വലിയ ട്രെയിന്‍ ദുരന്തം നടക്കാത്തത് ദൈവാധീനംകൊണ്ട്:ഒരു ലോക്കോപൈലറ്റിന്റെ വെളിപ്പെടുത്തല്‍

എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ ലോക്കോ പൈലറ്റിനൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്
വലിയ ട്രെയിന്‍ ദുരന്തം നടക്കാത്തത് ദൈവാധീനംകൊണ്ട്:ഒരു ലോക്കോപൈലറ്റിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: ''ഓരോ ദിവസവും അപകടമുണ്ടാവല്ലേയെന്ന് പ്രാര്‍ത്ഥനയോടെയാണ് ട്രെയിനിന്റെ എഞ്ചിനിലേക്ക് കയറുന്നത്. സാധാരണ എല്ലാ ഡ്രൈവര്‍മാരും പ്രാര്‍ത്ഥിക്കുന്നതുപോലെയല്ല. എപ്പോള്‍ വേണമെങ്കിലും, എന്തും സംഭവിക്കാം എന്ന മട്ടിലാണ് പ്രത്യേകിച്ച് കേരളത്തിലെ റെയില്‍പ്പാതകള്‍. ട്രെയിന്‍ ദുരന്തങ്ങള്‍ സംഭവിക്കാത്തത് ദൈവാധീനവും മഹാഭാഗ്യവും കൊണ്ടാണ്.'' എറണാകുളത്തുനിന്നും യാത്ര ആരംഭിക്കുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ വാക്കുകളാണിത്. ലോക്കോപൈലറ്റിന്റെ യാത്രദുരിതത്തെക്കുറിച്ച് അറിയാന്‍ ക്യാബിനിലേക്ക് കാലു കയറിയപ്പോള്‍ത്തന്നെയായിരുന്നു ഈ നടുക്കുന്ന സംഭാഷണവും.
''ഇക്കാര്യം കേട്ടപ്പോള്‍ നിങ്ങള്‍ ഭയന്നെങ്കില്‍ ഇതെല്ലാം അറിഞ്ഞിട്ടും എഞ്ചിനിലേക്ക് ദിവസവും കയറി ഓടിക്കേണ്ടിവരുന്ന ഞങ്ങളുടെ അവസ്ഥ ആലോചിച്ചു നോക്കൂ. ''പേര് വെളിപ്പെടുത്തിയാല്‍ ജോലി പോകും എന്നുള്ളതിനാല്‍മാത്രം പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെയാണ് ആ ലോക്കോ പൈലറ്റ് ഇത് പറഞ്ഞു തുടങ്ങിയത്.

എറണാകുളത്തുനിന്നും സിഗ്നല്‍ കിട്ടി ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഡീസല്‍ എഞ്ചിനാണ്. എഞ്ചിന്റെ പിന്‍ഭാഗത്തായാണ് ലോക്കോ പൈലറ്റുമാരുടെ ഇരിപ്പിടം. ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമുണ്ട്. രണ്ടു ഭാഗങ്ങളിലായി ഇരുന്ന് യാത്ര തുടങ്ങി.
അടുത്ത സിഗ്നല്‍ തൂണു കാണാന്‍ ഇരുവരും കണ്ണുകള്‍ കൂര്‍പ്പിച്ച് ഡീസല്‍ എഞ്ചിനില്‍നിന്നുയരുന്ന പുകയ്ക്കുള്ളിലൂടെ നോക്കി. ചൂടില്‍ തിളച്ചുനില്‍ക്കുമ്പോള്‍ ഒന്നും കാണുകയില്ല. എഞ്ചിന്‍ അടുത്തെത്തിയാല്‍ മാത്രമാണ് പച്ച ലൈറ്റ് തെളിയുന്നുണ്ടോ എന്ന് അറിയുക. എഞ്ചിന്‍ എത്തുമ്പോഴേക്കും സിഗ്നല്‍ ലൈറ്റ് ചുവപ്പായിട്ടുണ്ടാവും. സെക്കന്റുകള്‍മാത്രം.

''മാസപ്പിറവിയ്ക്ക് ചന്ദ്രനെ കാണുന്നത് ഒരു സങ്കല്‍പമല്ലേ, അതുപോലെയാണ് സിഗ്നല്‍ ലൈറ്റില്‍ പച്ച കത്തിയോ എന്നറിയുന്നത്.'' ലോക്കോ പൈലറ്റിന്റെ ആത്മഗതം.

പിന്നീടുള്ള സിഗ്നലിലും പച്ച കത്തിയെന്നത് ലോക്കോ പൈലറ്റുമാര്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് അറിഞ്ഞത്.
''ഒരു പ്രധാന പ്രശ്‌നം ഇതാണ്. ലൈനുകളില്‍ സിഗ്നല്‍ ലൈറ്റ് പലതും ഇപ്പോഴും പഴയതുതന്നെയാണ്. അതൊന്നും മാറ്റിയിട്ടില്ല. കണ്ണുകൂര്‍പ്പിച്ചുനോക്കിയാല്‍ ഒരുപക്ഷെ കണ്ടേക്കാം എന്നതാണ് അവസ്ഥ. സിഗ്നലില്‍ സംശയം തോന്നി ഒന്നു നിന്നാല്‍ സിഗ്നല്‍ തെറ്റിച്ചുവെന്ന് ആരോപിച്ച് ജോലിയില്‍നിന്നും പിരിച്ചുവിടുകയും ചെയ്യും.''

