പിണറായി മന്ത്രിസഭയുടെ ആദ്യ സമ്പൂര്‍ണ ബജറ്റ് തല്‍സമയം

പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്-ശ്രദ്ധ വിലക്കയറ്റം തടയുന്നതിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും ജനകീയാസൂത്രണത്തിലും
പിണറായി മന്ത്രിസഭയുടെ ആദ്യ സമ്പൂര്‍ണ ബജറ്റ് തല്‍സമയം

11.41 ഉപസംഹാരം- 
നടപ്പു വര്‍ഷത്തെ പ്രതിസന്ധി അടുത്ത വര്‍ഷവും തുടരും. 
റവന്യു കമ്മി 16043 കോടി രൂപ
മൂലധനച്ചെലവ് 9,300 കോട്ി രൂപ
ആകെ കമ്മി 1077 കോടി രൂപ
അധികച്ചെലവ് 850 കോടി രൂപ
ഇളവുകള്‍ 10 കോടി രൂപ
അധികവിഭസമാഹരണം ഇല്ല
മൂലധനച്ചെലവിന്റെ പഌനിങ് കുറവുണ്ടായിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ റവന്യു കമ്മി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര തുടരുന്നു. ജി.എസ്.ടി കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്നും കരുതുന്നു. പൊതുജനങ്ങള്‍ എന്തുവാങ്ങുമ്പോഴും ബില്‍ വാങ്ങുന്നു എന്ന് ഉറപ്പാക്കുക.

11.30 നോര്‍ക്കയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 63 കോടി രൂപ വകയിരുത്തുന്നു. പ്രവാസികളുടെ ക്ഷേമപെന്‍ഷനു 2000 കോടി രൂപ വകയിരുത്തുന്നു. ട്രഷറി, റവന്യു, ആഭ്യന്തരം, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് എന്നിവയ്ക്ക് പണം നീക്കിവയ്ക്കുന്നു. ബജറ്റ് വിശദാംശങ്ങള്‍ വായിച്ചതായിട്ടു കണക്കാക്കണമെന്നു പ്രഖ്യാപിച്ചു ധനമന്ത്രി പേജുകള്‍ മറിക്കുന്നു. കേരളം ജി.എസ്.ടിക്കു പൂര്‍ണമായും തയ്യാറെടുത്തുകഴിഞ്ഞു. വിപുലമായി പരിശീലന പരിപാടികള്‍ നടപ്പാക്കും. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വികസന പദ്ധതിക്ക് പണം നീക്കിവയ്ക്കും. കേരളത്തില്‍ 90 ശതമാനം ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ പുറത്തുനിന്നു വരുന്നതാണ്. ഇവ നികുതിവെട്ടിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പ്രത്യേക പരിപാടി. പാലക്കാട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി. ടെന്‍ഡര്‍ ഉടന്‍ വിളിക്കും.

11.29 ബജറ്റ് ചോര്‍ന്നതു ധനമന്ത്രിയുടെ ഓഫിസില്‍ നിന്നു തന്നെ. നിയമസഭയെ ധനമന്ത്രി നോക്കു കുത്തിയാക്കിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. 

11.26 ബജറ്റ് പൂര്‍ത്തിയാക്കിയ ശേഷം മറുപടി പറയാമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ബജറ്റ് വായിച്ചുകൊണ്ടിരുന്നതിനാല്‍ അറിഞ്ഞിട്ടില്ല. ഇതിനുശേഷം സ്പീക്കര്‍ വഴി സഭയെ അറിയിക്കും. 

11.25 മുഖ്യമന്ത്രി പറയുന്നതു ശരിയല്ലെന്നു പ്രതിപക്ഷ നേതാവ്. ബജറ്റിന്റെ അവസാനത്തില്‍ വായിക്കുന്ന ധനകാര്യ സ്റ്റേറ്റ് മെന്റ് ഉള്‍പ്പെടെ പുറത്തുപോയിരിക്കുന്നു. 

