മഹാരാജകീയം മാര്‍ച്ച് അഞ്ചിന്

കലാലയസ്മൃതികളിലേക്ക് വീണ്ടും മഹാരാജാസ്
മഹാരാജകീയം മാര്‍ച്ച് അഞ്ചിന്

കൊച്ചി: മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നാലു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന മഹാരാജകീയ സംഗമം മാര്‍ച്ച് അഞ്ച് ഞായറാഴ്ച കോളേജ് അങ്കണത്തില്‍ നടക്കും. 2008ല്‍ ആരംഭിച്ച മഹാരാജകീയത്തിന്റെ മൂന്നാം പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നതെന്ന് മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, മഹാരാജകീയം സംഘാടകസമിതി ചെയര്‍മാന്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍ എന്നിവര്‍ പറഞ്ഞു.
142 വര്‍ഷം പിന്നിട്ട രാജകീയ കലാലയത്തിലെ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികളുടെ വലിയൊരു നിര തന്നെ സംഗമത്തിനെത്തും. ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, കായികതാരങ്ങള്‍, ചലച്ചിത്രതാരങ്ങള്‍, നാടകപ്രതിഭകള്‍ തുടങ്ങിയവരടങ്ങുന്നതാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ ശൃംഖല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തങ്ങളുടെ കലാലയത്തില്‍ ഒരുവട്ടം കൂടി ഒത്തുകൂടുന്നതിന് പൂര്‍വ വിദ്യാര്‍ത്ഥികളെത്തുന്നത്.
മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് മഹാരാജകീയത്തില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്തു മണിക്ക് ആര്‍.കെ. ദാമോദരന്‍ രചിച്ച് ടി.എസ്. രാധാകൃഷ്ണന്‍ ഈണം നല്‍കിയ ആമന്ത്രണഗാനം ബിജു നാരായണന്റെയും ഗണേഷ് സുന്ദരത്തിന്റെയും നേതൃത്വത്തില്‍ 101 പേരടങ്ങിയ ഗായകസംഘം ആലപിക്കുന്നതോടെയാണ് മഹാരാജകീയത്തിന് തിരശീല ഉയരുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, എം.പിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
എണ്‍പത് പിന്നിട്ട പൂര്‍വ വിദ്യാര്‍ത്ഥികളെ മഹാരാജകീയത്തില്‍ ആദരിക്കും. പഠിച്ചിറങ്ങിയ കാലഘട്ടങ്ങള്‍ തിരിച്ച് കോളേജിന്റെ വിവിധ ഭാഗങ്ങളിലായി സൗഹൃദ സംഗമങ്ങളും അരങ്ങേറും. 101 അംഗ സംഘത്തിന്റെ തിരുവാതിരകളി, ചലച്ചിത്രതാരങ്ങള്‍ നേതൃത്വം നല്‍കുന്ന സ്‌കിറ്റ്, ഗാനമേള, സര്‍വകലാശാല യുവജനോത്സവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും മഹാരാജകീയത്തിന് മാറ്റുകൂട്ടും.
പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്മരണകളും അപൂര്‍വചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന മഹാരാജകീയം സ്മരണിക സംഗമത്തില്‍ പ്രകാശനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com