പുതുവൈപ്പ്:  ജനങ്ങളുടേത് അടിസ്ഥാനമില്ലാത്ത ആശങ്കകളെന്ന് മുഖ്യമന്ത്രി

നാടിന് ആവശ്യമായ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം, പദ്ധതി ഉപേക്ഷിക്കുന്നത് വികസനത്തെ തുരങ്കം വയ്ക്കല്‍
പുതുവൈപ്പ്:  ജനങ്ങളുടേത് അടിസ്ഥാനമില്ലാത്ത ആശങ്കകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനില്‍ പദ്ധതിയില്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി വേണ്ടെന്നു വയ്ക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ തുരങ്കം വയ്ക്കുന്ന ശക്തികള്‍ക്ക് ഉത്തേജനമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പുതുവൈപ്പ് പദ്ധതി സംബന്ധിച്ച ആശങ്കയ്ക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല. പാരിസ്ഥിതിക അനുമതി വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. അതു പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കും. അതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ഐഒസിയോട് ആവശ്യപ്പെട്ടതായും അവര്‍ അത് അംഗീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യവസ്ഥാ ലംഘനമുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവിധ അനുമതികളോടും കൂടിയാണ് ഐഒസി പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലും ഹൈക്കോടതിയും പദ്ധതിക്ക് അനുകൂലമായി ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. പുതുവൈപ്പിലേത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയല്ല. എന്നാല്‍ ദേശീയ തലത്തില്‍ ഇതിനു പ്രാധാന്യമുണ്ട്. പദ്ധതി സംബന്ധിച്ച ആശങ്കകളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനാവില്ല. പദ്ധതി ഉപേക്ഷിക്കുന്നതിലൂടെയുണ്ടാവുന്ന സന്ദേശം നല്ലതാവില്ല. വികസനത്തെ തുരങ്കം വയ്ക്കുന്ന ശക്തികള്‍ക്ക് ഉത്തേജകമാവുന്നതാവും അതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികള്‍ നാടിന് ഒഴിച്ചുകൂടാത്തതാണ്. അത് നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ അവഗണിക്കില്ല. അതു പരിഹരിച്ചു മുന്നോട്ടുപോവും. 

പദ്ധതി ചെലവിന്റെ മൂന്നിലൊന്നും ചെലവിടുന്നത് സുരക്ഷയ്ക്കായി ആണെന്നാണ് ഐഒസി വ്യക്തമാക്കിയിട്ടുള്ളത്്. ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിര്‍മാണം. മൗണ്ടന്‍ ബുള്ളറ്റ് മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഒരു സംഭരണിയിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. 480 ഡിഗ്രി ചൂടു വന്നാലേ അപകടമുണ്ടാവൂ. എണ്‍പതു ഡിഗ്രിക്കു മുകളില്‍പോയാല്‍ അപകടം തടയുന്നതിനുള്ള സംവിധാനം പുതുവൈപ്പിലുണ്ട്. അമിതമായ നിറയ്ക്കല്‍, കാലപ്പഴക്കം കൊണ്ടുള്ള ദ്രവിക്കല്‍ എന്നിവയ്‌ക്കെതിരെയും സുരക്ഷാ സംവിധാനങ്ങളുണ്ട്. കടലാക്രമണങ്ങളില്‍നിന്നുണ്ടാവുന്ന ഭീഷണിയില്‍നിന്ന് പദ്ധതി സുരക്ഷിതമാണെന്ന് ഐഐടി മദ്രാസ് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com