'ഉദ്ധരേദാത്മനാത്മാനാം... 'എന്ന്വച്ചാല്‍....  ഞാന്‍ ബജറ്റ് വായിക്കുന്നു

നാലും കൂട്ടി മുറുക്കുക എന്നതിന്  'ആഡഡ് ഫോര്‍ ആന്‍ഡ് ടൈറ്റന്‍' എന്ന് വി.കെ.എന്‍ എഴുതിയ പോലെ അര്‍ത്ഥപൂര്‍ണമാണ് ബജറ്റ് സാഹിത്യം ചിലര്‍ക്ക്. അത് അസംബന്ധം എന്നു പറഞ്ഞാല്‍ ഉത്തരം 'പാംപറ...' എന്നു വി.കെ.എന്‍
budget
budget

എഴുത്തച്ഛന്‍ 'ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം' എന്നെഴുതിയതിന്റെ അര്‍ത്ഥം ഇന്നും പച്ചമലയാളം മാത്രം പഠിച്ചുവരുന്ന എത്രപേര്‍ക്കു മനസ്സിലാകും എന്ന് ഉറപ്പില്ല. സംഗതിയുടെ അര്‍ത്ഥം പാമ്പിന്റെ കഴുത്തില്‍ അകപ്പെട്ട തവള എന്നാണ്. ബജറ്റ് പ്രസംഗങ്ങളുടെ കഴുത്തില്‍ മലയാള സാഹിത്യം കൃത്യമായി അകപ്പെടാന്‍ തുടങ്ങിയിട്ട് ഏതാണ്ടു പത്തു വര്‍ഷമായി. തോമസ് ഐസക്ക് മലയാള സാഹിത്യത്തിലും കെ.എം മാണി സംസ്‌കൃതത്തിലും മുങ്ങിത്തപ്പിയ കഴിഞ്ഞ പത്തുബജറ്റിനിടെ ഉമ്മന്‍ചാണ്ടി ഒരു തവണ മാത്രം വന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പ്രസംഗത്തില്‍ സംഗതി കഴിച്ചിലാക്കി. 

2008-09 വര്‍ഷത്തെ ബജറ്റ് തോമസ് ഐസക് അവതരിപ്പിക്കുമ്പോള്‍ ബഷീറിന്റെ പാത്തുമ്മയുടെ ആടായിരുന്നു താരം. പാത്തുമ്മയ്ക്കും ആടിനും വരെ ഇല്ലാത്ത പണം വീതംവയ്ക്കുന്ന ബഷീറില്‍ നിന്ന് തൊട്ടടുത്ത വര്‍ഷം തകഴിയുടെ കയറിലേക്കെത്തി. 'കീഴ്‌നടപ്പി''ല്ലെന്നു മുഖം നോക്കാതെ വിധിക്കുന്ന കഌസിപ്പേര്‍ കഥയ്ക്കു ശേഷം പിന്നെ ബജറ്റ് സാഹിത്യം കാവ്യാത്മകമാകുന്നതാണു കണ്ടത്. വൈലോപ്പിള്ളിയുടെ കാലം പെരുമണി മുഴക്കട്ടെയായിരുന്നു തോമസ് ഐസക് ഈണത്തില്‍ ചൊല്ലിയത്. പിന്നത്തെ വര്‍ഷം ഒ.എന്‍.വി കുറുപ്പിന്റെ ദിനാന്തം എന്ന കവിതയുടെ ഒരു ഖണ്ഡിക. ഇവിടെ ഒരു ഖണ്ഡിക എന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. അതിന്റെ ബാക്കിയൊരു ഖണ്ഡികയാണ് 2016-17ലെ റിവൈസ്ഡ് ബജറ്റ് കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചപ്പോള്‍ തോമസ് ഐസക് ചൊല്ലിയത്. തുടര്‍ സാഹിത്യം എന്നു പറയാം. 

