംവിധാനം എന്‍സി ഫാസില്‍, ഷോണ്‍ സെബാസ്റ്റ്യന്‍), ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച് (സംവിധാനം കാത്തു ലൂക്കോസ്) എന്നീ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. മൂന്നും മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.


ഈ മൂന്നു ചിത്രങ്ങള്‍ക്കും അനുമതി നിഷേധിക്കപ്പെട്ടതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. വിവാദ വിഷയങ്ങളിലെ ഡോക്യുമെന്ററികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് കമല്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com