സിനിമയിലെ സ്ത്രീസംഘടനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് എംഎ ബേബി; സ്ത്രീകളെ പണ്ടത്തെപ്പോലെ കീഴടക്കിവെക്കാമെന്നു കരുതരുത് 

മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്
സിനിമയിലെ സ്ത്രീസംഘടനയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് എംഎ ബേബി; സ്ത്രീകളെ പണ്ടത്തെപ്പോലെ കീഴടക്കിവെക്കാമെന്നു കരുതരുത് 

ലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണെന്നും സിനിമയില്‍ മാത്രമല്ല കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം  വരുത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍ എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എ ബേബി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍.

മലയാള സിനിമയിലെ പുരുഷാധിപത്യം മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണിന്ന്. സിനിമയില്‍ മാത്രമല്ല കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍. സിനിമയ്ക്കും സിനിമാ താരങ്ങള്‍ക്കും സമൂഹത്തിലുള്ള സ്വാധീനം അത്ര വലുതാണ്. സമൂഹത്തിലെ വലിയൊരു പങ്ക് ആളുകള്‍ ഇവര്‍ മാതൃകകളാണെന്ന് കരുതുന്നു.

ഒരു യുവനടി ഹീനമായ ആക്രമണത്തിന് വിധേയമായതാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം. ആ പെണ്‍കുട്ടി ഈ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാനുള്ള ധീരത കാണിച്ചു. സിനിമയിലും സമൂഹത്തിലാകെയും ഇത്തരം ആക്രമണങ്ങള്‍ പലപ്പോഴും മൂടിവയ്ക്കാറാണ് പതിവ്. ഈ പെണ്‍കുട്ടിയ്‌ക്കൊപ്പം കേരളസമൂഹവും സിനിമാലോകത്തെ വലിയൊരു പങ്കും ഉറച്ച് നില്ക്കുകയും ചെയ്തു. സര്‍ക്കാരും പൊലീസും ശക്തമായ നടപടി സ്വീകരിക്കുകയും പ്രതികള്‍ തടവിലാവുകയും ചെയ്തു.

ഈ സംഭവത്തെത്തുടര്‍ന്നാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മ രൂപീകരിക്കുന്നത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഇത്തരത്തിലൊരു സംഘടന എന്ന ആശയം തന്നെ വിപ്ലവകരമാണ്. കുറച്ചുകാലം മുമ്പ് സിനിമയിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ ആലോചിക്കാന്‍ പോലും പറ്റില്ലായിരുന്നു. സിനിമ സംഘടനകളില്‍ ഏറ്റവും ശക്തമായ താരങ്ങളുടെ സംഘടന തന്നെ ഈ സ്ത്രീ കൂട്ടായ്മയെ അംഗീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ മാത്രമല്ല, അതിലില്ലാത്ത സ്ത്രീകളും സിനിമയിലെ പുരുഷ മേധാവിത്വത്തെ തങ്ങളുടെ പ്രവര്‍ത്തികളിലൂടെ വെല്ലുവിളിക്കാനാരംഭിച്ചിരിക്കുന്നു. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള ഒരു പ്രതികരണം മാത്രമല്ല ഈ സംഘടന. സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെല്ലാം എതിരായി ഇവര്‍ നിലപാടെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ന് സിനിമയിലേക്ക് വന്നിട്ടുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നതില്‍ ആര്‍ക്കും പിന്നിലല്ല. സിനിമയിലിന്ന് സംവിധായകരായും സാങ്കേതിക വിദഗ്ധരായും ഒക്കെ സ്ത്രീകളുണ്ട്. അവരെ പണ്ടെപ്പോലെ കീഴടക്കി വയ്ക്കാമെന്ന് ആരും കരുതരുത്. സിനിമയിലെ മുന്‍ തലമുറ ഈ മാറ്റം കാണണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

കേരളസമൂഹത്തില്‍ പുരുഷാധിപത്യം ഉള്ളത് സിനിമയില്‍ മാത്രമല്ല. സമൂഹജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമുണ്ടത് കുടുംബം, രാഷ്ട്രീയം, മതം, മാധ്യമം, മുതലാളിത്തം, തൊഴില്‍, സംഘടനകള്‍, സാഹിത്യം, കല എന്നിങ്ങനെ എല്ലായിടത്തും. പുരുഷന്‍ തീരുമാനിക്കും സ്ത്രീ അനുസരിക്കും. പുരുഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും. എന്നാല്‍ ഈ സ്ഥിതി ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com