ശ്രീറാം വെങ്കിട്ടരാമനെതിരെ രാഷ്ട്രീയ പടയൊരുക്കം; സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്
ശ്രീറാം വെങ്കിട്ടരാമനെതിരെ രാഷ്ട്രീയ പടയൊരുക്കം; സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രാഷ്ട്രീയ പടയൊരുക്കം. ശ്രീറാം മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മൂന്നാറില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു. മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ ശ്രീറാം നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ ശക്തമായ നിലപാട് സ്വീകരിച്ചു എന്നവകാശപ്പെടുന്ന സിപിഐയുടെ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യനും മണിക്കൊപ്പമുണ്ടായിരുന്നു. സിപിഎം നേതാവും എംഎല്‍എയുമായ എസ്.രാജേന്ദ്രന്‍,കോണ്‍ഗ്രസ് നേതാവ് എ.കെ മണി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ശ്രീറാമിനെ മാറ്റണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാര്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനായി പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെന്റ് സ്ഥലം കണ്ടുകെട്ടണമെന്ന് ശ്രീറാം ഉത്തരവിട്ടിരുന്നു. 12 വര്‍ഷങ്ങളായി സ്വകാര്യ വ്യക്തിയുടെ കയ്യിലാണ് ഈ ഭൂമി.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് സ്ഥലം ഒഴിപ്പിക്കുന്നത് എന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ യോഗത്തിലുണ്ടായ ധാരണകള്‍ ലംഘിച്ചിട്ടില്ല. കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.പത്തുസെന്റില്‍ താഴെ  ഭൂമിയുള്ള കയ്യേറ്റങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു.  

ഭൂമാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ അദീല അബ്ദുള്ളയെ സ്ഥലം മാറ്റാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ശ്രീറാമിനെതിരായ നീക്കവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. 

തുടക്കം മുതല്‍തന്നെ സിപിഎം മൂന്നാര്‍ നേതൃത്വം ശ്രീറാമിനെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ സിപിഐ ശ്രീറാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ശ്രീറാമിനെ മാറ്റണം എന്നാവശ്യപ്പെട്ട് സി.എ കുര്യന്‍ മുഖ്യമന്ത്രിയെ സമീപിച്ചതോടെ കയ്യേറ്റ വിഷയത്തില്‍ സിപിഐക്ക് ഇരട്ടത്താപ്പാണോ എന്ന സംശയം ഉയരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com