ബിജെപി ഇവന്റ് മാനേജര്‍മാരുടെ ശ്രമത്തില്‍ ഒടുങ്ങില്ല രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വര്‍ഗീയ ഭ്രാന്ത്: അശോകന്‍ ചരുവില്‍

ബിജെപി ഇവന്റ് മാനേജര്‍മാരുടെ ശ്രമത്തില്‍ ഒടുങ്ങില്ല രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വര്‍ഗീയ ഭ്രാന്ത്: അശോകന്‍ ചരുവില്‍

തൃശൂര്‍: അധികാര ലബ്ധി ലക്ഷ്യം വച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലംകൊണ്ട് രാഷ്ട്രീയ ഹിന്ദുത്വം ഊട്ടി വളര്‍ത്തിയ വിദ്വേഷവും വര്‍ഗീയ ഭ്രാന്തും മതസൗഹാര്‍ദത്തിന്റെ പൊയ്മുഖം ധരിക്കാനുള്ള ബിജെപി ഇവന്റ് മാനേജര്‍മാരുടെ ശ്രമം കൊണ്ട് അടങ്ങില്ലെന്ന് കഥാകൃത്ത് അശോകന്‍ ചരുവില്‍. കിട്ടിയ ഭരണം നിലനിര്‍ത്താനും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പൊതു സമൂഹത്തിന്റെ അംഗീകാരം നേടുന്നതിനുമാണ് ബിജെപി ഇവന്റ് മാനേജര്‍മാര്‍ ഇത്തരം ശ്രമം നടത്തുന്നതെന്നും അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം:

കിട്ടിയ ഭരണം നിലനിര്‍ത്തുന്നതിനും 2019ലെ തിരഞ്ഞെടുപ്പില്‍ പൊതുസമൂഹത്തിന്റെ അംഗീകാരം നേടുന്നതിനും വേണ്ടി ജനാധിപത്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പൊയ്മുഖം ധരിക്കണമെന്ന് ബി.ജെ.പി.യുടെ ഇവന്റ് മാനേജര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കും. ഗോഭ്രാന്തന്‍മാരെ തല്‍ക്കാലത്തേക്ക് തള്ളിപ്പറയാനും അവര്‍ ശ്രമിക്കും. പക്ഷേ ആ ശ്രമം ആത്മഹത്യാപരമാകാനാണ് സാധ്യത. 
കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലംകൊണ്ട് (അധികാരലബ്ദി ലക്ഷ്യം വെച്ച്) രാഷ്ട്രീയഹിന്ദുത്വം ഊട്ടി വളര്‍ത്തിയ വിദ്വേഷവും വര്‍ഗ്ഗീയഭ്രാന്തും ഇനി അടങ്ങുകയില്ല. 
മോദി അധികാരത്തില്‍ എത്തിയതോടെ ഫ്യൂഡല്‍ നാടുവാഴിത്ത മേധാവിത്ത ജീര്‍ണ്ണതകള്‍ ശവപ്പറമ്പില്‍ നിന്നെഴുന്നേറ്റു വന്ന് കരാളനൃത്തം ചെയ്യുകയാണ്. 
ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണവും സാമൂഹ്യനീതിയും ഭരണഘടനാനുസൃതമായ ന്യൂനപക്ഷാവകാശവും എന്‍.ഡി.എ.സര്‍ക്കാര്‍ റദ്ദുചെയ്യുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പള്ളി തകര്‍ത്ത സ്ഥലത്ത് സ്ഥിരമായി ക്ഷേത്രം പണിയുമെന്നും കരുതുന്നു. 
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ ബി.ജെ.പി.യുടെ അടിത്തറയായിരിക്കും തകരുക. കയ്യിലിരിക്കുന്നതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ ശ്രമിച്ചാല്‍ ഫലം എന്തായിരിക്കും എന്നു പറയേണ്ടതില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com