സെന്‍കുമാര്‍ ഇറങ്ങുന്നു, പുതിയ പടമുഖത്ത്

സ്വന്തം സഹപ്രവര്‍ത്തകര്‍ തിരിഞ്ഞുകൊത്തിയതിന്റെ വേദനയോടെയാണ് സെന്‍കുമാറിന്റെ പടിയിറക്കം. അതു പുതിയ പടമുഖത്തേക്കാവുമോ എന്നത് പ്രസക്തിയുള്ള ചോദ്യമാണ്
സെന്‍കുമാര്‍ ഇറങ്ങുന്നു, പുതിയ പടമുഖത്ത്

സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ കുറ്റവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്നൊരു വാര്‍ത്ത വന്നു, സെന്‍കുമാര്‍ രണ്ടാംവട്ടം ചുമതലയേറ്റു ദിവസങ്ങള്‍ക്കുള്ളില്‍. ഗോപാലകൃഷ്ണന്‍ എന്ന എ.ഐ.ജിയോട് മുന്‍പെന്നോ അദ്ദേഹം അപമര്യാദയായി പെരുമാറിയെന്ന പരാതിയിലെ തുടര്‍ നടപടി. എന്നാല്‍, അന്നുമിന്നും അങ്ങനെയൊരു കുറ്റവിചാരണ അനുമതി ഇല്ല എന്നതാണ് വസ്തുത. ഉണ്ടെങ്കില്‍ അതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകണം. അങ്ങനെയൊരു ഉത്തരവ് ഇതേവരെ ഇറങ്ങിയിട്ടില്ല. 
പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നു മൂന്നാംപക്കം പൊലീസ് മേധാവിയുടെ പദവിയില്‍നിന്നു പൊലീസിനു കെട്ടിടങ്ങള്‍ പണിയുന്ന കോര്‍പ്പറേഷന്റെ തലപ്പത്തേയ്ക്കു മാറ്റിയതിനെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ച് ടി.പി. സെന്‍കുമാര്‍ തിരിച്ചെത്തിയതു മുതല്‍ അദ്ദേഹത്തിനെതിരെ അത്യുന്നതങ്ങളിലെ ആശീര്‍വാദത്തോടെ നടക്കുന്ന ഒളിയുദ്ധങ്ങളുടെ ഒന്നാന്തരം ഉദാഹരണമാണിത്. ഗോപാലകൃഷ്ണന്‍ പൊലീസ് പരിശീലന അക്കാദമിയിലായിരിക്കെ അദ്ദേഹവും സെന്‍കുമാറും തമ്മില്‍ എന്തോ പ്രശ്‌നം എപ്പഴോ ഉണ്ടായത് ഓര്‍ത്തുവച്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇല്ലാത്ത കുറ്റവിചാരണ അനുമതി സൃഷ്ടിക്കുകയായിരുന്നു. വിശ്വസനീയമെന്നു തോന്നിപ്പിച്ച ആ വാര്‍ത്തയുടെ മറ്റൊരു രൂപമാണ് നടക്കാത്ത കൈയേറ്റം നടന്നുവെന്ന പരാതിയും. ഡി.ജി.പി തന്നെ കൈയേറ്റം ചെയ്തുവെന്നു പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയാണ് പരാതിപ്പെട്ടത്. ആദ്യത്തേത് പൊലീസ് ആസ്ഥാനത്തുനിന്നു മാധ്യമങ്ങളിലേക്കു വളഞ്ഞ വഴിക്കാണ് എത്തിയതെങ്കില്‍ രണ്ടാമത്തേതു പൊലീസ് ആസ്ഥാനത്തുനിന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്കു നേരിട്ടുതന്നെ എത്തി. ആദ്യത്തേതിനു കൃത്യമായ ഔദ്യോഗിക സ്രോതസ്സില്ല; രണ്ടാമത്തേതിനുണ്ട്. ലക്ഷ്യം ഒന്നുതന്നെ, സെന്‍കുമാറിനെ ബുദ്ധിമുട്ടിക്കുക, കഴിയുമെങ്കില്‍ ഒന്നിരുത്തുക, ഡി.ജി.പിയുടെ കസേരയില്‍ ഇരിക്കപ്പൊറുതി ഇല്ലാതാക്കുക. ഇതൊന്നും നടന്നില്ലെങ്കില്‍പ്പോലും പ്രതിച്ഛായയ്ക്കുമേല്‍ മഷി കോരിയൊഴിക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ കാര്യം. പക്ഷേ, ഒന്നും നടന്നില്ല. 
''സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നു ജനം വിശ്വസിക്കുന്ന സെന്‍കുമാറിനെ അലോസരപ്പെടുത്താന്‍ ഭരണതലപ്പത്തെ ശത്രുക്കള്‍ നിയോഗിച്ചതു ജനത്തിനു മുന്നില്‍ കൊള്ളാവുന്ന പ്രതിച്ഛായയേ ഇല്ലാത്ത ഒരുദ്യോഗസ്ഥനെയാണ്. അങ്ങനെയാണ് പൊലീസ് ആസ്ഥാനം നിലവാരമില്ലാത്ത പോരിന്റെ പേരില്‍ നാണംകെട്ടത്.' പറയുന്നതു പൊലീസിനെ അടിമുടി അറിയാവുന്ന മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍. തല്‍ക്കാലം അദ്ദേഹത്തിനു പാര്‍ട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അലോസരപ്പെടുത്താന്‍ താല്‍പ്പര്യമില്ല. അതുകൊണ്ട് ഈ പരസ്യവിമര്‍ശനത്തില്‍ അദ്ദേഹത്തിന്റെ പേരുവയ്ക്കുന്നില്ല. വിജിലന്‍സിന്റെ ത്വരിത പരിശോധന നേരിടുന്നയാള്‍ ചരിത്രത്തിലാദ്യമാണ് വിജിലന്‍സ് ഡയറക്ടറായിരിക്കുന്നത് എന്നായിരുന്നു ജേക്കബ് തോമസിനെതിരെ ഇടക്കാലത്ത് ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന്. ഇതിപ്പോള്‍, കുറ്റാരോപണങ്ങളുടേയും അന്വേഷണങ്ങളുടേയും വലിയ ഭാരം ശിരസ്സിനുമേലുള്ള, കുറ്റവിമുക്തി നേടിയിട്ടില്ലാത്ത ഉന്നത ഉദ്യോഗസ്ഥന്‍ പൊലീസ് ആസ്ഥാനത്തെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടാന്‍ ശ്രമിക്കുന്നു. കാര്യങ്ങള്‍ വളരെ മോശമാണ്, ഗുരുതരവും. നമുക്കൊന്നിച്ചു മുന്നേറാം, സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന ഒന്നാം വാര്‍ഷിക സന്ദേശം പൊലീസ് ആസ്ഥാനത്തെ സെന്‍കുമാര്‍ വിരുദ്ധ സംഘത്തോട് മുഖ്യമന്ത്രിയോ അദ്ദേഹത്തിനൊപ്പമുള്ള മറ്റു ചിലരോ പറയാതെ പറയുന്ന ഐക്യദാര്‍ഢ്യവാക്യമായി മാറിയിരിക്കുന്നു. 
മന്ത്രിമാരില്‍ മുഖ്യനാണ് പിണറായി വിജയന്‍ എന്നതുപോലെ കേരളത്തിലെ പൊലീസുകാരില്‍ മുഖ്യനാണ് സെന്‍കുമാര്‍. മുഖ്യമന്ത്രി എന്നതുപോലെ മുഖ്യപൊലീസ്. രണ്ടുപേരും സ്വന്തം പദവികളില്‍ എത്തിയത് ഓടു പൊളിച്ചല്ല. കുട്ടിക്കാലം മുതല്‍ രാഷ്ട്രീയം കണ്ടും അറിഞ്ഞും അര്‍ഹതയുടേയും യോഗ്യതയുടേയും തലങ്ങളെല്ലാം കടന്നാണ് പിണറായി മുഖ്യമന്ത്രിയായത്. സെന്‍കുമാര്‍ പഠിച്ചത് രാഷട്രീയമല്ല, അതുകൊണ്ട് അദ്ദേഹം ഇന്ത്യന്‍ പൊലീസ് സര്‍വീസിലെത്തി. ഒരു നാള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചും ആകുമെന്നു പ്രതീക്ഷിച്ചുമാകില്ല പിണറായി കമ്യൂണിസ്റ്റായത് എന്നതിന്റെ മറുവശമാണ് സെന്‍കുമാറിന്റെ പൊലീസ് ജീവിതം. സ്വാഭാവിക കയറ്റങ്ങളുടെ ഒരു ഘട്ടത്തില്‍ പൊലീസ് മേധാവിയാകുമെന്ന് അദ്ദേഹത്തിനു കണക്കുകൂട്ടാനായിട്ടുണ്ടാകും. പക്ഷേ, അതിന്റെ അവസാനം ഈവിധം സമാധാനം നല്‍കാത്ത ഒരു സര്‍ക്കാരിനൊപ്പമാകുമെന്ന് അദ്ദേഹം കരുതിയിരിക്കാന്‍ തീരെയില്ല സാധ്യത. ഐ.പി.എസിലും ജീവിതത്തിലും സെന്‍കുമാര്‍ വന്ന വഴികളില്‍ അതിനു തക്ക കാരണങ്ങളൊന്നുമില്ലതാനും. എങ്കിലും സംഭവിച്ചത് അങ്ങനെയായി. 