കെ.എം മാണിയാണ് ബജറ്റിനെ സംസ്‌കൃതത്തില്‍ മുക്കി തേച്ചെടുത്തത്. ഉദ്ധരേദാത്മനാത്മാനാം തുടങ്ങി സഭാ സാമാജികരില്‍ പലര്‍ക്കും പോലും ഇന്നും മനസ്സിലാകാത്ത വിദുരവാക്യങ്ങള്‍ അഞ്ചുവര്‍ഷവും നിറഞ്ഞു. അതിനിടെ അവസാന ബജറ്റ്, ലഡു തിന്നു പ്രശസമായതെന്നോ, നിന്ന നില്‍പ്പില്‍ മേശപ്പുറത്തു വച്ചതെന്നോ പറയാവുന്ന സംഗതി, അവതരിപ്പിച്ചപ്പോള്‍ മാത്രം കടമെടുപ്പു സാഹിത്യ ഭംഗി ചോര്‍ന്നു പോയി. പകരം സ്വന്തമായ സാഹിത്യമായിരുന്നു. ഏഴു വര്‍ണങ്ങള്‍ ചേര്‍ന്നാണല്ലോ വെളിച്ചമുണ്ടാകുന്നത്. അതുപോലെ ഏഴു പദ്ധതികള്‍ ചേര്‍ന്നാണു കേരളത്തില്‍ വെളിച്ചമുണ്ടാകാന്‍ പോകുന്നതെന്ന നാലാംകഌസുകാരന്റെ ഉത്തരാധുനിക സാഹിത്യമായിരുന്നു അത്. 
പ്രസംഗങ്ങളുടെ കഴുത്തില്‍ നെക് ലസ് ആണെന്ന മട്ടില്‍ സ്ഥാപിച്ച കവിതകള്‍ ആ ബജറ്റിന്റെ സ്വഭാവം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാല്‍ മലയാള സര്‍വകലാശാലയില്‍ പ്രത്യേക ചെയര്‍ സ്ഥാപിച്ചു ഗവേഷണം നടത്താന്‍ വരുന്ന ബജറ്റിലെങ്കിലും പണമുണ്ടാകുമോ എന്നൊരു ചോദ്യമാണ് 2017-18ന്റെ മാര്‍ച്ച് മൂന്നിനെ കാത്തിരിക്കുന്നത്. 

കഴിഞ്ഞ പത്തു ബജറ്റുകളിലെ സാഹിത്യ പ്രയോഗങ്ങള്‍ പൂര്‍ണ രൂപത്തില്‍. 

2008-09 (തോമസ് ഐസക്)

സര്‍, 
ബഷീറിന്റെ ജന്മശതാബ്ദി വേളയില്‍ അവതരിപ്പിക്കുന്ന ഈ ബഡ്ജറ്റ് ബഷീറിനെ അനുസ്മരിച്ചു കൊണ്ടു ഞാന്‍് ഞാന്‍ ഉപസംഹരിക്കട്ടെ.
'പാത്തുമ്മയുടെ ആടിന്' ഒരു സാമ്പത്തിക വ്യവസ്ഥയുണ്ട്. ബഷീറിനെ പണത്തിനായി എല്ലാവരും ഉറ്റുനോക്കുന്ന അവസ്ഥ. എല്ലാവര്‍ക്കും
വേണ്ടത് നല്‍കണമെന്ന് ബഷീറിനുണ്ട്. പക്ഷേ അതിനുള്ള പണം ഇല്ലൈന്നു മാത്രം. ബഷീറിന്റ ഉമ്മയ്ക്ക് ബഷീറിനോട് എപ്പോഴും പറയാനുള്ളതിതാണ്.
'നെനക്ക്ങ്ങനേക്ക പറയാം. ഒറ്റാത്തടി, മുച്ചാം വയറ്. നീ എനിക്ക് കുറച്ച് രൂപ താ. എടാ ഒരു പത്ത് രൂപ ഇനിക്കുതാ.. അബ്ദു
കാദര് അറിയരുത്. ഹനീഫ അറിയരുത്. ആനുമ്മായും പാത്തുമ്മായും അറിയരുത്.:'
 