അപകടങ്ങള്‍ ഈ സിഗ്നലുകളില്‍ നിന്നാണ് തുടങ്ങുന്നത്. മികച്ച പ്രസരണശേഷിയുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ ഇത് ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ സ്റ്റേഷനുകള്‍ക്ക് അടുത്ത് മാത്രമാണ് ഇത്തരം ലൈറ്റുകള്‍ ഉപയോഗിച്ചിട്ടുള്ളത്. മഴ പെയ്ത് നിറം മങ്ങിയ ലൈറ്റ് കവറുകളും ഒട്ടും തെളിച്ചമില്ലാത്ത ലൈറ്റുകളുമാണ് ഇപ്പോഴും മിക്കവാറുമുള്ളത്.

പാളങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് പിന്നീട് ലോക്കോ പൈലറ്റ് കൂടുതല്‍ സംസാരിച്ചത്. പഴയ പാളങ്ങള്‍തന്നെ മാറ്റി പരീക്ഷിക്കുകയാണ് ചെയ്യുന്നത്. പുതിയ പാളങ്ങള്‍ ലഭിക്കണമെന്ന് സതേണ്‍ റെയില്‍വെ ആവശ്യം ഉന്നയിച്ചിട്ടും കാര്യമായ ഫലമൊന്നുമുണ്ടായില്ല. കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് ജാഗരൂകരായതായി റെയില്‍വെ പുറമെ കാണിച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരു അപകടം നടക്കാം എന്ന അവസ്ഥയില്‍തന്നെയാണ് റെയില്‍വെയുള്ളത്. കറുകുറ്റി അപകടം നടന്നതോടെ പുതിയ പാളങ്ങള്‍ എത്തിച്ചു. എന്നാല്‍ ആ പാളങ്ങള്‍കൊണ്ട് തീര്‍ത്തും അപകടകരമായ പാളങ്ങള്‍ക്ക് പകരം വയ്ക്കാനേ സാധിച്ചിട്ടുള്ളു. 'നല്ല കണ്ടീഷനല്ല' എന്ന കാറ്റഗറിയില്‍ പെടുന്ന പാളങ്ങളാണ് കേരളത്തില്‍ മിക്കവാറുമുള്ളത്.

കേരളത്തില്‍ പാളങ്ങളെ അപേക്ഷിച്ച് താങ്ങാന്‍ പറ്റുന്നതിലും കൂടുതലാണ് ട്രെയിനുകള്‍ ഓടുന്നത്. മിക്കവാറും സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ പാത മാത്രമാണുള്ളത്. അതിലൂടെ തലങ്ങും വിലങ്ങും നിരന്തരം ഓടിക്കൊണ്ടിരിക്കുകയാണ് ട്രെയിനുകള്‍. പാളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏതെങ്കിലും പാതയിലൂടെയുള്ള യാത്ര നിര്‍ത്തിവയ്‌ക്കേണ്ടിവന്നാല്‍ ട്രെയിന്‍ ഗതാഗതംതന്നെ താറുമാറാകും. നിലവിലെ പാതയില്‍ പാളങ്ങള്‍ മാറ്റുന്നതടക്കമുള്ള സമയമെടുക്കുന്ന ജോലികള്‍ ചെയ്യുക പ്രയാസമാണ്. അത്യപകടകരം എന്ന നിലയിലുള്ളതുമാത്രമാണ് ഇപ്പോള്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ട്രെയിനുകളുടെ വേഗതയിലും ഭാരത്തിലും വര്‍ദ്ധനവ് വരുത്തിയ സാഹചര്യത്തില്‍ ഈ പാളങ്ങളിലൂടെയുള്ള യാത്ര അപകടത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നും ലോക്കല്‍ പൈലറ്റ് പറഞ്ഞു.

ആലുവ സ്റ്റേഷനില്‍നിന്നും പച്ച സിഗ്നല്‍ തെളിഞ്ഞതോടെ ഹോണ്‍ ശബ്ദം മുഴക്കി ട്രെയിന്‍ നീങ്ങിത്തുടങ്ങി. പെട്ടെന്നാണ് എഞ്ചിനും മുന്നില്‍ ഒരാള്‍ പാളം മുറിച്ചു കടന്നത്. സെക്കന്റിന്റെ വ്യത്യാസംമാത്രം. അയാള്‍ തൊട്ടപ്പുറത്തേക്ക് എത്തിയിരുന്നു. ഇതൊക്കെ സ്ഥിരം കാഴ്ചകളാണെന്ന മട്ടില്‍ ലോക്കോ പൈലറ്റ്. ''ഷൊര്‍ണ്ണൂരു വിട്ട് കോഴിക്കോട് ഭാഗത്തേക്ക് പോകണം. പാളത്തിലൂടെ നൂറേനൂറില്‍ പോകുന്ന ട്രെയിനിനെ കാണുമ്പോള്‍ ഒരു ഓട്ടോറിക്ഷ വരുമ്പോള്‍ കാണിക്കുന്ന ജാഗ്രതപോലും കാണിക്കില്ല. അതൊക്കെ കാണുമ്പോള്‍ ഞങ്ങളുടെ ചങ്കിടിക്കും. ഒന്നും ചെയ്യാനൊക്കില്ലല്ലോ.''
അമ്മയും കുഞ്ഞും ട്രെയിനിന്റെ മുന്നിലേക്ക് ചാടിയതടക്കമുള്ള പല നടുക്കുന്ന കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടിവന്ന അനുഭവവും ലോക്കോപൈലറ്റ് പറഞ്ഞു. യാത്ര ഷൊര്‍ണ്ണൂരില്‍ അവസാനിപ്പിക്കുമ്പോള്‍ ലോക്കോപൈലറ്റിന്റെ മുഖത്ത് ആശ്വാസമുണ്ട്; ഭാഗ്യം ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com