ടിപി സെന്‍കുമാറിന് തിരുവനന്തപുരം സ്‌പെഷല്‍ ആംഡ് പൊലീസ് മൈതാനത്ത് നല്‍കിയ വിടവാങ്ങള്‍ പരേഡില്‍നിന്ന്. ചിത്രം കവിയൂര്‍ സന്തോഷ്/എക്‌സ്പ്രസ്‌
 

സുപ്രീംകോടതി വിധി വന്ന ശേഷവും അതു നടപ്പാക്കാതിരിക്കാന്‍ നടത്തിയ സകല ശ്രമങ്ങള്‍ക്കുമൊടുവിലാണ് മെയ് ഒമ്പതിന് സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി നളിനി നെറ്റോയും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സംവിധാനത്തിന് സെന്‍കുമാറിന്റെ വിജയവും തിരിച്ചുവരവും നാണക്കേടായതു സ്വാഭാവികം. കാരണം, അവരാണ് വഴിയില്‍ വലിയ കല്ലുകളെടുത്തുവച്ചു മാറിനിന്നു നിരീക്ഷിച്ചവരില്‍ പ്രധാനികള്‍. അതൊക്കെ പഴങ്കഥകളായി കരുതി ജൂണ്‍ 30 വരെ 52 ദിവസം സെന്‍കുമാറുമായി ഒത്തുപോകാനും അമ്പത്തിരണ്ടാം ദിവസം അദ്ദേഹം വിരമിക്കുമ്പോള്‍ തങ്ങള്‍ക്കു പറ്റിയ പൊലീസ് മേധാവിയെ വയ്ക്കാനും അവര്‍ക്കു കഴിയുമായിരുന്നു. പക്ഷേ, സമാധാനക്കേടുണ്ടാക്കാന്‍ മുന്‍കൂട്ടി ക്വട്ടേഷന്‍ കിട്ടിയവര്‍ ചുരികകള്‍ വീശി ഇറങ്ങി. തടുക്കാന്‍ സെന്‍കുമാറിനു കുറുവടി മതിയായില്ല. പകരം അദ്ദേഹം നട്ടെല്ലുകൊണ്ടു തടുത്തു, തടുത്തുകൊണ്ടേയിരുന്നു. അതിന്റെ ഭാഗമായാണ് ശക്തമായ ഭാഷയില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ആ കുറിപ്പ് ജൂണ്‍ 12-നു പൊലീസ് മേധാവി ഇറക്കിയത്. ''ഞാനാണ് സംസ്ഥാന പൊലീസ് മേധാവി' എന്ന സംശയരഹിതമായ പ്രഖ്യാപനം തന്നെയായിരുന്നു അത്. 
''പൊലീസ് ആസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളിലൂടെ ഞാന്‍ കടന്നുപോയി. വന്‍തോതില്‍ ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്. പ്രത്യേകിച്ചും പരാതികളും അച്ചടക്കനടപടികളും സംബന്ധിച്ചവ. ഒരു ഓഫീസില്‍ കെട്ടിക്കിടക്കുന്ന ഫയല്‍ക്കൂമ്പാരമുണ്ടാകുന്നതു കാര്യക്ഷമതയില്ലാത്ത ഫയല്‍ കൈകാര്യം ചെയ്യല്‍ രീതിയുടെ തെളിവാണ്. സാധാരണഗതിയില്‍ ഒരു സെക്ഷനില്‍ ആറു മാസത്തിലധികം ഫയല്‍ കെട്ടിക്കിടക്കേണ്ട കാര്യമില്ല. അകാരണമായി അങ്ങനെ സംഭവിക്കുന്നതിനു പിന്നില്‍ നടപടിയിലെ അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയുമാണുള്ളത്. അത് ആസ്ഥാനത്തോ താഴെയുള്ള ഓഫീസുകളിലോ ആകാം. ആസ്ഥാനം ഒരിക്കല്‍ ഊര്‍ജ്ജിത നടപടി തുടങ്ങിയാല്‍ താഴേത്തട്ടിലും സ്ഥിതി മെച്ചപ്പെടും.' എന്ന് ആമുഖമായി വിശദീകരിക്കുന്ന ആ കുറിപ്പ് ശരിക്കും ഒരു ക്‌ളസ്റ്റര്‍ ബോംബായാണ് ചെന്നുവീണത്. മെയ് ഒമ്പതു മുതല്‍ ഒരു മാസത്തിലേറെയായി തനിക്കു മുന്നില്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മുഴുവന്‍ അലോസരങ്ങള്‍ക്കും മറുപടിയുണ്ടായിരുന്നു, അതിലെ വരികളിലും വരികള്‍ക്കിടയിലും. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ റ്റി സെക്ഷന്റെ നിയന്ത്രണത്തെക്കുറിച്ച് ആര്‍ക്കൊക്കെ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിലും പൊലീസ് മേധാവിക്ക് അതില്ല എന്നും അതോടെ വ്യക്തമായി. ''റ്റി സെക്ഷന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ റ്റി സെക്ഷനിലെ പരിശോധന ഞാന്‍ നേരിട്ടുതന്നെ നിര്‍വ്വഹിക്കുന്നതാണ്. റ്റി സെക്ഷനിലെ ഗുമസ്തര്‍ കൈമാറുന്ന ഫയലുകളുടെ പട്ടിക അടിയന്തരമായി എന്റെ സി.എയെ ഏല്‍പ്പിക്കണം. തീര്‍പ്പുകല്‍പ്പിച്ചു കഴിഞ്ഞ ഫയലുകളും ഈ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കണം' -അദ്ദേഹം വ്യക്തമാക്കി.
ഡി.ജി.പി 'റ്റി' ബ്രാഞ്ചിലെ ഫയലുകള്‍ ചോര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിനു ദുഷ്ടലാക്കുണ്ടെന്നും ഭരണവിഭാഗം എ.ഡി.ജി.പി മുകളിലേക്കു പരാതി നല്‍കിയതും എ.ഡി.ജി.പിക്കെതിരായ അന്വേഷണ രേഖകള്‍ അദ്ദേഹം ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് ഡി.ജി.പി ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചതും ഈ കുറിപ്പിന്റെ തുടര്‍ ചലനങ്ങളായിരുന്നു. പൊലീസ് മേധാവിയെ അതീവ രഹസ്യവിഭാഗത്തില്‍നിന്ന് അകറ്റിനിര്‍ത്തുക, അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കാനും ഇടയ്ക്കു കയറാനും എ.ഡി.ജി.പിയെ വയ്ക്കുക, സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിനെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്തവിധം പൊലീസ് മേധാവിയെ നിസ്സഹായനാക്കുക തുടങ്ങിയ വിക്രിയകള്‍ക്കു ചരടുവലിച്ചവരാണ് പൊലീസ് ആസ്ഥാനത്തെ നാണക്കേടിന്റെ കേന്ദ്രവും പൊലീസിനെ നിയന്ത്രിക്കാനാരുമില്ലാത്ത കാക്കിക്കൂട്ടവുമാക്കി മാറ്റിയത്. പുതുവൈപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് അഴിഞ്ഞാടിയപ്പോള്‍ കേരളം അതു തല്‍സമയം കണ്ടു ബോധ്യപ്പെട്ടു.


