കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി മെട്രോയടെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപധേഷ്ടാവ് 
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ ശ്രീധരന്‍

കൊച്ചി:കൊച്ചി മെട്രോയടെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപധേഷ്ടാവ് ഇ.ശ്രീധരന്‍. മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. കെഎംആര്‍എലിന് രണ്ടാഘട്ട നിര്‍മ്മാണം ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏലിയാസ് ജോണിനൊപ്പം നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോയുടെ അവസാനവട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. 

എല്ലാവരും സന്തോഷിക്കണ്ട സമയമാണിത്. ഇക്കാര്യത്തില്‍ വലിയ വിവാദമുണ്ടാക്കരുത്.പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പ്രശ്‌നമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അവര്‍ എന്താണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് അതുപോലെ ചെയ്യണം. എനിക്കതില്‍ വിഷമമില്ല. എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല,ഞാന്‍ ഇവിടെത്തന്നെയുണ്ടല്ലോ,ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും, അദ്ദേഹം പറഞ്ഞു. പി.ടി തോമസ് എംഎല്‍എക്ക് ഒപ്പമാണ് രാവിലെ കൊച്ചുവേളി എക്‌സ്പ്രസില്‍ ഇ.ശ്രീധരന്‍ എത്തിയത്. 

പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കം കേരള സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിക്കളഞ്ഞ് പുതിയ പട്ടിക നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പരിപാടി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി. സദാശിവം, കെ.വി. തോമസ് എംപി, മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജയിന്‍ എന്നീ ഏഴുപേര്‍ക്ക് മാത്രമേ വേദിയില്‍ പ്രവേശനമുള്ളു. സ്വാഗതം പറയുന്ന കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് താഴെ ഇരിക്കണം.ഗവര്‍ണര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു വേദിയില്‍ സ്ഥാനമുണ്ടെങ്കിലും സംസാരിക്കാന്‍ അവസരമില്ല.

ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇ.ശ്രീധരനെ വേദിയില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കേരളത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവിനേയും എംഎല്‍എയും ശ്രീധരനേയും ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ വ്യാപകമായി ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com