പെമ്പിളൈ ഒരുമൈയില്‍ പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി തമ്മില്‍ത്തല്ല്!

ജൂലായ് ഒമ്പതുമുതല്‍ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഭൂസമരം തുടങ്ങാനിരിക്കെയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മൂന്നാര്‍: പെമ്പിളൈ ഒരുമൈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗോമതി അഗസ്റ്റിന്‍ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായി നിലവിലെ പ്രസിഡന്റായ കൗസല്യ പരാതിപ്പെട്ടതോടെയാണ് പ്രസിഡന്റ് സ്ഥാനത്തിനായുള്ള പിടിവലി മുറുകിയത്.
ഗോമതി നടത്തുന്ന സമരങ്ങള്‍ക്ക് പെമ്പിളൈ ഒരുമൈയുടെ പിന്തുണയില്ലെന്നും തങ്ങള്‍ അതുമായി സഹകരിക്കില്ലെന്നും കൗസല്യ പറഞ്ഞു. ജൂലായ് ഒമ്പതുമുതല്‍ ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ഭൂസമരം തുടങ്ങാനിരിക്കെയാണ് പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് ഗോമതി രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഗോമതിയ്ക്ക് പെമ്പിളൈ ഒരുമൈയുമായി ബന്ധമൊന്നുമില്ലെന്ന് അടുത്തദിവസങ്ങളില്‍ നോട്ടീസടിച്ച് വിതരണം ചെയ്യാനാണ് കൗസല്യയും സെക്രട്ടറി രാജേശ്വരിയും ഒരുങ്ങുന്നത്.
മൂന്നാറില്‍ ആദ്യമായി ഏറെ പ്രതീക്ഷയോടെയാണ് പെമ്പിളൈ ഒരുമൈ എന്ന സംഘടന രൂപപ്പെട്ടുവന്നത്. മൂന്നാറിലെ മുഴുവന്‍ സ്ത്രീതൊഴിലാളികളുടെയും പ്രാധിനിത്യം അന്നുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഗോമതി അഗസ്റ്റിന്‍ സിപിഎം പിന്തുണയോടെ മത്സരരംഗത്തേക്ക് വന്നതോടെയാണ് പെമ്പിളൈ ഒരുമൈയില്‍ വിള്ളലുണ്ടായത്. എന്നാല്‍ അടുത്തിടെ ഗോമതി വീണ്ടും മൂന്നാറില്‍ സമരവുമായി സജീവമാകാന്‍ ഒരുങ്ങുന്നതിനിടെയാണ് മന്ത്രി എം.എം. മണിയുടെ വിവാദപരാമര്‍ശമുണ്ടായതും വളരെ പെട്ടെന്ന് സമരം നടത്തുകയും ചെയ്തത്. ഈ സന്ദര്‍ഭത്തില്‍ത്തന്നെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം വ്യക്തമായിരുന്നു. കൗസല്യയുടെ പക്ഷം സമരത്തെ തള്ളിപ്പറഞ്ഞു.
പെമ്പിളൈ ഒരുമൈയുടെ ബാനറില്‍ത്തന്നെയാണ് ഗോമതി അഗസ്റ്റിന്‍ ഇപ്പോഴും ഭൂസമരം ചെയ്യാനൊരുങ്ങുന്നത്. പ്രസിഡന്റ് പദവികൂടി കിട്ടുകയാണെങ്കില്‍ കൂടുതല്‍ ആളുകളെ സമരത്തില്‍ എത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് ഗോമതിയ്ക്കുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com