പെണ്ണുങ്ങള്‍ക്ക് മൂത്രപ്പുരയില്ലാത്ത രാജ്യത്താണോ ഗര്‍ഭരക്ഷാ നിയമങ്ങള്‍; ശാരദക്കുട്ടി

മതം അതിന്റെ പിടിമുറുക്കുന്നത് സ്ത്രിയിലൂടെയാണ്. സ്ത്രീയിലൂടെയാണ് ഇപ്പം ഈ പ്രവേശം. സ്ത്രീയുടെ ഗര്‍ഭത്തിലൂടെ, സ്ത്രീയുടെ കിടപ്പുമുറിയിലൂടെ, സ്ത്രീയുടെ ലൈംഗികതയിലൂടെ, സ്ത്രീയുടെ ശരീരത്തിലൂടെയാണ്‌
പെണ്ണുങ്ങള്‍ക്ക് മൂത്രപ്പുരയില്ലാത്ത രാജ്യത്താണോ ഗര്‍ഭരക്ഷാ നിയമങ്ങള്‍; ശാരദക്കുട്ടി

കൊച്ചി: മാംസ ഭക്ഷണം ഒഴിവാക്കുക, സെക്‌സും മോശം കൂട്ടുകെട്ടുകളും ഒഴിവാക്കുക, ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍   
യാതൊരു ശാസ്ത്രീയയുക്തിയുമില്ലാത്ത ആശയങ്ങള്‍ ആധികാരികം,ശാസ്ത്രീയം എന്നുള്ള  മട്ടില്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമായി മാറിയിരിക്കുകയാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എല്ലാത്തിലും ഭാരതീയതതെന്ന മട്ടില്‍ സ്ത്രീകളെ സംബന്ധിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതെ, കേരളത്തിലെയും ഇന്ത്യയിലെയും സ്ത്രീ ഇന്ന് എത് അവസ്ഥയിലൊക്കെയാണ് ആധുനീകരിക്കപ്പെട്ട് സാമൂഹ്യനിര്‍മ്മാണ പക്രിയയില്‍ അവര്‍ എത്ര ഉത്തരവാദിത്തത്തോടെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നവരാണെത് മറന്ന് അവര്‍ പേറ്റുകക്ഷികളാണെന്ന് പറഞ്ഞ് കുടുംബത്തിലെ അംഗങ്ങള്‍ മാത്രമായി കണ്ടുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ മാത്രമാണിത്. 

കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നോ, ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ല കഥകള്‍ കേള്‍ക്കണമെന്നുള്ളതായ കാര്യങ്ങള്‍ എവിടെ സാധിക്കും. ഇപ്പം തൊഴിലെടുത്ത് കൊണ്ടിരിക്കുന്ന കേരളത്തിലെയോ ഇന്ത്യയിലെയോ ആദിവാസികള്‍ ഉള്‍പ്പടെയുള്ള സ്ത്രീകളുണ്ട്. അവര്‍ക്ക് എവിടെയാണ് നല്ല കിടപ്പുമുറികള്‍ ഉള്ളത്. കിടപ്പുമുറികളില്‍ ചുവര്‍ ചിത്രങ്ങളില്‍ അത് കണ്ടുകൊണ്ടിരിക്കണം, നല്ല ജീവചരിത്രങ്ങള്‍ വായിക്കണം എന്ന നിര്‍ദേശങ്ങള്‍ സ്ത്രീകളുടെ അവസ്ഥയറിഞ്ഞുള്ള നിര്‍ദേശങ്ങളല്ല. ആദിവാസികളായ സ്ത്രീകളും അല്ലാത്തവരും  പ്രസവത്തോടെ മരിക്കുന്നു. പട്ടിണിമൂലം വേണ്ടത്ര വെദ്യശുശ്രൂഷ ലഭിക്കാതെ സ്ത്രീകള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. ഇങ്ങനെയുള്ള സ്ത്രീകളുള്ള ഒരു രാജ്യത്തെ ഭരിക്കുന്ന കക്ഷി ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ അതിലെ അയുക്തികത ചോദ്യം ചെയ്യാതെ പോകരുത്.

