കുഴപ്പം റവന്യുവകുപ്പ് ഭരിക്കാന്‍ സമര്‍ത്ഥരായ മന്ത്രിമാരില്ലാത്തതിനാല്‍; അശോകന്‍ ചരുവില്‍

ഗൗരിയമ്മക്കും, കെ.ചന്ദ്രശേഖരനും, പി.എസ്.ശ്രീനിവാസനും ശേഷം പ്രാപ്തിയും ഭാവനയും പ്രതിബദ്ധതയും ഒന്നിച്ചു ചേരുന്ന ആരെങ്കിലും ഉണ്ടായിട്ടുണ്ടോ 
കുഴപ്പം റവന്യുവകുപ്പ് ഭരിക്കാന്‍ സമര്‍ത്ഥരായ മന്ത്രിമാരില്ലാത്തതിനാല്‍; അശോകന്‍ ചരുവില്‍

തൃശൂര്‍: റവന്യൂവകുപ്പിനെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. ഇത്രയേറെ വിപുലമായ അധികാരം ഉള്ളതും ജനജീവിതവവുമായി നേരിട്ടുതന്നെ ബന്ധപ്പെടുന്നതുമായ ഈ വകുപ്പിനെ നയിക്കാന്‍ സമര്‍ത്ഥരായ മന്ത്രിമാര്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അശോകന്‍ ചരുവില്‍ പറയുന്നു. ചെമ്പോനോടയിലെ  കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് അശോകന്‍ ചരുവിലിന്റെ പ്രതികരണം.
ചെമ്പനാട്ടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെ വില്ലേജ് ആപ്പീസുകളില്‍ വിജിലന്‍സ് പരിശോധന നടക്കുന്നുണ്ട്. മുന്‍പ് വെള്ളറടയില്‍ ഒരാള്‍ ആപ്പീസു കത്തിച്ചതിനു ശേഷവും ഇങ്ങനെ കുറച്ചു തിക്കും തിരക്കും ഉണ്ടായത് ഓര്‍ക്കുന്നു. അഴിമതിയും, അഴിമതിക്കുവേണ്ടിയുള്ള ബോധപൂര്‍വ്വമായ അനാസ്ഥയും ധിക്കാരവുമാണ് നമ്മുടെ ആപ്പീസുകളുടെ പ്രധാന രോഗം എന്നതില്‍ സംശയമില്ല. 

അതേസമയം വില്ലേജ് ആപ്പീസുകളെ ഭരിക്കുന്ന റവന്യു വകുപ്പിന്റെ ഇന്നത്തെ സ്ഥിതിയും പരിശോധിക്കണം. നികുതി പിരിവിന് പുറമെ ഓരോ പൗരനേയും നേരിട്ടു ബാധിക്കുന്ന സങ്കീര്‍ണ്ണമായ നിരവധി രേഖകളുടെ നിര്‍മ്മാണവും സൂക്ഷിപ്പും നടത്തുന്ന വകുപ്പാണത്. അധികാരങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുന്നു. ഏതാണ്ടെല്ലാ അധികാരങ്ങളും ഏറെ താഴെക്കിടയിലുള്ള വില്ലേജ് ആപ്പീസറില്‍ വന്നു കേന്ദ്രീകരിച്ചിരിക്കുന്നു. അത് നല്ലത്. പക്ഷേ നിയമസംബന്ധമായ നിരവധി സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് ആവശ്യമായ പരിശീലനം ഇല്ല. കീഴ്‌വഴക്കങ്ങള്‍ മാത്രമാണ് അവലംബം. 

ഭൂമി സംബന്ധമായ രേഖകള്‍ പലതും കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. അപേക്ഷയുമായി ഒരാള്‍ വന്നാല്‍ അതിനു പരിഹാരം കാണാനുള്ള നിയമജ്ഞാനം ഉദ്യോഗസ്ഥര്‍ക്കില്ല. പഠിക്കാന്‍ താല്‍പ്പര്യവും ഇല്ല. അറിവില്ലായ്മയുടെ ഗൗരവത്തില്‍ 'നാളെ വരു', 'ഒരാഴ്ച കഴിഞ്ഞു വരൂ' എന്നൊക്കെ മൊഴിയുന്നു. പിന്നെ ബാധയൊഴിപ്പിക്കുന്നതു പോലെ കടലാസ് ക്ലാരിഫിക്കേഷന് വിടും. അപേക്ഷകന്‍ ഗതികെട്ട് നടക്കുകയാണ്. കുഴപ്പം എന്തെന്നാല്‍ വകുപ്പു ഭരിക്കുന്ന സമ്പ് കളക്ടര്‍ തൊട്ടുള്ള ഐ.എ.എസ്. അധികാരികള്‍ക്കും ഇതൊന്നും വേണ്ടത്ര അറിവില്ല എന്നതാണ്. എന്തെങ്കിലും അറിവുണ്ടെങ്കില്‍ അത് താപ്പാനകളായ കീഴുദ്യോഗസ്ഥന്‍മാര്‍ പഠിപ്പിച്ചു കൊടുക്കുന്നതു മാത്രമാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെ മുകളില്‍ നിന്നു നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഫലപ്രദമാകുന്നില്ല. 

ഏറ്റവും പ്രധാനം ഇത്രയേറെ വിപുലമായ അധികാരമുള്ളതും ജനജീവിതവുമായി നേരിട്ടു തന്നെ ബന്ധപ്പെടുന്നതുമായ ഈ വകുപ്പിനെ നയിക്കാന്‍ സമര്‍ത്ഥരായ മന്ത്രിമാര്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ്. ഗൗരിയമ്മക്കും, കെ.ചന്ദ്രശേഖരനും, പി.എസ്.ശ്രീനിവാസനും ശേഷം പ്രാപ്തിയും ഭാവനയും പ്രതിബദ്ധതയും ഒന്നിച്ചു ചേരുന്ന ആരെങ്കിലും ഉണ്ടായിട്ടുണ്ടോ? ബേബിജോണും, കെ.എം.മാണിയും ദീര്‍ഘകാലം വകുപ്പു ഭരിച്ചവരാണ്. കഴിവുള്ളവരാണെങ്കിലും കമ്മിറ്റ്‌മെന്റിന്റെ കുറവായിരുന്നു അവരുടെ പ്രശ്‌നം. അഴിമതിയും കണ്ണടക്കലും. ഇപ്പോഴത്തെ റെവന്യു മന്ത്രിയുടെ കഴിവ് ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടാണ് ഇരിക്കുതെന്നും അശോകന്‍ ചരുവില്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com