ഇതാണ് സ്മാര്‍ട്ട് പൊലീസ്

കെ. കരുണാകരന്‍ ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന 1991–96 കാലയളവിനിടെ പൊലീസ് ആസ്ഥാനത്ത് നടന്നതാണ് ഇതിനു സമാനമായ പോര്. ജയറാം പടിക്കലും റ്റി.വി. മധുസൂദനനും ആയിരുന്നു മുഖാമുഖം. രണ്ടുപേരും കരുണാകരനു പ്രിയപ്പെട്ടവരും വിശ്വസ്ഥരും. ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പിയായത് ജയറാം പടിക്കല്‍. അന്ന് ഡി.ജി.പി തസ്തിക ഒന്നേയുള്ളു. മധുസൂദനനും ആ പദവിയില്‍ നോട്ടമിട്ടു. പടിക്കല്‍ പടിയിറങ്ങാന്‍ വളരെക്കുറച്ചു മാസങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു. അതുകഴിഞ്ഞും മധുസൂദനനു സര്‍വ്വീസുമുണ്ടായിരുന്നു. എന്നിട്ടും പോര് മുറുകിത്തുടങ്ങുന്നുവെന്നു മനസ്സിലായപ്പോള്‍ മുഖ്യമന്ത്രി കണ്ടെത്തിയ പരിഹാരം രണ്ടുപേരേയും നിര്‍ബന്ധിത അവധിയില്‍ അയയ്ക്കുക എന്നതായി. എ.ഡി.ജി.പി എന്‍. കൃഷ്ണന്‍ നായര്‍ക്ക് ഡി.ജി.പിയുടെ ചുമതല നല്‍കുകയും ചെയ്തു. ആറു മാസത്തിലധികം അങ്ങനെ പോയി. ഇതിനിടെ ജയറാം പടിക്കല്‍ വിരമിക്കുകയും മധുസൂദനന്‍ ഡി.ജി.പിയായി തിരിച്ചുവരികയും ചെയ്തു. ഒന്നര വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം വിരമിച്ചത്. അന്നത്തെയും ഇന്നത്തെയും ആളുകള്‍ മാത്രമല്ല സാഹചര്യവും കാര്യകാരണങ്ങളും വ്യത്യസ്തമാണ്. പക്ഷേ, എ.ഡി.ജി.പിയുടെ പക്ഷം പിടിക്കുകയും ഡി.ജി.പിക്കു പാരവയ്ക്കുകയും ചെയ്തു ഭരണതലപ്പത്തിരിക്കുന്നവര്‍ നിലവിട്ടു പ്രവര്‍ത്തിക്കുന്നു എന്ന വികാരം വ്യാപകം. 
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ രമണ്‍ ശ്രീവാസ്തവ ഡി.ജി.പി ആയിരുന്നപ്പോഴും അധികാരത്തിന്റെ ഏറ്റവും തലപ്പത്ത് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നത് ഇന്റലിജന്‍സ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസിനാണ്. പിന്നീട് അദ്ദേഹം പൊലീസ് മേധാവിയുമായി. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കെ.എസ്. ബാലസുബ്രഹ്മണ്യന്‍ പൊലീസ് മേധാവിയായിരുന്നു. ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാറിനു വലിയ സ്വാധീനമാണ് അക്കാലം പൊലീസ് തലപ്പത്തുണ്ടായിരുന്നത്. 2001 മേയില്‍ മുഖ്യമന്ത്രിയായ എ.കെ. ആന്റണിയുടെ മാത്രം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പലര്‍ക്കും അനഭിമതനായിട്ടും കെ.ജെ. ജോസഫിനെ ഡി.ജി.പിയാക്കിയത്. പക്ഷേ, അധികാരത്തിന്റെ താക്കോല്‍ ഇന്റലിജന്‍സ് മേധാവി ഹോര്‍മിസ് തരകനിലായിരുന്നു. പിന്നീട് ഹോര്‍മിസ് തരകന്‍ പൊലീസ് മേധാവിയാവുകയും ചെയ്തു. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.
പൊലീസ് സേന കൂടുതല്‍ സ്മാര്‍ട്ട് എന്നാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ പൊലീസിനെക്കുറിച്ചു പറയുന്ന ഭാഗത്തിന്റെ തലക്കെട്ട്. പൊലീസ് സേനയുടെ ആധുനികവല്‍ക്കരണത്തിനു ബജറ്റില്‍ മുപ്പതു കോടി രൂപ വരുന്ന പദ്ധതികള്‍ക്കു ഭരണാനുമതി നല്‍കിയതു മുതല്‍ പരിശീലനം പൂര്‍ത്തിയാക്കി പുതുതായി 1598 അംഗങ്ങള്‍ കൂടി പൊലീസ് സേനയില്‍ എത്തിയതുവരെ നിരവധി അവകാശവാദങ്ങള്‍. അഴിമതി പൊറുപ്പിക്കില്ലെന്ന ശക്തമായ പ്രഖ്യാപനവുമുണ്ട് കൂട്ടത്തില്‍. പക്ഷേ, നൂറ് പൊലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കി എന്നു മുഖ്യമന്ത്രി വീമ്പു പറയുമ്പോള്‍ത്തന്നെ പൊലീസ് തലപ്പത്തെ പോരിനു സര്‍ക്കാര്‍ നേരിട്ടു കാര്‍മ്മികത്വം വഹിച്ചുവെന്നു പ്രമുഖ സാമൂഹിക–വിവരാവകാശ പ്രവര്‍ത്തകന്‍ ജോയി കൈതാരത്ത് ചൂണ്ടിക്കാട്ടുന്നു: ''അഴിമതിയോട് ശൂന്യ സഹിഷ്ണുത എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്നവരെ പൊലീസ് ആസ്ഥാനത്തു നിയമിച്ചതു തെറ്റ്. ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്കുമേല്‍ വീണ കളങ്കമായി അത്. സെന്‍കുമാറിനെ ഉന്നംവച്ചു പ്രവര്‍ത്തിച്ചവര്‍ സര്‍ക്കാര്‍ സ്വയം ചെളിക്കുണ്ടിലായതു കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു.'

ടിപി സെന്‍കുമാറിന് തിരുവനന്തപുരം സ്‌പെഷല്‍ ആംഡ് പൊലീസ് മൈതാനത്ത് നല്‍കിയ വിടവാങ്ങള്‍ പരേഡില്‍നിന്ന്. ചിത്രം കവിയൂര്‍ സന്തോഷ്/എക്‌സ്പ്രസ്‌
 