സ്ത്രീകള്‍ക്ക് ഇവിടെ മൂത്രപ്പുരയുണ്ടോ. എനിക്ക് ശരിക്കുമറിയാം. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ,അതികാലത്ത്,വല്യ മുട്ടന്‍ വയറും താങ്ങി വേണാട് എക്‌സ്പ്രസില്‍, പരശു റാം ഏക്‌സ്പ്രസില്‍ ഒക്കെ റോങ് സൈഡില്‍ നിന്ന് വരെ ചാടിക്കയറി കോട്ടയം മുതല്‍ പിറവം റോഡ് വരെ യാത്ര ചെയ്തു.അവിടെ നിന്ന് ജീപ്പില്‍ കയറി കുണ്ടും കുഴിയും താണ്ടി കോളേജില്‍ എത്തി.പഠിപ്പിച്ചു.തിരിയെ കിട്ടുന്ന പല വണ്ടികള്‍ പിടിച്ചു രാത്രിയാകുമ്പോള്‍ വീടെത്തിയിരുന്ന കാലത്തൊന്നും സൂക്ഷിക്കണെ എന്ന് പറയാന്‍ പോലും ആരുമുണ്ടായില്ല. പിടിച്ചു കെട്ടി നിര്‍ത്തിയിരുന്ന മൂത്രം വൈകി ഒഴുക്കി വിടുമ്പോള്‍ മരണ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചിട്ടുണ്ട്. ഈ വേദന കേരളത്തിലെ ഏതു സ്ത്രീയുടെയും വേദനയാണ്. നമുക്ക് നല്ല മൂത്രപ്പുരകളില്ല. പുറത്തുള്ള മൂത്രപ്പുരകളില്‍ പോകാന്‍ പറ്റില്ല. അവിടെനിന്ന് എന്തെങ്കിലും രോഗമുണ്ടാകുമോ എന്ന ഭയവും. നമുക്കുള്ള മൂത്രപ്പുരകള്‍ കണ്‍ഫര്‍ട്ട് സ്റ്റേഷനുകളിലും, ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും മാത്രമാണ്. പത്തോ പതിനഞ്ചോ കിലോമീറ്റര്‍ ഇടവിട്ട് ഒരു മൂത്രപ്പുര നിര്‍മ്മിക്കാന്‍ ഒരു സര്‍ക്കാരും തയ്യാകുന്നില്ല. ഇവിടെ കേന്ദ്രത്തിലും സംസ്ഥാനത്തും പലപല സര്‍ക്കാരുകള്‍ മാറി വന്നു. എന്നിട്ടും ഫലമുണ്ടായില്ല. സത്രീകളെ സംബന്ധിച്ച് ഉത്കണ്ഠപ്പെടുന്ന സര്‍ക്കാരുകള്‍ ആദ്യം ചെയ്യേണ്ടത് ഇതല്ലേയെന്നും ശാരദക്കുട്ടി ചോദിക്കുന്നു.  

ഇതിനെക്കാള്‍ ഭീകരമാണ് നല്ല കുട്ടികള്‍ ഉണ്ടാവാന്‍ വേണ്ടിയാണെന്ന ഇവരുടെ നിര്‍ദേശം. ഇവരുടെ സങ്കല്‍പ്പത്തിലെ നല്ല കുട്ടി എന്താണ്. പട്ടിണികിടക്കുന്ന നാട്ടില്‍ ഗര്‍ഭിണികള്‍ ആചരിക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ പറയുമ്പോള്‍ അതില്‍ എന്തെങ്കിലും ഒരടിസ്ഥാനം വേണ്ടേ. ഒന്നുവീട്ടില്‍ പോലും മനസമാധാനത്തോടെ വന്ന് സമയത്ത് ആഹാരം കഴിക്കാനുള്ള സമയമുണ്ടോ സ്ത്രീകള്‍ക്ക്. അവരെ കുറിച്ച് ചിന്തിക്കുന്ന ഈ കേന്ദ്രത്തിലിരിക്കുന്ന അധികാരികളെ പോലുള്ള അധികാരികള്‍ വീട്ടിലുമുണ്ട്. സ്ത്രീയുടെ ആരോഗ്യത്തെ കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാത്തവര്‍. എവിടെ സ്ത്രീക്ക്  മനസമാധാനം. എന്നിട്ട് ജീവചരിത്രം വായിക്കണം, ചുവര്‍ചിത്രം കാണണം, നല്ല സ്വപ്‌നങ്ങള്‍ കാണണം എന്നും തുടങ്ങി എന്തൊക്കെയാണ് ഇവര്‍ പറയുന്നത്.  

സ്ത്രീകളും പുരുഷന്‍മാരെപോലെ തന്നെ സാമൂഹ്യനിര്‍മ്മാണം നടത്തുന്നതിന് ഉത്തരവാദിത്തത്തോടെ ഇടപെട്ട് കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളവരല്ല. അതിന് വേണ്ടിമാത്രം ഇരിക്കുന്നവരുമല്ല. കഹാനി സിനിമയില്‍ വിദ്യാബാലന്‍ പറയുന്നതുപോലെ ഓരോ ഗര്‍ഭത്തിലും ഒരോ ബോംബിനെ പ്രസവിക്കാന്‍ കഴിഞെങ്കില്‍ എന്നാഗ്രഹിക്കുന്ന അവസ്ഥ സ്ത്രീകള്‍ക്കുണ്ട്. ബോംബ് എടുത്ത് എറിയത്തക്ക വിധത്തിലുള്ള അവഗണന നേരിടുന്ന സ്ത്രീകളാണ് നാട്ടിലൊക്കെയുള്ളത്. പട്ടിണി മൂലം, ദാരിദ്ര്യം മൂലം, മരുന്നുകിട്ടത്തതുമൂലം, മദ്യപാനികളായ ആളുകളുടെ കൂടെ ജീവിക്കേണ്ടുന്നതിന്റെ  പ്രശ്‌നങ്ങള്‍ ഇതെല്ലാം ഉള്ളയിടത്ത് നല്ല കുട്ടികള്‍ ഉണ്ടാകാന്‍ കഥകേള്‍ക്കണം കവിത കേള്‍ക്കണം എന്ന് പറയുന്നത്. ഈ നിര്‍ദേശങ്ങളില്‍ അടങ്ങിയിരിക്കുന്നതും ഹിന്ദുത്വ അജണ്ട തന്നെയാണ്.

