ഏത് പദവിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാരിനോട് ജേക്കബ് തോമസ്

അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തുന്ന ജേക്കബ് തോമസ് താന്‍ ഏത് പദവിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി - കേഡര്‍ പോസ്റ്റിലിരുന്ന ആളായത് കൊണ്ട് സമാനമായ പദവിയില്‍ നിയമിക്കണം
ഏത് പദവിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാരിനോട് ജേക്കബ് തോമസ്

തിരുവനന്തപുരം: അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തുന്ന ജേക്കബ് തോമസ് താന്‍ ഏത് പദവിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കി. താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് നിര്‍ബന്ധിത അവധിയില്‍ പോയിരിക്കുന്നത്. എന്നാല്‍ അവധിയില്‍പോയ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. മടങ്ങിയെത്തുന്ന ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച അനിശ്ചിതത്വം ഇതുവരെ നീങ്ങിയിട്ടില്ല.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ടിപി സെന്‍കുമാറിനെ വീണ്ടും ഡിജിപിയായി സര്‍ക്കാരിന് നിയമിക്കേണ്ടി വന്ന സാഹചര്യത്തില്‍ നിലവിലെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്തേക്ക് നിയമിച്ചിരുന്നു. സെന്‍കുമാര്‍ ജൂണ്‍ 30ന് വിരമിക്കും. മടങ്ങിയെത്തുന്ന ജേക്കബ് തോമസിനെ സംസ്ഥാന പോലീസ് മേധാവിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ വിജിലന്‍സിന്റെ മേധാവി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയ കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞത്. അവധി ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ജേക്കബ് തോമിസിന് ജോലിയില്‍ പ്രവേശിക്കണം. അവധി കഴിഞ്ഞ് താന്‍ ഏത് സ്ഥാനത്തിരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് നല്‍കിയിട്ടുള്ളത്. കേഡര്‍ പോസ്റ്റിലിരുന്ന ആളായത് കൊണ്ട് സമാനമായ പദവിയില്‍ തന്നെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കൊച്ചിയിലായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം തിങ്കളാഴ്ചയേ ഉണ്ടാകു എന്നാണ് സൂചന. 

ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റു വാങ്ങിയതിനെ തുടര്‍ന്ന് സര്‍ക്കാരാണ് രണ്ടു മാസം മുമ്പ് ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏപ്രില്‍ ഒന്നു മുതല്‍ അവധിയില്‍ പോയത്. ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു മാസത്തേക്കു കൂടി അവധി നീട്ടി. വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 17 ദിവസം കൂടി നീട്ടുകയായിരുന്നു. ഈ കാലാവധി അവസാനിക്കുന്നതോടെയാണ് ജേക്കബ് തോമസ് മടങ്ങിയെത്തുന്നത്.

നിരന്തരം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതും ഇ.പി. ജയരാജനടക്കമുള്ള സിപിഎം നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ തുനിഞ്ഞതുമാണ് ജേക്കബ് തോമസിന്റെ നിര്‍ബന്ധിത അവധിക്ക് പിന്നിലെ കാരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com