ആസ്ഥാന നാടകങ്ങള്‍

അപമാനിതനായി പൊലീസ് ആസ്ഥാനത്തു നിന്ന് 2016 മെയ് 28-നു പടിയിറങ്ങിയ സെന്‍കുമാര്‍ പതിനൊന്നു മാസം കഴിഞ്ഞു വിജയശ്രീലാളിതനായി തിരിച്ചെത്തിയതു മാധ്യമ, ജനശ്രദ്ധയുടെ നടുവിലേക്കാണ്. വീണ്ടും നിയമിക്കാതെ ഗതിയില്ലെന്നു വന്നപ്പോള്‍ അദ്ദേഹത്തെ 'നിരീക്ഷിക്കാന്‍' പൊലീസ് ആസ്ഥാനത്ത് സ്വന്തം ആളുകളെ വിന്യസിച്ചു സര്‍ക്കാര്‍ കാത്തിരുന്നു. തച്ചങ്കരിക്കു പുറമേ പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി ബല്‍റാം കുമാര്‍ ഉപാധ്യയെയും കൊണ്ടുവന്നു. തീരദേശ പൊലീസ് എ.ഡി.ജി.പിയുടെ പദവി നിലനിര്‍ത്തിക്കൊണ്ടാണ് തച്ചങ്കരിക്ക് അതിപ്രധാന തസ്തിക കൂടി നല്‍കിയത്. ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന അനില്‍ കാന്തിനെ അവിടെനിന്നു മാറ്റി നിയമിക്കാന്‍ വിജിലന്‍സില്‍ എ.ഡി.ജി.പിയുടെ എക്‌സ് കേഡര്‍ തസ്തിക തന്നെ സൃഷ്ടിച്ചു. കാര്യങ്ങളുടെ പോക്കു നേരായ വഴിക്കല്ലെന്നു തിരിച്ചറിഞ്ഞിട്ടാകാം ദിവസങ്ങള്‍ക്കുള്ളില്‍ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായ ദീര്‍ഘ അവധിയെടുത്തു പോയി. 
കുറച്ചെങ്കില്‍ കുറച്ചു ദിവസങ്ങള്‍ വിനീത വിധേയനായി പണിയെടുത്ത് ഇറങ്ങിപ്പോകാന്‍ മനസ്സില്ല എന്നു പറയാതെ പറഞ്ഞുകൊണ്ടാണ് സെന്‍കുമാര്‍ രണ്ടാമൂഴം തുടങ്ങിയത്. സ്വന്തം അധികാരപരിധിയില്‍പ്പെട്ട പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കിടയില്‍ ഒരു അഴിച്ചുപണി നടത്തുകയും ലോക്‌നാഥ് ബെഹ്‌റയുടെ ചില ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തു അദ്ദേഹം. റ്റി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റി മറ്റൊരാളെ പകരം നിയമിച്ചതാണ് ഇതില്‍ പ്രധാനം. തുടക്കത്തില്‍ പറഞ്ഞ അസാധാരണ കുറിപ്പിലേക്ക് സെന്‍കുമാറിനെ എത്തിച്ച കാര്യങ്ങളുടെ തുടക്കം അതായിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ബ്രൗണ്‍ പെയിന്റ് അടിക്കാനുള്ള ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ എ.ഐ.ജി ഹരിശങ്കറിനെ ചുമതലപ്പെടുത്തിയതായിരുന്നു ഒന്നാം ദിനത്തിലെ രണ്ടാമത്തെ സുപ്രധാന തീരുമാനം. 
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായപ്പോള്‍ വിജിലന്‍സ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ റ്റി ബ്രാഞ്ച് പൊളിച്ചതിനെക്കുറിച്ചു പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഉന്നതര്‍ക്കെതിരായ പരാതികള്‍ പൂഴ്ത്തിവയ്ക്കുന്ന സ്ഥലം എന്നാണ് അദ്ദേഹം റ്റി ബ്രാഞ്ചിനെ വിശേഷിപ്പിച്ചത്. എന്നാല്‍, പൊലീസ് ആസ്ഥാനത്തെ റ്റി ബ്രാഞ്ച് അങ്ങനെതന്നെ തുടര്‍ന്നു. സെന്‍കുമാര്‍ ആദ്യം പൊലീസ് മേധാവിയായപ്പോഴും അതിനു മാറ്റമുണ്ടായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം പോലും അവിടെനിന്നുള്ള രേഖകള്‍ കൊടുക്കാറുമില്ല. എല്ലാക്കാലത്തും പൊലീസ് മേധാവിയായവര്‍ സ്വന്തം വിശ്വസ്തരെയാണ് അതിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. പക്ഷേ, ഇത്തവണ ആ അതീവ രഹസ്യങ്ങളുടെ കലവറയില്‍ സംസ്ഥാന പൊലീസിന്റെ തലവന്‍ ഇടപെടരുത് എന്നുവന്നു. റ്റി ബ്രാഞ്ചിലേക്ക് കുമാരി ബീനയ്ക്കു പകരം നിയമിച്ച എന്‍ ബ്രാഞ്ചിലെ സൂപ്രണ്ട് സി.എസ്. സജീവ് ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. ഇതോടെ പേരൂര്‍ക്കട പ്രത്യേക സായുധ പൊലീസ് ക്യാമ്പിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയ്ക്കു റ്റി ബ്രാഞ്ചിലേക്കു മാറ്റം നല്‍കി. ഓഡിറ്റില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് സെന്‍കുമാര്‍ നല്‍കിയ മറ്റൊരു ഉത്തരവ്. 
ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ച കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിനെതിരെ വധഭീഷണിയുണ്ടെന്ന പരാതിയുമായി ബന്ധപ്പെട്ട ഫയല്‍ റ്റി ബ്രാഞ്ചില്‍ കെട്ടിക്കിടക്കുകയായിരുന്നു. ആ പരാതിയെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. ജനുവരി 18-നാണ് എം.എല്‍.എ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കിയത്. സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം ചീഫ് സെക്രട്ടറിക്കും മുകളിലാണ് നിയമസഭാംഗത്തിന്റെ പദവി. എന്നാല്‍, എം.എല്‍.എയുടെ പരാതിയില്‍ ഡി.ജി.പി നടപടിയെടുത്തെങ്കിലും ഫയല്‍ പോയ വഴി കണ്ടില്ല. റ്റി ബ്രാഞ്ചിലാണ് അതു മുങ്ങിയത് എന്ന സംശയം നിലനിന്നു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും അതിനെക്കുറിച്ചുള്ള വിവരം നല്‍കാതിരുന്നതുകൂടിയാണ് കുമാരി ബീനയെ മാറ്റാന്‍ കാരണം. റസാഖിന് പിന്നീട് സെന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി. അഡ്വക്കേറ്റ് ഡി.ബി. ബിനുവാണ് വിവരാവകാശ നിയമപ്രകാരം റസാഖിന്റെ പരാതിയേയും തുടര്‍ നടപടികളേയും കുറിച്ചു ചോദിച്ചത്. കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കു പരാതി നല്‍കി. റ്റി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സെന്‍ എം. പോള്‍ ഉത്തരവിട്ടത്. പക്ഷേ, അതും നടപ്പായില്ലെന്നു മാത്രം. എല്ലാം ഒരു ഒത്തുകളിയാണെന്നു കരുതുകയും മറ്റൊരു ഒത്തുകളിയിലൂടെ അതു പൊളിക്കുകയും ചെയ്തു. സര്‍ക്കാര്‍ അത്തരം ചെയ്തികള്‍ ആസ്വദിക്കുകയും ചെയ്തു.