ബഷീറിന്റ മറുപടി ഇതാണ് : ''ഞാന്‍ വന്നതിനുശേഷം എത്ര രൂപ തന്നിട്ടുണ്ട്. ഈ വീട്ടില്‍ വച്ച്.. എത്ര രൂപ നിങ്ങള്‍ വാങ്ങിയിട്ടുണ്ട്? ഉമ്മയോട് ഞാനൊരു രഹസ്യം പറയാം. എന്റെ പക്കല്‍ ആകെക്കൂടി ഇനി അഞ്ചു രൂപയുടെ ഒരു നോട്ടുണ്ട്. വേറെ ദമ്പിടി കാശില്ല.'' 
ഉമ്മ ഉടനെ പറഞ്ഞു. ''അതിഞ്ഞാ എട്''.
ബഷീറിന് നൂറ് രൂപയുടെ മണിയോര്‍ഡറുമായി പോസ്റ്റ്മാന്‍ വരുന്ന രംഗമുണ്ട്. ആ പണം എത്തുന്നതിനുമുമ്പുതന്നെ കൃത്യമായി അതു വീതം വച്ചുകഴിഞ്ഞിരുന്നു. ഉള്ള പണം ഓരോരുത്തരുടെ ആവശ്യങ്ങള്‍ക്കായി ആലോചിച്ചും നര്‍മ്മത്തോടെയും നല്‍കുന്നതാണ് 'പാത്തുമ്മായുടെ ആടി'ന്റെ സാമ്പത്തികശാസ്ത്രം. അവിടെ ഇല്ലായ്മ ഉണ്ട്. ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും ശബ്ദം നേര്‍ത്തു വരുന്നു. ബഷീര്‍തന്നെ ഗ്ലാസെറിഞ്ഞ് പൊട്ടിക്കുന്നുമുണ്ട്. പക്ഷേ എല്ലാം അതിരുകള്‍ക്കുള്ളില്‍.  'പാത്തുമ്മയുടെ ആട്' തലയോലപ്പറമ്പിലെ ഒരു കൊച്ചുവീട്ടില്‍ നടന്ന സംഭവങ്ങളുടെ വിവരണം മാത്രമല്ല. ഉള്ളത് കുറവും വേണ്ടത് ഏറെയുമായിരിക്കുന്ന ഒരവസ്ഥയില്‍ തീരുമാനത്തിന്റേയും തെരഞ്ഞെടുപ്പിന്റേയും പൊതു അവസ്ഥയാണ്. നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി 'പാത്തുമ്മയുടെ ആട്' വായിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു. 


2009-10 (തോമസ് ഐസക്)

'എരുമത്ര മഠത്തില്‍ ക്ലാസിപ്പേര് വന്നു താമസിക്കാന്‍ തുടങ്ങുന്നു എന്നു കേട്ടപാതി കേള്‍ക്കാത്ത പാതികോടാന്ത്ര മൂത്താശാന്‍ പറയുന്നത് 'കീഴ്‌നടപ്പില്ല' എന്നാണ്. മുറജ

പത്തിന് തിരു വനന്തപു രത്തേക്ക് പോകുന്ന വൈദികരോ മറ്റോമാത്രമേ എരുമത്ര മഠത്തില്‍ താമസിച്ചിട്ടുള്ളൂ. ഉദ്യോഗസ്ഥര്‍ വന്നുതാമസിക്കുന്നത് 'കീഴ്‌നടപ്പില്ല' മണ്ണായ മണ്ണൊക്കെ അളന്നു തിരിച്ച്ഓരോരുത്തരുടെ പേരില്‍ എഴുതിവച്ചതുമുതല്‍ ഭൂപരിഷ്‌ക്കരണംനടക്കുന്നതുവരെ നാട്ടില്‍ ഒരുപാട് മാറ്റങ്ങളുായി. തീലും തൊടീലും പോയി; മരുമക്കത്തായം പോയി; റാണി-ചിത്തിര കായലുകളില്‍ ബുയര്‍ന്നു; ആലപ്പുഴയില്‍ ഫാക്ടറികള്‍ വന്നു; പുതിയ മുതലാളി വന്നു; തൊഴിലാളി വന്നു; തമ്പ്രാനെന്നു വിളിക്കില്ലെന്നു വന്നു; പാപ്പയെന്ന സ്ത്രീ ഉണര്‍ന്നു. അങ്ങനെ നമ്മള്‍ ഇവിടെ വന്നു. നല്ല വിദ്യാഭ്യാസവും സാമൂ ഹ്യബോധവും ഉള്ള ജനങ്ങള്‍; പക്ഷേ, കൃഷിയും കയറും പത്തെപ്പോലെ തന്നെ. ഇതു മാറിയേ തീരൂ. ഇതോരോന്നും വരുമ്പോള്‍ അന്നന്നത്തെ കോടാന്ത്ര മൂത്താശാന്മാര്‍ പറഞ്ഞിട്ടു ്. 'കീഴ്‌നടപ്പില്ല' പക്ഷേ സാര്‍, നമ്മള്‍ ഇന്നു നില്‍ക്കുന്നത് ഒരു ദശാസന്ധിയിലാണ്. ഇന്നത്തെ അസാധാരണ കാലം അസാധാരണ ഉത്തരങ്ങള്‍ തേടുന്നു. നമുക്ക് മുന്നോട്ടു പോകാനുള്ള പുതിയൊരു വഴി തിരഞ്ഞെടുക്കണം.'

