മിഷേലിന്റെ പിന്നാലെ വന്ന ആ രണ്ടുപേര്‍ ആരാണ്? തുമ്പ് കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

ബൈക്കില്‍ സഞ്ചരിച്ചവരെ  കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങള്‍ അടങ്ങിയ പത്രപരസ്യങ്ങള്‍ നല്‍കിയിട്ടും ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്
മിഷേലിന്റെ പിന്നാലെ വന്ന ആ രണ്ടുപേര്‍ ആരാണ്? തുമ്പ് കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിനെ പിന്തുടര്‍ന്ന ബൈക്ക് യാത്രക്കാരനായ രണ്ടുപേരെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. മിഷേല്‍ മരിച്ച ദിവസം കലൂര്‍ പള്ളിക്ക് മുന്നിലൂടെ രണ്ടുപേര്‍ പോകുന്ന ചിത്രവും വീഡിയോയും സിസി ടിവിയിലൂടെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇരുവരെയും കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങള്‍ അടങ്ങിയ പത്രപരസ്യങ്ങള്‍ നല്‍കിയിട്ടും ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ 0484- 2778238, 9497990207 എന്ന നമ്പര്‍ ബന്ധപ്പെടണമെന്നും പരസ്യത്തിലുണ്ട്. 

മിഷേല്‍ ഷാജിയെ മാര്‍ച്ച് 5നാണ് കാണാതാകുന്നത്. പിറ്റേദിവസം വൈകീട്ട് അഞ്ചിനാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടി കടലില്‍ ചാടിയ അതേദിവസം തന്നെയായിരുന്നു ഇരുവരും പെണ്‍കുട്ടിയെ പിന്തുടര്‍ന്നത്. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടി പള്ളിയില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു. അവിടെ നിന്നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. 

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കലൂര്‍ പള്ളിക്ക് സമീപം മറ്റൊരു വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിച്ചിരുന്നു. കാണാതായ ദിവസം യുവതി പള്ളിയില്‍ പോയതും ഇറങ്ങുന്നതുമായ ദൃശ്യങ്ങളും പള്ളിയിലെ സിസി ടിവി ക്യാമറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചിറങ്ങിയപ്പോള്‍ രണ്ടുയുവാക്കള്‍ നിരീക്ഷിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളിലാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആരെയോ ഭയക്കുന്നതുപോലെ പിന്‍മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തവുമാണ്. 

ബൈക്കിലെത്തിയ യുവാക്കള്‍ കേസില്‍ പ്രതികളെല്ലെന്നും അവര്‍ പള്ളിയിലെത്തിയതിന് എന്തിനാണെന്ന് അന്വേഷിക്കുവാനാണ് ശ്രമിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. ബൈക്കിലെത്തിയ ഇരുവരെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ ഇവരെ കണ്ടെത്താനായില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. അതേസമയം മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകവുമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മിഷേലിന്റെ രക്ഷിതാക്കളും നാട്ടുകാരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com