ആര്‍എസ്എസ് കൊലവിളിക്കെതിരെ പ്രതിഷേധവുമായി സിപിഎം 

ആര്‍എസ്എസ് പ്രചാരകപ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി അറസ്റ്റ് ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം
ആര്‍എസ്എസ് കൊലവിളിക്കെതിരെ പ്രതിഷേധവുമായി സിപിഎം 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറനീക്കിയിരിക്കുയാണെന്ന് സിപിഐഎം. പിണറായി വിജയന്റെ തലവെട്ടിയാല്‍ ഒരു കോടിരൂപ ഇനാം ആര്‍എസ്എസ് നേതാവ് ഉജ്ജയനിയില്‍ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ പാര്‍ലമെന്റംഗം ചിന്താമണി മാളവിയയുടെയും നിയമസഭാംഗം മോഹന്‍ യാദവിന്റെയും സാന്നിധ്യത്തിലാണെന്നത് വധഭീഷണിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രചാരകപ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി അറസ്റ്റ് ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.

മോദി ഭരണത്തിന്റെ തണലിലെ സംഘപരിവാര്‍ അഴിഞ്ഞാട്ടം എത്രമാത്രം ഭീകരമായ അവസ്ഥയില്‍ രാജ്യത്തെ കൊണ്ടുചെന്നത്തിച്ചിരിക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും സംഘപരിവാര്‍ അത്രമാത്രം ഭയപ്പെടുകായാണ്. മംഗലാപുരത്തെ മതസൗഹാര്‍ദ റാലി ഉദ്ഘാടനം ചെയ്തതിന്റെ അരിശം കൂടി പ്രകടിപ്പിച്ച് കൊണ്ടാണ് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയത്.

ഈ സംഭവം ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളിയാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ നരേന്ദ്രമോദിയും ആര്‍എസ്എസ് ദേശീയ നേതൃത്വവും തയ്യാറാകണം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് പ്രഖ്യാപിക്കുന്നത്. ആര്‍എസ്എസിന്റെ കൊലവിളിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com