ബെഹ്‌റ സ്ഥലം മാറ്റിയ, 14 വര്‍ഷമായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ജോലിചെയ്തിരുന്ന കോണ്‍സ്റ്റബിളിനെ തിരിച്ച് അവിടെത്തന്നെ നിയമിക്കാനും നിയമസഭാ സെക്രട്ടേറിയറ്റില്‍ പൊലീസിന്റെ ലെയ്‌സണ്‍ ജോലികള്‍ ചെയ്തിരുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ മാറ്റിയ ബെഹ്‌റയുടെ ഉത്തരവ് റദ്ദാക്കാനും ഒന്നാം ദിനംതന്നെ സെന്‍കുമാര്‍ സമയം കണ്ടു. ഈ ഉത്തരവുകളെല്ലാമായി ബന്ധപ്പെട്ട് അസാധാരണമായ മറ്റൊന്നുകൂടിയുണ്ടായി. പൊലീസ് മേധാവി നേരിട്ടാണ് ഈ ഉത്തരവുകള്‍ ഇറക്കിയത്. ഡി.ജി.പി ഫയല്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അദ്ദേഹത്തിനുവേണ്ടി പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഉത്തരവിറക്കുന്നതാണ് സാധാരണ രീതി. എന്നാല്‍, സെന്‍കുമാറിന്റെ വരവിനു മുന്‍പായി സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്തു നിയമിച്ചവര്‍ ഈ ഉത്തരവുകളെല്ലാം കണ്ടത് അവ പുറത്തിറങ്ങിയ ശേഷം മാത്രം. സര്‍ക്കാരിന്റെ നിരീക്ഷണപ്പട നോക്കുകുത്തിയായി എന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രം വാര്‍ത്താ തലക്കെട്ടു നല്‍കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ തലപ്പത്തെ സെന്‍കുമാര്‍ വിരുദ്ധസംഘം പ്രകോപിതരായി സടകുടഞ്ഞെണീറ്റു. 
നോക്കുകുത്തികളാകേണ്ടതില്ല എന്നു മുകളില്‍നിന്നു വ്യക്തമായ സന്ദേശം ലഭിച്ച നിരീക്ഷകസംഘം ഏല്‍പ്പിക്കപ്പെട്ട പണികള്‍ തിരക്കിട്ടു ചെയ്തു തുടങ്ങി. ശരിക്കും 'പണികള്‍' തന്നെ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി ദിവസങ്ങള്‍ക്കു മുന്‍പു നിയമിക്കപ്പെട്ട മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയ്ക്ക് ബെഹറയുടെ കാലത്ത് പൊലീസില്‍ ഉണ്ടായിരുന്ന ഇടം താന്‍ അംഗീകരിക്കില്ല എന്ന വ്യക്തമായ സന്ദേശം സ്ഥാനമേറ്റപ്പോള്‍ത്തന്നെ സെന്‍കുമാര്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ നിയമിച്ചയാള്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചുകൊള്ളും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. പ്രകോപനങ്ങള്‍ക്കൊരു അനുബന്ധമായി അതും മാറി. എ.ഐ.ജി മുതല്‍ എ.ഡി.ജി.പി വരെയുള്ളവര്‍ ഡി.ജി.പിയുടെ പേരില്‍ എന്തൊക്കെ ഉത്തരവുകള്‍ ഇറക്കിയേക്കാം എന്ന ആശങ്ക മറച്ചുവയ്ക്കാതെ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സെന്‍കുമാര്‍ ഒരു മുന്‍കരുതലെടുത്തു. പൊലീസ് മേധാവിയുടെ പേരില്‍ കീഴുദ്യോഗസ്ഥര്‍ ഉത്തരവുകള്‍ ഇറക്കേണ്ട എന്ന നിര്‍ദ്ദേശം നല്‍കി. തന്നെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ എന്തും എപ്പോഴും സംഭവിച്ചുകൂടായ്കയില്ല എന്ന തോന്നല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഉണ്ടാക്കിയെടുക്കുന്നതില്‍ സര്‍ക്കാര്‍ 'വിജയിച്ച'തിനു തെളിവായി അത്. 
'സംസ്ഥാന പൊലീസ് മേധാവിക്കു വേണ്ടി' എന്നു രേഖപ്പെടുത്തി എ.ഐ.ജി മുതല്‍ എ.ഡി.ജി.പി വരെയുള്ളവര്‍ ഉത്തരവിറക്കിവന്ന കീഴ്‌വഴക്കമാണ് അവസാനിപ്പിച്ചത്. കോണ്‍സ്റ്റബിള്‍ മുതല്‍ എസ്.ഐ വരെയുള്ളവരുടെ കാര്യങ്ങളില്‍ എ.ഐ.ജിയും കുറച്ചുകൂടി ഗൗരവമുള്ള കാര്യങ്ങളിലും സര്‍ക്കാരിനു നല്‍കുന്ന കത്തുകളിലും ഐ.ജി അല്ലെങ്കില്‍ എ.ഡി.ജി.പി ഡി.ജി.പിക്കുവേണ്ടി മുന്‍പ് ഒപ്പിട്ടിരുന്നു. 
തിരുവനന്തപുരത്തു കാര്യങ്ങള്‍ ഈ വിധം മുന്നേറുമ്പോള്‍ത്തന്നെ സെന്‍കുമാറിന്റെ സുപ്രീംകോടതിയിലെ ഹര്‍ജിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നേരിട്ടിരുന്ന കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മാപ്പപേക്ഷ നല്‍കേണ്ടിവന്നു. സര്‍ക്കാര്‍ 25000 രൂപ പിഴയും കെട്ടിവച്ചു. പൊലീസ് മേധാവിയായി തന്നെ നിയമിക്കണം എന്ന വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ സെന്‍കുമാര്‍ നല്‍കിയതായിരുന്നു കോടതിയലക്ഷ്യ ഹര്‍ജി. ഒടുവില്‍ വിധി നടപ്പാക്കിയതു കണക്കിലെടുത്താണ് ഹര്‍ജി തീര്‍പ്പാക്കിയത്. വിധി നടപ്പാക്കിയതായി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനു വിരുദ്ധമായ വിധം താന്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായി ചീഫ് സെക്രട്ടറി അതിനു തൊട്ടു മുന്‍പത്തെ ദിവസം മാപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു. അക്കാര്യത്തിലെ തുടര്‍ തീരുമാനം കോടതിക്കു വിടുന്നുവെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം രേഖകളുടെ ഭാഗമാക്കണമെന്നും സെന്‍കുമാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ഹാരീസ് ബീരാന്‍ കോടതിയെ ബോധിപ്പിച്ചു. സത്യവാങ്മൂലം രേഖകളുടെ ഭാഗമാക്കിയതായി കോടതി വ്യക്തമാക്കുകയും ചെയ്തു. 
കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി സുപ്രീംകോടതിയിലെ കേസുകളില്‍ ഹാജരായിരുന്ന ഹാരീസ് ബീരാനെ ദിവസങ്ങള്‍ക്കുള്ളില്‍ ആ ചുമതലകളില്‍നിന്നു നീക്കുന്നതാണ് പിന്നെ കണ്ടത്. ശത്രുവിന്റെ മിത്രങ്ങളെല്ലാം ശത്രുക്കള്‍. അതിനു ന്യായീകരണമായി സര്‍ക്കാര്‍ പക്ഷം ചില ന്യായവാദങ്ങള്‍ നിരത്തുന്നുണ്ട്. വന്‍തുക ഫീസ് വാങ്ങി മാത്രം കേസുകളെടുക്കുന്ന സുപ്രീംകോടതിയിലെ അഭിഭാഷകര്‍ സെന്‍കുമാറിനുവേണ്ടി ഹാജരായതിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരായ ഏതൊക്കെയോ ശക്തികളുണ്ട് എന്നാണ് ആ വാദം. ''അവര്‍ സൗജന്യമായൊന്നുമല്ല കേസ് വാദിച്ചത്. ഇടതുപക്ഷത്തിന്റെ ചില ശത്രുക്കളാണ് അവര്‍ക്കു പണം നല്‍കിയതെന്നു വേണം കരുതാന്‍. കളി രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ വിരമിച്ച ശേഷവും അതു തുടരാനാണ് സാധ്യത.' പൊലീസില്‍നിന്നു സമീപകാലത്തു വിരമിച്ച സി.പി.എം അനുകൂല ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. 

