കൊച്ചി മെട്രോയെ അറിയാം

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണ്‍ പതിനേഴിന് മെട്രോയുടെ മധുരം നുകരാന്‍ പോവുകയാണ് കൊച്ചിക്കാര്‍
കൊച്ചി മെട്രോയെ അറിയാം

''ആദ്യം കയ്ക്കും പിന്നെ മധുരിക്കും'', മെട്രോ നിര്‍മാണം ആരംഭിച്ചതോടെ ബ്ലോക്കുകളില്‍ കിടന്ന് ഇഴഞ്ഞ് നീങ്ങിയവരോട് കെഎംആര്‍എല്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണ്‍ പതിനേഴിന് ആ മധുരം നുകരാന്‍ പോവുകയാണ് കൊച്ചിക്കാര്‍. 

രാജ്യത്തെ മറ്റ് മെട്രോകള്‍ക്ക് അവകാശപ്പെടാനാകാത്ത പല പ്രത്യേകതകളുമായാണ് കൊച്ചി മെട്രോയ്ക്ക് കുതിക്കാനായി പച്ചലൈറ്റ് തെളിയുന്നത്. ഓരോ സ്‌റ്റേഷനിലും, മെട്രോയുടെ കോച്ചുകളായ കാറുകളിലും ആധുനീകത നിറയുന്നതിനൊപ്പം, കലയും കലാവിരുതുമാണ് യാത്രക്കാരെ സ്വീകരിക്കുക. ഇത് മാത്രമല്ല, യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരു കുടക്കീഴിലാക്കിയാണ് കൊച്ചി മെട്രോയുടെ വരവ്. 

മെട്രോ ഓട്ടോ

മെട്രോയില്‍ യാത്ര ചെയ്ത സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് തുടര്‍ന്നുള്ള യാത്ര എളുപ്പമാക്കുന്നതിനായി മെട്രോ ഓട്ടോ സര്‍വീസും ഉടന്‍ വരും. മെട്രോയുടെ നീല നിറത്തില്‍ 15000 ഓട്ടോറിക്ഷകളെ ഉള്‍പ്പെടുത്തി മെട്രോ ഓട്ടോ സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്ലിന്റെ പദ്ധതി. 

ഹയര്‍ ഓട്ടോ, ഫീഡര്‍ ഓട്ടോ, സ്മാര്‍ട്ട് ഓട്ടോ എന്നിങ്ങനെ മെട്രോ ഓട്ടോയെ മൂന്നായി തിരിക്കും. 

  • മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് ഓട്ടോ. 
  • സാധാരണ സര്‍വീസുകള്‍ക്കുള്ളതാണ് ഹയര്‍ ഓട്ടോ. 
  • ഫീഡര്‍ റൂട്ടുകളില്‍ നിന്നും യാത്രക്കാരെ കയറ്റുന്നതിനുള്ളതാണ് ഫീഡര്‍ ഓട്ടോകള്‍. മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഫീഡറുകള്‍. 

സ്‌റ്റേഷനുകളില്‍ ഉണ്ടാകും എല്ലാം

യാത്ര കഴിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയാലോ, യാത്രയ്ക്ക് മുന്‍പ് എന്തെങ്കിലും വാങ്ങുന്നതിനോ പുറത്തേക്ക് പോകേണ്ടി വരില്ല. ചെറു ഭക്ഷണ ശാലകള്‍, വസ്ത്ര വില്‍പ്പന ശാലകള്‍ തുടങ്ങി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരെ സ്റ്റേഷനുകളിലുണ്ടാകും. ആലുവ മുതല്‍ പത്തടിപ്പാലം വരെയുള്ള ഏഴ് സ്റ്റേഷനുകളിലായിരിക്കും ഈ സൗകര്യങ്ങള്‍ ഉണ്ടാവുക.

  1. ആലുവ
  2. പത്തടിപ്പാലം
  3. കളമശേരി
  4. കമ്പനിപ്പടി
  5. ഇടപ്പള്ളി
  6. ചങ്ങമ്പുഴ പാര്‍ക്ക്
  7. അമ്പാട്ടുകാവ്

ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്ക് 26 മിനിറ്റ് മാത്രം

ആലുവയില്‍ നിന്നും പാലാരിവട്ടം വരെയാണ് മെട്രെയുടെ ആദ്യ ഘട്ടം സര്‍വീസ് ആരംഭിക്കുന്നത്. 26 മിനിറ്റ് കൊണ്ട് 13 കിലോമീറ്റര്‍ താണ്ടി ആലുവയില്‍ നിന്നും മെട്രോ പാലാരിവട്ടത്തെത്തും. 

സ്‌റ്റേഷനുകളില്‍ 30 സെക്കന്റായിരിക്കും ട്രെയിന്‍ നിര്‍ത്തുക. തിരക്കില്ലാത്ത സ്‌റ്റേഷനുകളാണെങ്കില്‍ സമയം അതിലും കുറയും. 