11.23 തല്‍സമയം വിട്ടകാര്യങ്ങള്‍ മാധ്യമങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതായിരിക്കണം. അതായിരിക്കും പുറത്തു വന്നത്. എന്നാല്‍ അല്ലാതെ വന്നിട്ടുണ്ടെങ്കില്‍ അതു സര്‍ക്കാര്‍ പരിശോധിക്കുന്നു.

11.20 ബജറ്റ് ചോര്‍ന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സ്റ്റേറ്റ് മെന്റ് അടക്കം പുറത്തു വന്നിരിക്കുന്നു. ഇതു ക്രമക്കേടെന്നു രമേശ് ചെന്നിത്തല. സ്പീക്കര്‍ സോഷ്യല്‍ മീഡിയ നോക്കാന്‍ പോയിട്ടില്ലെന്നും ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍. ബജറ്റിന്റെ മാന്യത ചോര്‍ന്നു. പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുന്നു. 


11.15 മുന്നിലുള്ളതു നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ച. അതു പരിഹരിക്കാന്‍ ഒത്തൊരുമിച്ചുള്ള നടപടി ആവശ്യം. സ്വാഭാവിക വനം സംരക്ഷണത്തിനു പദ്ധതി. തണ്ണീര്‍ത്തടങ്ങളും മറ്റും സംരക്ഷിക്കുന്നതിനും പദ്ധതി. മനുഷ്യ വന്യമഗ സംഘര്‍ഷം.

11.10 സ്്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വന്നെങ്കിലും അരങ്ങിലും പീഡനത്തിനു കുറവില്ല. സ്ത്രീ സംരക്ഷണപദ്ധതിയില്‍ അതിക്രമങ്ങള്‍ തടയുന്നതിനായി 68 കോടി രൂപ നീക്കിവയ്ക്കും. പുനരധിവാസത്തിനായി അഞ്ചുകോടിയുടെ പ്രത്യേക ഫണ്ട് ആരംഭിക്കും. സ്ത്രീകള്‍ക്കായുള്ള പ്രത്യേക വകുപ്പ് വരുന്ന സാമ്പത്തികവര്‍ഷം. 14 ജില്ലാ ഓഫിസര്‍മാരുടെ തസ്തിക സൃഷ്ടിക്കും. 
ജന്‍ഡര്‍ ബജറ്റിങ് പുനസ്ഥാപിക്കുന്നു. വനിതാ വികസനത്തിനായി 64 പദ്ധതികളിലായി 1060 കോടി വകയിരുത്തുന്നു. പൊതു വികസന പദ്ധതികളിലായി സ്ത്രീകള്‍ക്കുള്ളതു വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. പദ്ധതിയടങ്ങലിന്റെ 11 ശതമാനമെങ്കിലും വനിതാ വികസനത്തിനായി നീക്കിവയ്ക്കാന്‍ കഴിഞ്ഞു. അടുത്തവര്‍ഷം മുതല്‍ ജെന്‍ഡര്‍ ഓഡിറ്റിങ് കൂടി പദ്ധതികള്‍ക്കൊപ്പം ഉണ്ടാകും. 506 കോടി രൂപയുടെ വനിതാ വികസന പദ്ധതി ഉണ്ടാകും

11.05 ഒന്‍.എന്‍.വി സ്മാരകത്തിന് ഈ വര്‍ഷം രണ്ടു കോടി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഭാഷ്ാ സ്ഥാപനങ്ങള്‍. കൊങ്കിണി സാഹിത്യ അക്കാദമി, തുളു അക്കാദമി, യക്ഷഗാന സംരക്ഷണം എന്നിവയ്ക്കു പണം. പി.ടി ഉഷ അക്കാദമിക്ക് ഒരു കോടി രൂപ. ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണത്തിന് കിഫ്ബി വഴി പണം അനുവദിക്കും.

