ധൈര്യമായി മുന്നോട്ടുപോകൂ, ജനങ്ങള്‍ ഒപ്പമുണ്ട്; വീണ്ടും റവന്യുമന്ത്രിയെ പ്രകീര്‍ത്തിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

മൂന്നാര്‍ മുതല്‍ ഇദ്ദേഹം എടുക്കുന്ന ധീര നിലപാടുകള്‍ ഇടതു മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്നു
ധൈര്യമായി മുന്നോട്ടുപോകൂ, ജനങ്ങള്‍ ഒപ്പമുണ്ട്; വീണ്ടും റവന്യുമന്ത്രിയെ പ്രകീര്‍ത്തിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വീണ്ടും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെ അഭിനന്ദിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്്. വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഉടനടി ഇടപെടുകയും മരണത്തിന് കാരണക്കാരയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത റവന്യു മന്ത്രിയുടെ തീരുമാനങ്ങളെയാണ് കൂറിലോസ് അഭിനന്ദിച്ചിരിക്കുന്നത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിലുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി എടുത്ത നടപടികളേയും റവന്യു വകുപ്പിന്റെ കുരിശ് പൊളിക്കല്‍ നടപടിയേയും പ്രകീര്‍ത്തിച്ച്് കൂറിലോസ് മുമ്പ് രംഗത്ത് വന്നിരുന്നു. അവസാനം നമുക്കൊരു റവന്യു മന്ത്രി ഉണ്ടായിരിക്കുന്നുവെന്ന കൂറിലോസിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കൂറിലോസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 


എനിക്ക് നമ്മുടെ റവന്യൂ മന്ത്രിയോടുള്ള ആദരവ് കൂടുകയാണ്. കര്‍ഷകന്റെ ആത്മഹത്യ നിര്‍ഭാഗ്യമെങ്കിലും പെട്ടെന്നെടുത്ത തീരുമാനങ്ങളും വില്ലേജ് ഓഫീസുകള്‍ക്ക് കൊടുത്ത നിര്‍ദ്ദേശങ്ങളും സ്വാഗതാര്‍ഹമാണ്. കോവളം കൊട്ടാരം കുത്തക മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല എന്ന് ആര്‍ജവത്തോടെ നിലപാടെടുക്കാന്‍ ഈ മന്ത്രിക്ക് കഴിഞ്ഞു എന്ന് ഇന്നത്തെ പത്ര വാര്‍ത്തകളില്‍ കൂടി അറിയുന്നു. മൂന്നാര്‍ മുതല്‍ ഇദ്ദേഹം എടുക്കുന്ന ധീര നിലപാടുകള്‍ ഇടതു മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പ്രതീക്ഷ നല്‍കുന്നു... വീണ്ടും ആവര്‍ത്തിക്കട്ടെ , നമുക്ക് അഭിമാനത്തോടെ പറയാം, നമുക്ക് ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു: ധീരമായി മുന്നോട്ടു പോകൂ സാര്‍, ജനങ്ങള്‍ ഒപ്പമുണ്ട്.


കരം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്ത് ഇന്നലെ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി  മരിച്ചിരുന്നു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് മരിച്ചത്. തോമസ് വില്ലേജ് ഓഫീസര്‍ക്കര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു. 

മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ വില്ലേജ് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നേരെയാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കരം ഒടുക്കാന്‍ വരുന്നവരില്‍നിന്ന് അന്നുതന്നെ കരം സ്വീകരിക്കണം. കഴിയാതെവന്നാല്‍ കാരണം രേഖാമൂലം നല്‍കണം.കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ താലൂക്ക് ഓഫില്‍ നല്‍കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.മാര്‍ഗനിര്‍ദേശം ഉടന്‍ സര്‍ക്കുലറായി പുറത്തിറങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com