ഐസ്‌ക്രീം കേസിലെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി അജിത; കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വരെ പ്രതിയാക്കാന്‍ ശ്രമം നടന്നു

എന്നേയും വര്‍ഷങ്ങളോളം ജയിലിലടക്കാനുള്ള ഭരണകൂട ഗൂഢാലോചന അക്കാലത്തു നടന്നിരുന്നുവെന്നു സംശയിക്കത്തക്കവിധത്തില്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയാക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു
ഐസ്‌ക്രീം കേസിലെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി അജിത; കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വരെ പ്രതിയാക്കാന്‍ ശ്രമം നടന്നു

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തന്നെ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായി എന്ന് കെ. അജിത. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന സമകാലിക മലയാളം വാരികയിലുള്ള ആത്മകഥയിലാണ് അജിതയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ കൊച്ചുമകളും ഗായകന്‍ നജ്മല്‍ ബാബുവിന്റ മകളുമായ സുനൈനയുടെ ദുരൂഹ മരണത്തിന് വിവാദ ഐസ്‌ക്രീം പാര്‍ലറുമായുള്ള ബന്ധവും അജിത ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്. 
കോയമ്പത്തൂര്‍ കേസില്‍ തന്നെ കുടുക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് അജിത ഇങ്ങനെ മനസ്സു തുറക്കുന്നു:

"ഒരു ദിവസം സമരസമിതി യോഗം നടക്കുന്നതിനിടയ്ക്ക് സമതിയിലെ ഒരു പി.ഡി.പി. അംഗം എന്നോട് അവരുടെ നേതാവ് മദനിക്ക് എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഈ കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു വളരെയേറെ താല്‍പ്പര്യമുണ്ടെന്നും കേരളം മുഴുവനും തങ്ങളുടെ പൊതുയോഗങ്ങളില്‍ ഈ കേസിലെ പ്രമുഖരായ കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രസംഗിക്കുന്നുണ്ടെന്നും മറ്റും ആ വ്യക്തി പറയുകയുണ്ടായി. അതുപ്രകാരം സമരസമിതി പ്രതിനിധിയായ 'ഗ്രോ' യൂണിയന്‍ നേതാവ് വാസു ഏട്ടനോടൊപ്പം ഞങ്ങള്‍ മദനിയെ പോയിക്കണ്ടു. വാസു ഏട്ടനും ഞാനും അമ്മുഏടത്തിയും ജമീലയും ഒന്നിച്ച് മദനിയെ കാണാന്‍ പോയി. ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ച മദനി ഈ സമരം തങ്ങളുടെ പാര്‍ട്ടി ഏറ്റെടുക്കാമെന്നും കേരളം മുഴുവനും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാമെന്നും മറ്റും ആവേശത്തോടെ പറഞ്ഞു. പി.ഡി.പി. ഒറ്റയ്ക്ക് ഈ സമരം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്കു സമരസമിതിയില്‍ ആലോചിക്കണമെന്ന മറുപടിയാണ് ഞങ്ങള്‍ നല്‍കിയത്. 
പിന്നീട് സമരസമിതിയില്‍ ഈ അഭിപ്രായം ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമിതി അതു തള്ളിക്കളയുകയും ചെയ്തു. പിന്നീടൊരിക്കല്‍, മദനി വീണ്ടും കോഴിക്കോട് വന്നപ്പോള്‍ ഈ വിവരം അറിയിക്കാന്‍ ഞാനും അമ്മുഏടത്തിയും പോയി. ആദ്യത്തെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നിന്നിരുന്നുവെങ്കില്‍ രണ്ടാമത്തേത് വെറും പത്തുമിനിറ്റു മാത്രമാണ് നിന്നത്.
ഇതൊരു മഹാസംഭവമായി, ഞാന്‍ രാജ്യദ്രോഹിയും തീവ്രവാദിയുമാണെന്ന് ഉയര്‍ത്തിക്കാട്ടാന്‍ പോന്ന ഒരു തെളിവായി പിന്നീട് സുപ്രീംകോടതിയില്‍പോലും അവതരിപ്പിക്കപ്പെട്ടു എന്നതാണ് ചരിത്രം. കാരണം, ഇതിനിടയ്‌ക്കെപ്പോഴോ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനമുണ്ടായി. മദനിയും മറ്റു പലരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായി. ഐസ്‌ക്രീം കേസില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശക്തമായി നീങ്ങിക്കൊണ്ടിരുന്ന അന്വേഷിയെ ഒതുക്കാന്‍ എന്നേയും ഇപ്രകാരം വര്‍ഷങ്ങളോളം ജയിലിലടക്കാനുള്ള ഭരണകൂട ഗൂഢാലോചന അക്കാലത്തു നടന്നിരുന്നുവെന്നു സംശയിക്കത്തക്കവിധത്തില്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ എന്നേയും പ്രതിയാക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു.'

