പണിയില്ലാതെ 30,000 എന്‍ജിനിയര്‍മാര്‍;കേരളം തൊഴില്‍ രഹിതരുടെ തലസ്ഥാനം

കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനമെന്ന് ഇക്കണോമിക് റിവ്യു
പണിയില്ലാതെ 30,000 എന്‍ജിനിയര്‍മാര്‍;കേരളം തൊഴില്‍ രഹിതരുടെ തലസ്ഥാനം

കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനമെന്ന് ഇക്കണോമിക് റിവ്യു; ഏറ്റവും കുറവു ഗുജറാത്തില്‍


കേരളത്തിലെ ഗ്രാമങ്ങളില്‍ 21.7 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍. നഗരങ്ങളിലെ 18 ശതമാനം യുവാക്കള്‍ക്കും ജോലിയില്ല. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്തുവച്ച ഇക്കണോമിക് റിവ്യൂവിലാണ് വെളിപ്പെടുത്തല്‍. 25 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിനെ വെള്ളംകുടിപ്പിക്കുന്നതാണ് വിവരങ്ങള്‍. 

യുവതികളുടെ തൊഴിലില്ലായ്മാ നിരക്കു ഗ്രാമങ്ങളില്‍ 47.4 ശതമാനമാണ്. മുപ്പതിനായിരത്തിലേറെ എന്‍ജിനിയര്‍മാര്‍ കേരളത്തില്‍ തൊഴില്‍ രഹിതരാണ്. 2015ലെ കണക്ക് അനുസരിച്ച് 23,984 എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കു ജോലി ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വര്‍ഷം അത് 30,719 ആയി വര്‍ദ്ധിച്ചു. 3669 ഡോക്ടര്‍മാരും തൊഴില്‍ രഹിതരാണ്. എന്‍ജിനിയറിങ് ഡിപ്‌ളോമയുള്ള 48,180 പേരും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുള്ള 86,191 പേര്‍ക്കും പണിയില്ല. 
വെറ്റിനറി സയന്‍സ് പഠിച്ചിറങ്ങിയ 609 പേരും കാര്‍ഷിക ശാസ്ത്രം പഠിച്ചിറങ്ങിയ 1,182 പേരും തൊഴില്‍ രഹിതരായി കേരളത്തില്‍ തുടരുകയാണ്. സംഘടിതമേഖലയില്‍ തൊഴില്‍ അവസരം വന്‍തോതില്‍ കുറഞ്ഞു. 2000-ല്‍ 12.26 ലക്ഷം ആളുകള്‍ പണിയെടുത്തെങ്കില്‍ 2016 ആയപ്പോഴേക്കും 11.75 ലക്ഷമായി കുറഞ്ഞു. 15 വര്‍ഷംകൊണ്ട് തൊഴില്‍ അവസരത്തില്‍ ഉണ്ടായ കുറവ് നാലു ശതമാനം. 

ഇപ്പോള്‍ പണിയുള്ള 11.75 ലക്ഷം ആളുകളില്‍ 5.75 ലക്ഷം പൊതുമേഖലയിലും 6.1 ലക്ഷം സ്വകാര്യമേഖലയിലുമാണ്. പൊതുമേഖലയിലെ 47 ശതമാനം പേരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്. 
കാര്‍ഷിക മേഖലയിലും തൊഴില്‍ വന്‍തോതില്‍ കുറഞ്ഞു. 2005-ല്‍ 7.5 ശതമാനം ആളുകള്‍ കാര്‍ഷികതൊഴില്‍ ചെയ്‌തെങ്കില്‍ 2016ല്‍ അത് 5.6 ശതമാനമായി കുറഞ്ഞു. 
കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെയേറെ മുകളില്‍. ദേശീയ ശരാശരി അഞ്ചു ശതമാനം മാത്രമായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 12.5 ശതമാനമാണ്. കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കു രേഖപ്പെടുത്തിയിരിക്കുന്നത് സിക്കിം, ത്രിപുര എന്നീ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ്. ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് ഗുജറാത്തിലാണ് (0.9%).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com