കയറിലെ കോടാന്ത്ര മൂത്താശാന്മാരുടെ കീഴ്‌നടപ്പില്ല എന്ന പതിവു വിധിപ്രസ്താവത്തെ പരാമര്‍ശിച്ചായിരുന്നു ബജറ്റിലേക്കു സാഹിത്യം കൊണ്ടുവന്നത്.  


2010-11 (തോമസ് ഐസക്)

കാലം പെരുമണി നാദം മുഴക്കട്ടെ
കാറ്റുകള്‍ വന്നു കുലൂക്കീടട്ടേ,
മൂടുന്ന മഞ്ഞിലിരുട്ടില്‍ മയങ്ങുന്നു
മാടങ്ങള്‍, മണ്ണും മരവുമെല്ലാം
നീങ്ങാതെ നില്‍ക്കയോ ഹേമന്ത രാവിതു?
നീടുറ്റുഷസ്സുമെന്തിത്ര വൈകാന്‍?
നേരില്‍, കിനാവില്‍ ഞാന്‍ കണ്ട പകലിനെ
വാരിപ്പുണരാനെനിക്കു വെമ്പല്‍

വൈലോപ്പിള്ളിയുടെ വരികള്‍. കൂടാതെ ചോരതുടിക്കും ചെറുകയ്യുകളെ പേറുക വന്നീ പന്തങ്ങള്‍ തുടങ്ങിയ വരികളും പാടി. 

2011-12 (തോമസ് ഐസക്)

'പാലിച്ചു വാഗ്ദാനമേറെ, യെന്നാകിലും
പാലിക്കാനുണ്ടിനിയേറെ!
പിന്നുട്ടുദൂരങ്ങളേറെയെന്നാകിലും
പിന്നിടാനുണ്ടിനിയേറെ!
അന്നവും വസ്ത്രവും പാര്‍ക്കാനിടവുമീ
മന്നില്‍പ്പിറന്നവര്‍ക്കെല്ലാം-
ഒന്നേ നിയമവും നീതിയുമേവര്‍ക്കു-
മെന്നുറപ്പാകും വരേയും
പോവുക ധീരമായ് മുന്നോട്ടു-വാഗ്ദത്ത-
ഭൂവിലേയ്ക്കാവട്ടെ യാത്ര!'

ഒ.എന്‍.വി കുറുപ്പിന്റെ ദിനാന്തം എന്ന കവിതയില്‍ നിന്ന്. 

2011-12 (റിവൈസ്ഡ്- കെ.എം. മാണി)

സമാനാ: വ: ആകുതി
സമാനാ: ഹൃദയാനി വ:
സമാനമസ്തു വോ മന:
യഥാ വ: സുസഹാസതി

(ഋഗ്വേദം)
നിങ്ങളുടെ കര്‍മ്മങ്ങള്‍ ഒന്നായിരിക്കട്ടെ; നിങ്ങളുടെ ഹൃദയങ്ങള്‍ ഒന്നായിരിക്കട്ടെ: നിങ്ങളുടെ മനസ്സുകള്‍ ഒന്നായിരിക്കട്ടെ; അങ്ങനെ ഒരുമയോടെ പ്രവര്‍ത്തിച്ചു ക്ഷേമം കൈവരിക്കാന്‍ നമുക്കു കഴിയട്ടെ. 

2012-13 ബജറ്റ് (കെ.എം. മാണി)

വീരതയിനിമേല്‍ സൃഷ്ടിക്കേ്രത
കൊത്തിനുറുക്കാനല്ല, വിസ്തൃത 
ഭാരതഭൂവിനൊരനുബന്ധം മഴു-
വാലല്ലിവിടെ മെനഞ്ഞീടുന്നു
കേരളമേ, വികസിക്കുക നീ പുതു-
തായൊരു ജീവിതമാധുര്യത്തെ-
പ്പാരിനു നല്‍കാന്‍....'