11.00 ചലച്ചിത്രവികസന പദ്ധതിക്ക് കിഫ്ബിയില്‍ നിന്നു 100 കോടി അനുവദിക്കും. ഗ്രാമീണ കലാകാരന്മാരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ പ്രത്യേക പ്രാദേശിക കേന്ദ്രങ്ങള്‍. ദീര്‍ഘകാല ആര്‍ക്കിയോളജി സമഗ്രപദ്ധതിക്ക് 50 ലക്ഷം നീക്കിവയ്ക്കും. ഇന്ത്യയിലെ പുരോഗമന ചിന്തകര്‍ക്കു വേദി ഒരുക്കാന്‍ സ്ഥിരം സവിധാനം ഒരുക്കും. ഹിസ്റ്ററി കോണ്‍ഗ്രസിന് 35 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം. മലയാളം കംപ്യൂട്ടിങ്ങിനു ശ്രദ്ധ പതിപ്പിക്കാന്‍ പ്രത്യേക പദ്ധതി. കൊച്ചി ബിനാലെയ്ക്കു രണ്ടു കോടി രൂപ. ആസ്പിന്‍വാള്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കെട്ടിടവും ഏറ്റെടുക്കും. കിഫ്ബി 100 കോടി രൂപ ഇത്തരം പദ്ധതികള്‍ക്കായി നീക്കിവയ്ക്കും.

10.55 സര്‍ഫാസി നിയമത്തിന് ഇരയായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പാക്കും. 60 ശതമാനം തിരിച്ചടവു തുക നല്‍കിയാല്‍ ശേഷിക്കുന്നതു സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി നടപ്പാക്കും. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 751 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐ.ടി.അട് സ്‌കൂള്‍ പദ്ധതി. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതികള്‍ക്കു സംയോജിത പദ്ധതി നീക്കിവയ്ക്കും ഉച്ചഭക്ഷണത്തിന് നീക്കിവയ്ക്കും.

10.52 മൂന്നുവര്‍ഷം കൊണ്ടു കെ.എ്‌സ് ആര്‍ടിസി നഷ്ടവും ലാഭവുമില്ലാത്ത അവസ്ഥ കൊണ്ടുവരും. മാനേജ്‌മെന്റ് പൂര്‍ണമായും പൊളിച്ചെഴുതും. കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത കൂട്ടുന്നതിലൂടെ മാത്രം നഷ്ടം നികത്താന്‍ കഴിയും. പെന്‍ഷന്‍ 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കും. 2017-18ല്‍ കെ.എസ്്.ആര്‍.ടി.സി ലാഭത്തിലാകും

10.50 കുടിവെള്ളപദ്ധതിക്ക് 140 കോടി. ജപ്പാന്‍ പദ്ധതിക്ക് 70 കോടി. വരള്‍ച്ചാ ദുരിതാശ്വാസത്തിന് അധിക തൂക നീക്കിവച്ചു പ്രത്യേക പദ്ധതി. കിഫ്ബി വഴി ജല അതോറിക്ക് 1696 കോടി രൂപയുടെ പദ്ധതി. 

10.45 വിഴിഞ്ഞം പദ്ധതിയുടെ ഫീഡര്‍ പോര്‍ട്ട് വികസനത്തിന് 22 കോടി രൂപ. ആലപ്പുഴ മരീനയ്ക്ക് 7.4 കോടി രൂപ. ജലഗാതാഗത വകുപ്പിന് 22 കോടി രൂപ. ഉള്‍നാടന്‍ ജലഗാതഗത വകുപ്പിന് 113 കോടി രൂപ. കൊച്ചി സംയോജിത ജലഗതഗത പദ്ധതിക്ക് 612 കോടി രൂപ വായ്പ സമാഹരിക്കും. 38 ജട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമാകും. ഇടമലയാര്‍ മുവാറ്റുപുഴ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. റഗുലേറ്റര്‍, തടയണ പദ്ധതിക്കായി സമഗ്ര പദ്ധതി. ഓരുവെള്ളക്കയറ്റ നിയന്ത്രണത്തിനായി 600 കോടി രൂപ കിഫ്ബി വഴി. ചമ്രവട്ടം പദ്ധതിക്ക് 10 കോടി രൂപ. റെഗുലേറ്റര്‍ നിര്‍മിതി പുനരുദ്ധരിക്കാന്‍ 20 കോടി രൂപ ചെലവഴിക്കും. 

