വിജിലന്‍സ് തലപ്പത്തേക്കാര്? ഋഷിരാജ് സിങും എന്‍.സി അസ്താനയും പരിഗണനയില്‍ 

വിജിലന്‍സ് മേധാവിസ്ഥാനം തനിക്കുനല്‍കണമെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി സൂചനയുണ്ട്
വിജിലന്‍സ് തലപ്പത്തേക്കാര്? ഋഷിരാജ് സിങും എന്‍.സി അസ്താനയും പരിഗണനയില്‍ 

തിരുവനന്തപുരം: ലോക്‌നാഥ് ബഹ്‌റ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഒഴിവുവന്ന വിജിലന്‍സ് മേധാവി പദത്തിലേക്ക് ആരെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്,മോഡണാസേഷന്‍ വിഭാഗം എ.ഡി.ജിപി എന്‍.സി അസ്താന എന്നിവര്‍ പരിഗണനയിലുണ്ടെന്നാണ് വിവരം. സിപിഎമ്മിലെ ഒരു വിഭാഗം എ.ഹേമചന്ദ്രനുവേണ്ടി വാദിക്കുന്നുണ്ടെന്നും വിവരം ലഭിക്കുന്നു. 

പൊലീസ് മേധാവിസ്ഥാനം ബെഹ്‌റയ്ക്ക് മടക്കിനല്‍കിയ സാഹചര്യത്തില്‍ വിജിലന്‍സ് മേധാവിസ്ഥാനം തനിക്കുനല്‍കണമെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി സൂചനയുണ്ട്. എന്നാല്‍ ജേക്കബ് തോമസിനെ വീണ്ടും വിജിലന്‍സ് തലപ്പത്തേക്ക് കൊണ്ടുവരുന്നതിനെപ്പറ്റി സര്‍ക്കാരിന് രണ്ടു മനസ്സാണ്. 

സെന്‍കുമാര്‍ വിരമിച്ചുകഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസാണ്.ബെഹ്‌റയും ജേക്കബ് തോമസും കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഡി.ജി.പി. പദവിയിലുള്ള ഏക ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിങ്ങാണ്. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ എക്‌സ് കേഡര്‍ തസ്തികയില്‍ ഒരാളെ ഡി.ജി.പി. പദവിലേക്കുയര്‍ത്താം. എ. ഹേമചന്ദ്രന്‍, എന്‍. ശങ്കര്‍റെഡ്ഡി, രാജേഷ് ദിവാന്‍ എന്നിവരുള്‍പ്പെട്ട എ.ഡി.ജി.പി.മാരുടെ ബാച്ചില്‍ ഏറ്റവും സീനിയര്‍ എന്‍.സി. അസ്താനയാണ്. അസ്താനയ്ക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയേക്കും. 

ഹേമചന്ദ്രനെ വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന ചിന്ത സര്‍ക്കാരിനുണ്ട്. നിയമനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ സെന്‍കുമാര്‍ വിഷയത്തിലെന്നപോലെ പ്രതിരോധത്തിലാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com