ഇടശ്ശേരിയുടെ വികസിക്കുക എന്ന കവിത-കേരളത്തിനു വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കണം എന്ന ആഹ്വാനം. 

2013-14 ബജറ്റ് (കെ.എം. മാണി)

'ഉദ്ധരേദാത്മനാത്മാനാം
നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധു-
രാത്മൈവ രിപുരാത്മന:'

വിവേകശാലികളായ നമ്മള്‍ നമ്മളെ തന്നെ ഉദ്ധരിക്കണം. നമ്മള്‍ നമ്മളെത്തന്നെ ക്ഷീണിപ്പിക്കരുത്. നമ്മുടെ ബന്ധു നമ്മള്‍ തന്നെയാണ്. നമ്മുടെ ശത്രുവും നമ്മള്‍ തന്നെയാണ്. (ശ്രീകൃഷ്ണന്‍ അര്‍ജുനനു നല്‍കിയ ഉപദേശത്തില്‍ ഒന്ന്)

2014-15 ബജറ്റ് (കെ.എം. മാണി)

'ചക്ഷുഷാ മനസാ വാചാ
കര്‍മ്മണാ ച ചതുര്‍വിധം
പ്രസാദയതി യോ ലോകം
തം ലോകോ അനുപ്രസീദതി'

കണ്ണുകൊണ്ടും മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മംകൊണ്ടും ജനങ്ങളെ സന്തുഷ്ടരാക്കുന്നവരെ ജനങ്ങളും സന്തുഷ്ടരാക്കുന്നു. (മഹാഭാരത്തിലെ വിദുരവാക്യം)

2015-16 ബജറ്റ് (കെ.എം. മാണി) -വിവാദമായ ബജറ്റ്. 

ഏഴുവര്‍ണ്ണങ്ങള്‍ ചേരുമ്പോഴാണ് വെളിച്ചം ഉണ്ടാകുന്നത്. ഞാന്‍ സപ്തമുഖ വികസന പരിപാടിയാണ് കേരളത്തിന് അവതരിപ്പിക്കുന്നത്. ഈ കര്‍മ്മപരിപാടികള്‍ കരുതലിന്റെയും വികസനത്തിന്റെയും പുതിയ സൂര്യോദയം കേരളത്തിനു സമ്മാനിക്കും എന്ന് എനിക്കുറപ്പുണ്ട്. 

2016-17 (ഉമ്മന്‍ചാണ്ടി)

നമ്മള്‍ ഓരോരുത്തരും പിറന്നിട്ടുള്ളത് ദൈവം
പകര്‍ന്നുതന്ന ദിവ്യമായ അഗ്നിയുമായാണ്. 
ഉള്ളിലെ ഈ അഗ്നിക്ക് ചിറകുകള്‍ നല്‍കി നന്മയുടെ
പ്രകാശം ലോകം മുഴുവന്‍ നിറയ്ക്കാനാകട്ടെ നമ്മുടെ പ്രയത്‌നങ്ങള്‍'

ഡോ. എ.പി.ജെ അബ്ദുല്‍ കലാം-നിയമസഭയില്‍ നടത്തിയ പ്രസംഗം. 

2016-17 (റിവൈസ്ഡ്- തോമസ് ഐസക്)

ഏതീരടി ചൊല്ലി നിര്‍ത്തണമെന്നറിയാതെ
ഞാനെന്തിനോ കാതോര്‍ത്തു നില്‍ക്കവേ
നിശബ്ദരാക്കപ്പെടുന്ന മനുഷ്യര്‍തന്‍
ശബ്ദങ്ങളെങ്ങു നിന്നോ കേള്‍ക്കുന്നു
നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം
നമ്മളൊറ്റക്കല്ല നമ്മളാണീ ഭൂമി'

ഒ.എന്‍.വി കുറുപ്പിന്റെ ദിനാന്തം എന്ന കവിത. ഇതേ കവിതയില്‍ നിന്നുള്ള വേറെ വരികള്‍ ആലപിച്ചാണ് 2011-ലെ സര്‍ക്കാരിലെ തന്റെ അവസാന ബജറ്റ് തോമസ് ഐസക് അവതരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com