10.40 പുതിയ ജലവൈദ്യുതി പദ്ധതികള്‍ ഒന്നും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. നിലവില്‍ നിര്‍മാണം നടപ്പാക്കുന്നവ പൂര്‍ത്തീകരിക്കുക മാത്രമേ ലക്ഷ്യമിടുന്നുള്ളു. പൊതുമരാമത്തു മേഖലയില്‍ നടപ്പുവര്‍ഷം 13,000 കോടി രൂപയുടെ പദ്ധതി. എം.എല്‍.എ ഫണ്ടും കിഫ്ബിയും ചേര്‍ന്നാണു നടപ്പാക്കുക. എം.എല്‍.എമാരുടെ പദ്ധതികള്‍ നടപ്പാക്കുകയാണു ലക്ഷ്യം. എല്ലാ വീടുകളിലും വൈദ്യുതി നടപ്പാക്കാന്‍ കഴിയും. എല്ലാ വീടുകളിലേക്കും എല്‍.ഇ.ഡി പദ്ധതി ഈ വര്‍ഷവും തുടരും. 1565 കോടി രൂപയാണ് വൈദ്യുതി പദ്ധതിയുടെ അടങ്കല്‍.

10.30 ഉയര്‍ന്ന പശ്ചാത്തല സൗകര്യം ഒരുക്കും. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി. ജനകീയാസൂത്രണവും നിക്ഷേപക്കുതിപ്പും ഒരേ സമയം ലക്ഷ്യം. സര്‍ക്കാരിന്റെ ഒരു കാല്‍ ജനകീയാസൂത്രണത്തിലും മറുകാല്‍ കിഫ്ബി ഉള്‍പ്പെടുന്ന നിക്ഷേപക്കുതിപ്പിലും ആയിരിക്കും. ഏനാത്ത് പാലത്തിന്റെ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പാലങ്ങളിലും പരിശോധന നടപ്പാക്കും. 1267 കിലോമീറ്റര്‍ നീളം വരുന്ന മലയോര ഹൈവേയുടെ പണി ഈ വഴി. ഒന്‍പതു ജില്ലകള്‍ വഴി ഇതു കടന്നുപോകും. തീരദേശ ഹൈവേയുടെ നിര്‍മാണം അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കും. കിഫ്ബി തീരദേശ പാതയ്ക്ക് 6500 കോടി രൂപ നീക്കിവയ്ക്കും വിദേശ മലയാളികളുടെ പിന്തുണയോടെയാണ് മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കാന്‍ പോകുന്നത്. നാടിന്റെ വികസനത്തിനായി കിഫ്ബി പ്രയോജനപ്പെടുത്തും. പ്രവാസികള്‍ സൗജന്യമായി നല്‍കേണ്ടതില്ല. കെ.എസ്.എഫ്.ഇ വഴി നടപ്പാക്കുന്ന പ്രവാസി ചിട്ടികള്‍ വഴിയാണു മുഴുവന്‍ പണവും സമാഹരിക്കുക. 12,000 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാന്‍ കഴിയും. പ്രവാസികള്‍ പണം ചിട്ടിയില്‍ ആണു മുടക്കുക. അതിനു സര്‍ക്കാരിന്റെ ഉറപ്പു നല്‍കുന്നുണ്ട്. ആ നിക്ഷേപത്തോടെ അവര്‍ കേരളത്തിനു വേണ്ടി വികസനത്തില്‍ പങ്കാളിയാവുകയാണ്. ജൂണില്‍ പദ്ധതി ആരംഭിക്കും.