ഗായകന്‍ നജ്മല്‍ ബാബുവിന്റെ മകളുടെ മരണത്തെക്കുറിച്ച് അജിത ആത്മകഥയില്‍ പറയുന്നു:

'സുനൈനയും നിബാനയും നടക്കാവിലെ ഇംഗ്‌ളീഷ് പള്ളിക്കടുത്തുള്ള എം.ഇ.എസ് വിമന്‍സ് കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചവരായിരുന്നു. ഇതില്‍ സുനൈന കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന പ്രശസ്ത ഗായകന്റെ മകന്‍ നജ്മല്‍ ബാബുവിന്റേയും ഭാര്യ സുബൈദയുടേയും മകളായിരുന്നു. കോഴിക്കോട്ടുകാര്‍ക്കു പരിചിതരായ ഈ കുടുംബവുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. നജ്മല്‍ ബാബുവും സുബൈദയും ഞങ്ങളോടു മനസ്സു തുറന്നു. തങ്ങളുടെ ഒരേയൊരു മകളായിരുന്നു സുനൈനയെന്നും അത്രമാത്രം ഓമനിച്ചാണ് അവളെ വളര്‍ത്തിയതെന്നും ആ മകളുടെ ആത്മഹത്യ തങ്ങളെ മാനസികമായി ഏറെ തളര്‍ത്തിയെന്നും അവര്‍ പറഞ്ഞു. സുനൈനയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവത്രെ. മകള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിനു തങ്ങള്‍ ഒരിക്കലും തയ്യാറാവില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ മനസ്സ് തുറന്നു പറയാന്‍ സുനൈനയ്ക്ക് തങ്ങള്‍ എല്ലാ സ്വാതന്ത്ര്യവും കൊടുത്തിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. പയ്യനെ മകള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും സുനൈനയുടെ പ്രീഡിഗ്രി കോഴ്‌സ് കഴിഞ്ഞിട്ടു കല്യാണം നടത്താമെന്നായിരുന്നുവത്രെ തീരുമാനം.


'മകളുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അനുശോചനമറിയിക്കാന്‍ അവളുടെ ക്‌ളാസിലെ കുറേ സഹപാഠികളും ടീച്ചര്‍മാരുമൊക്കെ വീട്ടില്‍ വന്നിരുന്നുവെന്നും ഏതോ ഐസ്‌ക്രീം പാര്‍ലറില്‍ സുനൈനയും നിബാനയും മറ്റും പോവാറുണ്ടായിരുന്നുവെന്നും അവിടെനിന്ന് എടുത്ത ചില ഫോട്ടോകളാണ് ഈ കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചതെന്നും മറ്റും ചില കൂട്ടകാരികള്‍ അവിടെനിന്നു പറഞ്ഞിരുന്നുവെന്നും സുബൈദ ഞങ്ങളോടു പറഞ്ഞു. കൂടുതല്‍ വിശദമായി സംസാരിച്ചപ്പോള്‍ ശ്രീദേവിയെ ചുറ്റിപ്പറ്റിയുള്ള തങ്ങളുടെ അനുഭവം പുതിയതല്ലെന്നും അവര്‍ പറഞ്ഞു. അവരുടെ വിവാഹദിവസം ശ്രീദേവിയും  കുറച്ചാളുകളും വിവാഹപ്പന്തലില്‍ വന്നു പ്രശ്‌നമുണ്ടാക്കിയിരുന്നുവത്രെ. നേരത്തെ ശ്രീദേവിയും നജ്മല്‍ ബാബുവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും തന്നെ ചതിച്ചതിന്റെ പേരില്‍ ഈ വിവാഹം തടയാനുദ്ദേശിച്ചുകൊണ്ടാണ് അവര്‍ വന്നതെന്നും സുബൈദ പറഞ്ഞു. തന്നെ കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കാന്‍ ഞാനൊരിക്കലും അനുവദിക്കില്ല എന്നു മുറവിളികൂട്ടിക്കൊണ്ടാണ് ശ്രീദേവി അന്നു കല്യാണപ്പന്തലില്‍നിന്നു മടങ്ങിയതത്രെ. തുടര്‍ന്ന് ശ്രീദേവി നജ്മല്‍ ബാബുവിന് ഒരു കത്തയച്ചിരുന്നു.