ആരുടെ പൊലീസ്

ഹാരീസ് ബീരാന്‍ ഒരു തുടക്കം മാത്രമായിരുന്നു; വരാന്‍ പോകുന്ന പലതിന്റേയും സൂചനയും. മെയ് മാസം അവസാനിക്കുന്നതിനു മുന്‍പേതന്നെ സൂചനകളില്‍ പലതും യാഥാര്‍ത്ഥ്യമായി. സെന്‍കുമാറിന്റെ വിശ്വസ്തനായിരുന്ന പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗ്രേഡ് എ.എസ്.ഐ അനില്‍കുമാറിനെ സ്ഥലം മാറ്റിയതായിരുന്നു അതില്‍ പ്രധാനം. മെയ് 30-ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഉത്തരവ് കൈയില്‍ കിട്ടിയപ്പോള്‍ മാത്രമാണ് സെന്‍കുമാര്‍ കാര്യം അറിഞ്ഞത്. 
ഒരു എ.എസ്.ഐയെ മാറ്റാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുന്ന അസാധാരണ നടപടി മുന്‍പുണ്ടായിട്ടില്ല. അനില്‍കുമാര്‍ വലിയ കുഴപ്പക്കാരനാണെന്നും പൊലീസ് ആസ്ഥാനത്തെ പല സെക്ഷനുകളിലും കയറി ഫയലുകള്‍ പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതായി മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി പറഞ്ഞു. അനില്‍കുമാറിനെ ചാരിത്തന്നെയാണ് അടിച്ചതെന്നു നന്നായി മനസ്സിലായതുകൊണ്ട് അത് അങ്ങനെയങ്ങ് നടപ്പാക്കാന്‍ ഡി.ജി.പി തയ്യാറായില്ല. അനില്‍കുമാര്‍ അവിടെത്തന്നെ തുടര്‍ന്നു. സര്‍ക്കാര്‍ വെറുതേയിരുന്നില്ല. ദിവസങ്ങള്‍ക്കുശേഷമാണെങ്കിലും അനില്‍കുമാറിനു പോകേണ്ടിവന്നു. ആദ്യം പേരൂര്‍ക്കട ക്യാമ്പിലേക്ക്. പിന്നീട് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക്. പേരൂര്‍ക്കടയിലായിരിക്കുമ്പോഴും അദ്ദേഹം പൊലീസ് ആസ്ഥാനത്തെ കാര്യങ്ങളില്‍ ഇടപെട്ടുവെന്ന പരാതി ഉയര്‍ന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു ശുപാര്‍ശകളും പോയി. അനില്‍കുമാറിനെതിരെ കൂടുതല്‍ നടപടി വന്നേക്കുമെന്ന സൂചനകള്‍ ശക്തമാണ്. വിരമിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ള സെന്‍കുമാറിനുവേണ്ടി അനില്‍കുമാര്‍ എന്തൊക്കെയോ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നു നിശ്ചയിച്ചുറപ്പിച്ചാണ് ഈ നിഴല്‍യുദ്ധം.
പൊലീസ് സേന ശക്തവും ജനോപകാരപ്രദവുമായിരിക്കാന്‍ ടി.പി. സെന്‍കുമാര്‍ ചൂണ്ടിക്കാണിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്. പൊലീസിനു സ്വന്തം ജോലി അറിയണം, വിശ്വസ്തരായിരിക്കണം, മറ്റു താല്‍പ്പര്യങ്ങളുണ്ടാകരുത്. ഈ വിധത്തിലേക്കു പൊലീസിനെ കൊണ്ടുവരുന്ന കാര്യത്തില്‍ മാതൃകയാകാന്‍ മുകളിലുള്ളവര്‍ക്കു സാധിച്ചാല്‍ താഴെയുള്ളവര്‍ അതിലേക്കു വരും എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ബാക്കിയുള്ള വളരെക്കുറച്ചു ശതമാനം ക്രിമിനല്‍ സ്വഭാവമുള്ളവരെ സര്‍വ്വീസില്‍നിന്ന് ഒഴിവാക്കിയും കേസെടുത്തുമൊക്കെ നിലയ്ക്കുനിര്‍ത്താമെന്നും മുന്‍പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. സ്വന്തം ജോലി നന്നായി അറിയാവുന്നതുകൊണ്ടും അതിനോടു വിട്ടുവീഴ്ചയില്ലാത്തവിധം വിശ്വസ്തനായതുകൊണ്ടും സെന്‍കുമാറിനു മറ്റു താല്‍പ്പര്യങ്ങളുണ്ടായതായി കേരളം കണ്ടില്ല. പക്ഷേ, സ്വന്തം ഡി.ജി.പിക്കെതിരായ പടയിലെ കരുക്കളാകുന്നവര്‍ ചെയ്യുന്നത് അവരുടെ ജോലിയല്ല. അവര്‍ വിശ്വസ്തരായിരിക്കുന്നത് പകവീട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടവരോട്; അവരുടെ മാത്രം താല്‍പ്പര്യങ്ങളോട്.
സ്വന്തം സഹപ്രവര്‍ത്തകര്‍ തിരിഞ്ഞുകൊത്തിയതിന്റെ വേദനയോടെയായേക്കും സെന്‍കുമാര്‍ പടിയിറങ്ങുക. അതുകൊണ്ടു പടയടങ്ങുമോ എന്നു കാണാന്‍ കാത്തിരിക്കേണ്ടി വരും.