മത്സ്യം കഴിക്കരുത് മാംസം കഴിക്കരുതെന്ന് തുടങ്ങി നമ്മുടെ ഭക്ഷണശീലങ്ങളും  ഇവര്‍ കൈയടക്കി കഴിഞ്ഞു. മത്സ്യം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാളെ നിര്‍ബന്ധിച്ച് മത്സ്യം കഴിപ്പിക്കുന്ന അതേ ശിക്ഷ തന്നെയാണ് മത്സ്യം കഴിക്കുന്ന ഒരാളെ മത്സ്യം കഴിപ്പിക്കാത്തത്. ഗര്‍ഭിണികളുടെ ശൂലത്തില്‍ കുത്തി നവജാത ശിശുവിനെ പുറത്തെടുത്ത ചരിത്രം നമ്മള്‍ മറന്നുപോകരുത്. എന്നിട്ടാണ് ഗര്‍ഭിണിയെ കുറിച്ചുള്ള ഇവരുടെ ഉത്കണ്ഠ. ഈ ഹിന്ദുത്വരാഷ്ട്രീയ അജണ്ട വളരെ അപകടം പിടിച്ചതാണ്. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല. 

അംബേദ്കര്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞു മതം അതിന്റെ പിടിമുറുക്കുന്നത് സ്ത്രിയിലൂടെയാണ്. സ്ത്രീയിലൂടെയാണ് ഇപ്പം ഈ പ്രവേശം. സ്ത്രീയുടെ ഗര്‍ഭത്തിലൂടെ, സ്ത്രീയുടെ കിടപ്പുമുറിയിലൂടെ, സ്ത്രീയുടെ ലൈംഗികതയിലൂടെ, സ്ത്രീയുടെ ശരീരത്തിലൂടെ. ഇത് കൂടി കൂടി വരികയാണ്. ഒരു വശത്ത് സ്്ത്രീകള്‍ ദേവതയാണെന്നും സ്ത്രീയെ പൂജിക്കണമെന്ന് പറയുകയും ചെയ്യുന്ന അതേ അപകടം പിടിച്ച ഹിന്ദുത്വരാഷ്ട്രീയമാണ് ഇതിലും ഉളളത്. സ്തീകളാരും ആരാധിക്കപ്പെടേണ്ട. ഞങ്ങളാരും പൂജിക്കാന്‍ നിന്നുകൊടുക്കുന്നവരുമല്ല. സര്‍വവ്യക്തിത്വത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്ത് സാമൂഹിക നിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്.  സ്ത്രീ എന്നു പറയുന്നത് ഒരു വലിയ സംഘാതമാണ്. ഹിന്ദുത്വവാദിയായ ശശികല ടീച്ചര്‍ പറയുന്നതിലെ  ഭാഷയുടെ അപകടം ഈ നിര്‍ദേശങ്ങളിലുമുണ്ട്. നിങ്ങള്‍ക്കിത് കേട്ട് വെറുതെ വിട്ട്കൂടെയെന്നാണ് ചിലര്‍ചോദിക്കുന്നത്. അങ്ങനെ മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ കേള്‍വി ശക്തിമാത്രമുള്ള ജീവികളായിരിക്കണം. അത്രയ്ക്ക് രൂക്ഷമായ സാമൂഹ്യപ്രശ്‌നങ്ങളാണ്, വര്‍ഗീയ പ്രശ്‌നങ്ങളാണ്, രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഈ നിര്‍ദേശങ്ങള്‍. 

സംഘമായി പ്രതിരോധിക്കുകയും നിരന്തരം ചര്‍ച്ചകള്‍ നടത്തുകയും മാത്രമാണ് ഇതിനെ ചെറുക്കാനുള്ള ഏകപോംവഴി. മനുഷ്യന്റെ സ്വസ്ഥമായ ജീവിതത്തെ തടസപ്പെടുത്തുന്ന ഏത് കാര്യമായാലും അത് ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷവര്‍ഗീയതയായാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. എന്നെ ബാധിക്കുന്നതല്ലെന്ന രീതിയില്‍ ഒരു സ്ത്രീക്കും ഒഴിഞ്ഞുമാറാനാവില്ല. രാജ്യത്തെ മൊത്തം സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിനെതിരെ മിണ്ടാതിരിക്കാന്‍ കഴിയില്ല. ഏതൊക്ക് തരത്തില്‍ പ്രതിരോധിക്കാനാകുമോ ആത്തരത്തില്‍ പ്രതിരോധിക്കണമെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com