10.25 പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതം 100 കോടിയില്‍ നിന്ന് 270 കോടി രൂപയാക്കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മരുന്നു നിര്‍മാണം മാത്രം ഉദാഹാരണമായി എടുക്കാം. 2009-10ല്‍ ലാഭത്തിലായ സ്ഥാപനം യുഡി.എഫ് കാലത്തു നഷ്ടത്തിലായി. ആറുവര്‍ഷം മുന്‍പു വാങ്ങിയ യന്ത്രത്തിന്റെ പെട്ടി ഈ സര്‍ക്കാര്‍ വന്നശേഷമാണു തുറന്നത്. ആയന്ത്രം ഉപയോഗിച്ച് 100 കോടി രൂപയുടെ മരുന്ന് ഉണ്ടാക്കിക്കഴിഞ്ഞു. ഓട്ടോകാസ്റ്റിന് 10 കോടി രൂപ, സ്റ്റീല്‍ കോര്‍പ്പറേഷന് അഞ്ചു കോടി, കെല്‍ട്രോണിന് 20 കോടി, മറ്റ് സ്ഥാപനങ്ങള്‍ക്ക് എട്ട് കോടി, പ്രവര്‍ത്തന മൂലധനത്തിന് 50 കോടി, ഓരോ സ്ഥാപനവും ലാഭകരമാക്കാന്‍ പദ്ധതി തയ്യാറാക്കിയ ശേഷം മാത്രമേ പണം നല്‍കുകയുള്ളു.  കിന്‍ഫ്രയുടെ പ്രധാനപ്പെട്ട പദ്ധതികള്‍ ഈ വര്‍ഷക്കും. കിന്‍ഫ്രയ്ക്ക് 123 കോടി ഈ വര്‍ഷം. കിഫ്ബി വഴി കൊച്ചി പെട്രോകെമിക്കല്‍ പാര്‍ക്കിനു വേണ്ടവിഹിതം കൈമാറും. ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി തടസ്സം ഉണ്ടാകില്ല.

10.20 ടൂറിസം മാര്‍ക്കറ്റിങ്ങിന് 75 കോടി രൂപ. ചുണ്ടന്‍ വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചുകോടി അധികമായി. ഡി.ടിപിസികള്‍ക്ക് അധിക തുക. 31 കോടി രൂപയുടെ ഗസ്റ്റ് ഹൗസ് നവീകരണം. മുസറീസ് ഹെറിറ്റേജ് പദ്ധതി, തലശ്ശേരി, ആലപ്പുഴ പദ്ധതികള്‍ക്കായി 40 കോടി രൂപ. ഡച്ച് സഹായത്തോടെ ആലപ്പുഴയില്‍ കനാല്‍ നവീകരണത്തിനു പദ്ധതി. കിഫ്ബിയാണു നിക്ഷേപം നടത്തുക. ആലപ്പുഴയില്‍ രണ്ടു പദ്ധതികള്‍ രണ്ടുവര്‍ഷത്തിനകം. തലശ്ശേരി, കണ്ണൂര്‍കോട്ട, അറയ്ക്കല്‍ കൊട്ടാരം, പൊന്മുടി വികസനത്തിനു വിശദമായ പദ്ധതി കിഫ്ബി തയ്യാറാക്കി വരുന്നു. പാതിരമാണല്‍ വികസന പദ്ധതി പുനരുജ്ജീവിപ്പിക്കും.