ബാബുവിന്റെ കുടുംബത്തെ ഒന്നടങ്കം ജീവിക്കാനനുവദിക്കില്ലെന്നായിരുന്നു അതിന്റെ ധ്വനി. ആ കത്ത് കിട്ടിയശേഷം സുബൈദയ്ക്കു മകളെ കോഴിക്കോട്ടുള്ള വീട്ടില്‍ വളര്‍ത്താന്‍ ഭയം തോന്നിയതിനാല്‍ മലപ്പുറത്തുള്ള സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും അടുത്തുനിര്‍ത്തിയാണ് സുനൈനയെ സ്‌കൂളിലയച്ചതും മറ്റും. ഏഴാം ക്‌ളാസുവരെ സുനൈന അവിടെയായിരുന്നുവെന്നും അവള്‍ വലുതായപ്പോള്‍ ഇനി മകളെ തന്റെ അടുത്തുതന്നെ നിര്‍ത്തണമെന്നു തീരുമാനിച്ചുവെന്നും അവര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ ക്‌ളാസുകള്‍ക്ക് സുനൈനയെ ബി.ഇ.എം ഗേള്‍സ് ഹൈസ്‌കൂളില്‍ ചേര്‍ത്തു പ്രീഡിഗ്രിക്ക് എം.ഇ.എസ്സിലും ചേര്‍ത്തു. സുനൈന നല്ല ഗായികയായിരുന്നു. നജ്മല്‍ ബാബുവിനോടൊപ്പം ഗാനമേളകളില്‍ പലപ്പോഴും അവള്‍ പാടിയിട്ടുണ്ടത്രെ.'


'സുനൈനയെ ലക്ഷ്യംവച്ചുള്ള ശ്രീദേവിയുടെ ശ്രമങ്ങള്‍ അവളേയും കൂട്ടുകാരികളെയും അവസാനം ആ ഐസ്‌ക്രീം പാര്‍ലറില്‍ എത്തിച്ചുവെന്നും ജ്യൂസിലോ മറ്റോ മയക്കുമരുന്നിട്ടു കുട്ടികളെ മയക്കിക്കിടത്തിയശേഷം അവരുടെ നഗ്നഫോട്ടോകള്‍ എടുത്തുവെന്നും ആ ഫോട്ടോകള്‍ കാണിച്ച് അവരെ ശ്രീദേവി പലപ്പോഴും ഭീഷണിപ്പെടുത്തിയെന്നുമൊക്കെയായിരുന്നു പത്രവാര്‍ത്തകള്‍. ഇതെല്ലാം നടന്ന കാര്യങ്ങളാണോ കേട്ടുകേള്‍വികളാണോ എന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഇതിന്റെ സത്യാവസ്ഥ  തെളിയിക്കപ്പെടാന്‍ പൊലീസിനെ സമീപിക്കാമെന്നും അന്വേഷി ഒപ്പമുണ്ടാവുമെന്നും ഞങ്ങള്‍ നജ്മല്‍ ബാബുവിനോടും സുബൈദയോടും പറഞ്ഞു. പൊലീസ് കമ്മിഷണര്‍ നീരാറാവത്തിനെപ്പറ്റി പൊതുജനങ്ങളുടെ ഇടയില്‍ ആ കാലത്ത് വലിയ മതിപ്പായിരുന്നു. കമ്മിഷണറെ സമീപിക്കാന്‍ അവര്‍ തയ്യാറായി.'


'അങ്ങനെ ഒരു ദിവസം ഞങ്ങള്‍ രണ്ടു പേരേയും കൂട്ടി കമ്മിഷണറുടെ അടുത്തുപോയി. കമ്മിഷണര്‍ അപ്പോള്‍ത്തന്നെ ഐ.ജി. ജേക്കബ് പുന്നൂസിന്റെ അടുത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോവുകയും രണ്ടു പേരേയും വിശദമായി കേട്ടശേഷം ഐ.ജി. ഇവരെ മൊഴിയെടുക്കാന്‍ കമ്മിഷണറെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നുതന്നെ ഐ.ജി.ഓഫീസില്‍ നീരാ റാവത്തിന്റെ സാന്നിദ്ധ്യത്തില്‍ അവരുടെ മൊഴി എടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അത് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ആ ചുമതല ഏല്‍പ്പിച്ചത് അന്നത്തെ ടൗണ്‍ സി.ഐ. എ.വി. ജോര്‍ജ്ജിനെയായിരുന്നു. പക്ഷേ, കുറച്ചു നാളുകള്‍ക്കുള്ളില്‍ തെളിവുകളൊന്നുമില്ലെന്നു പറഞ്ഞ് ആ കേസന്വേഷണം നിര്‍ത്തിവയ്ക്കുകയാണ് ഉണ്ടായത്.'


കേസ് അന്വേഷിച്ച എ.വി ജോര്‍ജ്ജിനെയും അജിത രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ആത്മകഥയില്‍. എ.വി ജോര്‍ജ്ജ് കേസില്‍ സ്വീകരിച്ച നിലപാടുകളും അക്കമിട്ടു നിരത്തുന്നതാണ് വെള്ളിയാഴ്ച പുറത്തിറങ്ങുന്ന വാരികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആത്മകഥാ ഭാഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com