കേരളം അംഗപരിമിത സൗഹൃദസംസ്ഥാനമാക്കി മാറ്റും പിണറായി വിജയന്‍

വൈകല്യങ്ങള്‍ പ്രതിരോധിക്കുന്നത് മുതല്‍ സുസ്ഥിരമായ പുനഃരധിവാസം വരെയുള്‍പ്പെടുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് അനുയാത്രയില്‍ വിഭാവനം ചെയ്തിരിക്കുന്നത്
കേരളം അംഗപരിമിത സൗഹൃദസംസ്ഥാനമാക്കി മാറ്റും പിണറായി വിജയന്‍

തിരുവനന്തപുരം:  അംഗപരിമിതരെ സ്വാശ്രയത്വത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി വിജയന്‍. കേരളത്തെ അംഗപരിമിത സൗഹൃദസംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന 'അനുയാത്ര' പദ്ധതിയുടെ ഉദാഘാടനം ഉപാരാഷ്ട്രപതി  മുഹമ്മദ് ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ, കുടുംബക്ഷേമ,സാമൂഹ്യനീതി വകുപ്പുകള്‍ക്കു വേണ്ടി സാമൂഹ്യ സുരക്ഷാമിഷനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്കായി സ്‌റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബലിറ്റീസിന്റെ ബജറ്റില്‍ നിന്നും മുപ്പത്തിയൊന്ന് കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇരുപത്തിരണ്ട് അനുബന്ധ പദ്ധതികളടങ്ങിയതാണ് 'അനുയാത്ര' പദ്ധതി. അംഗപരിമിതരുടെ അവകാശങ്ങളില്‍ അധിഷ്ഠിതമായ സമഗ്ര ജീവിതചക്ര സമീപനമാണ് ഈ പദ്ധതിയില്‍ സ്വീകരിച്ചിട്ടുളളത്. വൈകല്യങ്ങള്‍ പ്രതിരോധിക്കുന്നത് മുതല്‍ സുസ്ഥിരമായ പുനഃരധിവാസം വരെയുള്‍പ്പെടുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് അനുയാത്രയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന ഈ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലേക്കും തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

നവജാതശിശുക്കളെ സമഗ്രമായ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നതിനും ബുദ്ധിപരവും വളര്‍ച്ചാപരവുമായ വെല്ലുവിളികള്‍ നേരത്തെ തന്നെ കണ്ടെത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അതിനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി ശിശുരോഗവിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനപരിപാടികള്‍ നല്‍കും. ഇതിന് അനുബന്ധമായി മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആയിരം പേര്‍ക്ക് ഒന്ന് എന്ന തോതില്‍ മാതൃകാ ശിശു പുനഃരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കും. പട്ടികവര്‍ഗ, പട്ടികജാതി സങ്കേതങ്ങള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കും.
അട്ടപ്പാടിയില്‍ ഈ വര്‍ഷം തന്നെ ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 

അങ്കണവാടി തലത്തില്‍ തന്നെ ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ പരിചരണങ്ങള്‍ നല്‍കുന്നതിന് സ്‌പെഷ്യല്‍ അങ്കണവാടികള്‍ ആരംഭിക്കും.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അംഗപരിമിതരെ 'സ്വാവലംബന്‍' ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അവരുടെ ഗുണഭോക്തൃ വിഹിതത്തിന്റെ തുക സര്‍ക്കാര്‍ വഹിക്കും. അര്‍ഹരായ എല്ലാ അംഗപരിമിതര്‍ക്കും യുഡിഐഡി കാര്‍ഡ്, വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ എന്നിവയും ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com