ഫയലുകള്‍ 
അപ്രത്യക്ഷമാകുന്ന 
പൊലീസ് ആസ്ഥാനം 

റ്റി ബ്രാഞ്ച് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നു വ്യക്തമാക്കി എതിര്‍പക്ഷത്തെ ഞെട്ടിച്ച് ടി.പി. സെന്‍കുമാര്‍ പുറപ്പെടുവിച്ച കുറിപ്പില്‍നിന്നു ചില വിവരങ്ങള്‍കൂടി: ഇ ഫയലിങ് സംവിധാനത്തില്‍നിന്നു പൂര്‍ണ്ണമായി വ്യതിചലിച്ചാണ് പൊലീസ് ആസ്ഥാനത്തെ ചില സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. ചില സെക്ഷനുകള്‍ ഇ ഫയലിങ് (ഐ.എ.പി.എസ്) സംവിധാനം മുഖേനയും അല്ലാതെയും ഒരേ സമയം ഫയലുകള്‍ കൈകാര്യം ചെയ്യുന്നു. ഇതു ഫയലുകളുടെ ശരിയായ കണക്കുവയ്ക്കലിനു തടസ്സമാകുന്നു. ഇ ഫയലിങില്‍നിന്ന് എന്തുകൊണ്ടാണ് ചില സെക്ഷനുകളെ ഒഴിവാക്കിയതെന്നു മാനേജര്‍ തനിക്കു വ്യക്തമായ വിശദീകരണം നല്‍കിയേ തീരൂ.
ഇരുന്നൂറിലധികം ഫയലുകള്‍ കെട്ടിക്കിടക്കുന്ന സെക്ഷനുകള്‍ സ്റ്റാഫ് ഓഫീസറും മാനേജരും പരിശോധിക്കണം. സീറ്റ് ക്‌ളര്‍ക്കിന്റെ അശ്രദ്ധകൊണ്ടാണോ അങ്ങനെ സംഭവിക്കുന്നതെന്നും നോക്കണം. അത്തരം കേസില്‍ ആ ക്‌ളര്‍ക്കിന്റെ മുന്‍ഗാമി സ്വീകരിച്ച ഫയലുകള്‍ എത്രയെന്നും താന്‍ തുറന്ന ഫയലുകള്‍ എത്രയെന്നും പരിശോധിക്കണം. കൈമാറിയ ഫയലുകളുടെ എണ്ണം പരിശോധിക്കുകയും എണ്ണം ഉറപ്പാക്കുകയും വേണം.
യഥാര്‍ത്ഥ സൂചനാ വിവരങ്ങള്‍ നഷ്ടപ്പെടുന്നതാണ് ഫയലുകളും തപാലുകളും ക്‌ളര്‍ക്കുമാര്‍ തൊടാതിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി അവര്‍ പറയുന്നത്. നടപടിയുടെ പാതിവഴിക്കോ സീറ്റ് മാറ്റത്തിനിടയിലോ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഫയലുകളുടെ പട്ടിക സൂക്ഷിക്കുന്നതില്‍ ആരും ശ്രദ്ധ വയ്ക്കുകയോ കൃത്യമായി കൈമാറുകയോ ചെയ്യുന്നില്ല. പലപ്പോഴും ഫയലുകള്‍ ഇല്ലാതാക്കാന്‍ മനപ്പൂര്‍വം ചെയ്യുന്നതാകാം ഇത്. അതുകൊണ്ടു ഫയല്‍ കൈമാറ്റം സംബന്ധിച്ച് ക്‌ളര്‍ക്കുമാര്‍ക്ക് അടിയന്തര മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണം. ഓരോ ഫയലിന്റേയും പകര്‍പ്പു സൂക്ഷിക്കാനും നിര്‍ദ്ദേശിക്കണം. 
പൊലീസ് ആസ്ഥാനത്തെത്തുന്ന എല്ലാ തപാലുകളും കൃത്യമായി ബന്ധപ്പെട്ട സെക്ഷനുകള്‍ക്കു വിതരണം ചെയ്യുന്നുവെന്നു മാനേജര്‍ ഉറപ്പുവരുത്തണം. അതീവ രഹസ്യ, സ്വകാര്യ വിവരങ്ങള്‍ അടങ്ങുന്ന വിവരങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിയെ കാണിച്ചിരിക്കണം. കൈകാര്യം ചെയ്യാന്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം വളരെ വലുതാണ് എന്നാണ് എനിക്കു കിട്ടിയ പട്ടികയില്‍നിന്നു മനസ്സിലാകുന്നത്. 
ഏതെങ്കിലും ഫയല്‍ കാണാതെ പോയിട്ടുണ്ടെങ്കില്‍ അത് ഒറ്റ ദിവസംകൊണ്ടു കണ്ടെത്തിക്കൊള്ളണം എന്നുള്‍പ്പെടെ ചില നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയ ശേഷമാണ് ആ അതീവ്ര പ്രധാനമായ പ്രഖ്യാപനം ഡി.ജി.പി നടത്തിയത്: ''റ്റി സെക്ഷന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ റ്റി സെക്ഷനിലെ പരിശോധന ഞാന്‍ നേരിട്ടുതന്നെ നിര്‍വ്വഹിക്കുന്നതാണ്. റ്റി സെക്ഷനിലെ ഗുമസ്തര്‍ കൈമാറുന്ന ഫയലുകളുടെ പട്ടിക അടിയന്തരമായി എന്റെ സിഎയെ ഏല്‍പ്പിക്കണം. തീര്‍പ്പുകല്‍പ്പിച്ചുകഴിഞ്ഞ ഫയലുകളും ഈ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കണം.'

മാറ്റിയവരെ തിരിച്ചു 
മാറ്റുന്ന മാറ്റം 

റ്റി ബ്രാഞ്ചില്‍നിന്ന് ഡി.ജി.പി മാറ്റിയ ജൂനിയര്‍ സൂപ്രണ്ട് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കുന്ന സാധാരണമല്ലാത്ത കാര്യവും കേരളം കണ്ടു. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും അവര്‍ പരാതി നല്‍കി. ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ടു വിവരാവകാശ നിയമപ്രകാരം ആരോ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരുന്നതിനാണ് തന്നെ മാറ്റിയെതന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. അതായത് ഡി.ജി.പി പുറത്തുനിന്ന നാളുകളില്‍ അദ്ദേഹത്തിനുവേണ്ടിയാണ് ഇവ ചോദിച്ചതെന്നും നല്‍കാത്തതിനു പ്രതികാരം ചെയ്യുകയാണെന്നും വന്നു. ഇതിനു പിന്നാലെ ബീനയെ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്കു നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ നില്‍ക്കാതെ അത് അദ്ദേഹം അനുസരിച്ചു. ബീനയ്ക്കു പകരം റ്റി ബ്രാഞ്ചിലേക്കു മാറ്റിയ സി.എസ്. സജീവ് ചന്ദ്രന്‍ ചുമതല ഏറ്റിരുന്നുമില്ല. ഇവര്‍ക്കൊപ്പം മാറ്റിയവര്‍ ചുമതലയേല്‍ക്കാന്‍ ആസ്ഥാനത്തെത്തിയെങ്കിലും പഴയ സ്ഥലങ്ങളിലേക്കു തിരിച്ചയച്ചു. അതേസമയം ആദ്യ സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരായ സുരേഷ് കൃഷ്ണ, സതികുമാര്‍ എന്നിവരെ സെന്‍കുമാര്‍ കെ, ആര്‍ ബ്രാഞ്ചുകളിലേക്കു പിന്നീട് മാറ്റി നിയമിച്ചിരുന്നു. ഒന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ നോക്കുന്ന സെക്ഷനും മറ്റേത് ആസ്ഥാനത്തെ വാഹനകാര്യങ്ങളുടെ സെക്ഷനുമാണ്. ആ നിയമനങ്ങള്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ റദ്ദാക്കി. ഫലത്തില്‍ സെന്‍കുമാര്‍ മാറ്റിയ ഒരൊറ്റ ജൂനിയര്‍ സൂപ്രണ്ടുമാരും മാറിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com