കൊച്ചി മെട്രൊ രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്കു പൂര്‍ത്തിയാക്കും: ഏലിയാസ് ജോര്‍ജ്

രണ്ടാംഘട്ടത്തില്‍ കാക്കനാട്ടേക്ക് മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം
കൊച്ചി മെട്രൊ രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്കു പൂര്‍ത്തിയാക്കും: ഏലിയാസ് ജോര്‍ജ്

കൊച്ചി: മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്ലിന്റേത് മികച്ച ടീമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടത്തില്‍ കാക്കനാട്ടേക്ക് മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊച്ചി മെട്രൊയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ലെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെഎംആര്‍എല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ പ്രാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തമാണെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നത്.
പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാന്‍ കുറച്ച് താമസം വന്നേക്കാം. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാകും. വായ്പ ഉള്‍പ്പെടെ എല്ലാം തയ്യാറാണ്. മുന്നൊരുക്കം ഈ വര്‍ഷം തുടങ്ങും. നിര്‍മ്മാണം തുടങ്ങിയാല്‍ രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. 


ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രൊയുടെ ആദ്യഘട്ടം. നിലവില്‍ സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റീച്ചിലാണ്. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com