ആറ് ട്രെയിനുകള്‍ ഓടിക്കൊണ്ടേയിരിക്കും

രണ്ട് ദിശയിലായി ആറ് ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഒരു ദിശയില്‍ മൂന്ന് ട്രെയിനുകള്‍ വീതം. ഒരു ദിശയിലോടുന്ന ട്രെയിന്‍ ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ എതിര്‍ ദിശയില്‍ ഓടാന്‍ തുടങ്ങും. 

സ്റ്റേഷനുകളിലെത്തുമ്പോള്‍ ട്രെയിനുകളുടെ വാതില്‍ താനേ തുറക്കും. മുന്‍കൂട്ടി സമയം ക്രമീകരിച്ചതിലൂടെയാണ് സ്‌റ്റേഷനിലെത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറയുന്നതും, അടയുന്നതും. 

എല്ലാം കണ്‍ട്രോള്‍ സെന്ററിന്റെ കയ്യില്‍

ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ഓരോ ട്രെയിനിലും ഉണ്ടാവുമെങ്കിലും മെട്രോയുടെ ട്രെയിനുകള്‍ ചലിപ്പിക്കുക ഈ ഓപ്പറേറ്റര്‍മാര്‍ ആയിരിക്കില്ല. മുട്ടം യാര്‍ഡിലുള്ള ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിനായിരിക്കും ട്രെയിനുകളുടെ പൂര്‍ണ നിയന്ത്രണം. 

ട്രെയിന്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നതും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കണ്‍ട്രോള്‍ സെന്ററിലേക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായിരിക്കും ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ജോലി. എന്നാല്‍ ട്രെയിനിന്റെ എല്ലാ നിയന്തണവും കണ്‍ട്രോള്‍ സെന്റിലേക്ക് എത്തുന്ന എടിഒ രീതിയിലേക്ക് കൊച്ചി മെട്രോ വളരുന്ന കാലവും ദൂരത്തല്ല.

മെട്രോ കൊണ്ടുവരുന്ന ഉംട്ട

യാത്രകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് കൊച്ചി മെട്രോയുടെ മറ്റൊരു പ്രത്യേകത. ബസും, ബോട്ടും, മെട്രോയുമെല്ലാം ഒരു കുടക്കീഴിലാക്കുന്നതോടെ യാത്ര ദുരിതം എന്ന വാക്ക് തന്നെ കൊച്ചിക്കാര്‍ ചിലപ്പോള്‍ മറന്നേക്കും. ഉംട്ട ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതോടെ നഗരത്തിന്റെ യാത്ര സംസ്‌കാരത്തെ തന്നെ അത് സ്വാധീനിക്കും.

കൊച്ചി മെട്രോ സ്‌റ്റേഷനുകളും പ്രത്യേകതകള്‍ നിറഞ്ഞതാണ്‌;

പാലാരിവട്ടം സ്റ്റേഷനില്‍ വര്‍ണം വിതറുന്നത് പൂക്കളാണ്

തൂങ്ങിക്കിടക്കുന്ന കണിക്കൊന്നയും മറ്റ് പൂക്കളുടേയുമെല്ലാം ചിത്രങ്ങളാണ് കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനെ മനോഹരമാക്കുന്നത്. കണ്ണിനിമ്പം പകരുന്ന വര്‍ണ്ണങ്ങളില്‍ സ്‌റ്റേഷന്‍ ഭിത്തികളിലും ഗ്ലാസ്സ് ചുവരുകളിലും പൂക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിവെച്ചിരിക്കുന്നു. 

പത്തടിപ്പാലം സ്റ്റേഷനില്‍ മത്സ്യ സമ്പത്ത്

കേരളത്തിന്റെ മത്സ്യ സമ്പത്താണ് പത്തടിപ്പാലം സ്റ്റേഷനിലെ തീം. അലങ്കാര മത്സ്യങ്ങളുടേയും, ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മത്സ്യങ്ങളുടേയും ചിത്രങ്ങള്‍ കൊണ്ടാണ് പത്തടിപ്പാലം സ്റ്റേഷന്‍ അലങ്കരിച്ചിരിക്കുന്നത്.

പശ്ചിമഘട്ടമാണ് മുട്ടത്തെ വിഷയം

കൊച്ചി മെട്രോയുടെ അഞ്ചാമത്തെ സ്‌റ്റേഷനായ മുട്ടത്ത് നിറയുന്നത് പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ്. മയിലും, തത്തയും, പഞ്ചവര്‍ണ്ണ കിളികളുമെല്ലാം ഇവിടെയുണ്ടാകും.

അമ്പാട്ടുകാവ് സ്റ്റേഷനില്‍ ഉരഗവര്‍ഗങ്ങള്‍

മെട്രോയുടെ നാലാമത്തെ സ്‌റ്റേഷനായ അമ്പാട്ടുകാവില്‍ ഉരവര്‍ഗങ്ങളാണ് നിറയുന്നത്.

പച്ചപ്പ് നിറഞ്ഞ് പുളിഞ്ചോട്‌

ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്‍റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്റ്റേഷനില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com