സമരച്ചൂട് തണുക്കാതെ പുതുവൈപ്പ്; ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരവുമായി നാട്ടുകാര്‍, ഹര്‍ത്താല്‍ ആരംഭിച്ചു

ഇന്നലെ അറസ്റ്റ് ചെയ്ത് ഞാറയ്ക്കല്‍ പൊസീല് സ്റ്റേഷനില്‍ കൊണ്ടുപോയവര്‍ സ്‌റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്
സമരച്ചൂട് തണുക്കാതെ പുതുവൈപ്പ്; ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരവുമായി നാട്ടുകാര്‍, ഹര്‍ത്താല്‍ ആരംഭിച്ചു

കൊച്ചി: പുതുവൈപ്പ് ഐഒസിയുടെ എല്‍പിജി പ്രാന്റിനെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത് ഞാറയ്ക്കല്‍ പൊസീല് സ്റ്റേഷനില്‍ കൊണ്ടുപോയവര്‍ സ്‌റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്. അക്രമം അഴിച്ചുവിട്ട ഡിസിപി യതീഷ് ചന്ദ്രയ്ക്കും ഞാറയ്ക്കല്‍ സിഐക്കും എതിരെ നടപടി സ്വീകരിക്കണം, പൊലീസ് തകര്‍ത്ത തങ്ങളുടെ സമരപ്പന്തല്‍ വീണ്ടും നിര്‍മ്മിച്ചുതരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ജനങ്ങള്‍ക്കെതിരെ നടന്ന പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചു മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തിവീശി. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവരെ നഗരത്തിലെ വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ യതീഷ് ചന്ദ്രക്കെതിരെ ഉടന്‍ നടപടികള്‍ ഒന്നുമുണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സമരം ശക്തമായതോടെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ജൂലൈ നാല് വരെ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. 

എന്നാല്‍ നടപടിയില്‍ തെറ്റില്ലെന്നാണ് പൊലീസ് വിശദീകരണം.ജനങ്ങള്‍ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തിട്ടാണ് തിരിച്ചടിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാല് വരെ നിര്‍ത്തിവെക്കുമെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ് ലംഘിച്ച് അവധി ദിവസമായ ഇന്നലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പ്ലാന്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന്ു നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കുപറ്റി. ഗുരുതരമായി പരിക്ക് പറ്റിയിട്ടും സമരം തുടര്‍ന്ന നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ജനകീയസമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും സിപിഐയും രംഗത്തെത്തിയിരുന്നു. ഇതേതുചര്‍ന്ന് ബുധനാഴ്ച മുഖ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പൊലീസ് നടപടിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍്കാന്‍ സിറ്റി പൊലീസ് കമ്മീഷ്ണറോട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com