10.15 ഇന്റനെറ്റ് കണക്ഷന്‍ പൗരാവകാശം ആക്കുന്ന സംസ്ഥാനം. 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്റര്‍നെറ്റ് കണക് ഷന്‍ നല്‍കും. ഐടി ഉള്‍പ്പെടെയുള്ള വികസനത്തിനായി 1385 കോടി രൂപയുടെ പദ്ധതി. ഐടിക്കു മാത്രം 500 കോടിയില്‍ അധികം നീക്കിവയ്ക്കും. കെ.എസ്.ഐ.ഡി.സി ശാസ്ത്ര സംരഭങ്ങള്‍ക്കു പ്രത്യേക സഹായം നല്‍കും. ഫ്രീ സോഫ്റ്റ് വെയര്‍ വികസനത്തിന് അഞ്ചുകോടി രൂപ. ഐ.ടി, ഹാര്‍ഡ്വെയര്‍ നിര്‍മാണ പാര്‍ക്കുകള്‍. 12 പാര്‍ക്കുകള്‍ ലക്ഷ്യം. പ്രത്യേക മിഷന് ഒരു കോടി.

10.10 കശുവണ്ടി ഫാക്ടറികള്‍ തുറന്നെങ്കിലും ഉത്പാദനം പൂര്‍ണ തോതില്‍ തിരികെ വന്നിട്ടില്ല. ഇവയുടെ കടബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. 
ഖാദി ഗ്രാമീണ വ്യവസായ വികസനത്തിന് 4.5 കോടി രൂപ. ദിനേശ് ബീഡി കമ്പനിക്കു നികുതി തുക തിരികെ നല്‍കും. സഹകരണ മേഖലയുടെ മൊത്തം അടങ്കല്‍ വര്‍ദ്ധിപ്പിക്കും. 

10.05 കയര്‍ പുനസംഘടനാ പദ്ധതി ഈ വര്‍ഷം ആരംഭിക്കും. 100 ചകിരി മില്ലൂകള്‍ രണ്ടുവര്‍ഷത്തിനിടെ ആരംഭിക്കും. നെന്മാറയില്‍ പ്രത്യേക പദ്ധതി. സാങ്കേതിക നവീകരണത്തെ തുടര്‍ന്ന് കൈത്തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക പദ്ധതി. കൈത്തൊഴില്‍ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു സംഭരിക്കും. ഇതിനായി 48 കോടി രൂപ വകയിരുത്തുന്നു. മണ്ണുജല സംരക്ഷണത്തിനായി കയര്‍ വിനിയോഗിക്കും. പദ്ധതി വിജയിച്ചാല്‍ മുഴുവന്‍ കയര്‍തൊഴിലാളികള്‍ക്കും വര്‍ഷം 200 തൊഴില്‍ ഉറപ്പു നല്‍കാന്‍ കഴിയും. 

10.00 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പാക്കും. നിരവധി കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. 

നെല്‍കൃഷിയുടെ സമഗ്ര വികസനത്തിനു പദ്ധതി ഈ വര്‍ഷം. നെല്ല് സംഭരണത്തിന് 700 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. പ്രാദേശിക സവിശേഷതയുള്ള ഉല്‍പന്നങ്ങള്‍ക്കായി 3.3 കോടി രൂപ. മറയൂര്‍ ശര്‍ക്കര പോലുള്ളവയ്ക്കു പ്രത്യേക സഹായം. നാളികേര കര്‍ഷകര്‍ക്ക് അടിയന്തര സഹായം.

ഗുണമേന്മയുള്ള വിത്തുകള്‍ക്ക് 21 കോടി രൂപ. ജൈവവൈവിധ്യം സംരക്ഷിക്കാന്‍ പുതിയ പദ്ധതി. റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി രൂപ കൂടി. പച്ചക്കറി, വാഴ, പൂവ്, നാളികേരം ഇവയുടെ സംയോജിത വികസന പദ്ധതിക്കു 10 കോടി രൂപ.

9.55 അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയവും ആശാവര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും പ്രതിഫലും വര്‍ദ്ധിപ്പിക്കും. എസ്.സി വിഭാഗത്തിന് പദ്ധതിയടങ്കലിന്റെ 9.8 ശതമാനം വകയിരുത്തുന്നു. ചട്ടപ്രകാരമുള്ള തുകയേക്കാള്‍വളരെ കൂടിയ തുകയാണ് പട്ടിക വിഭാഗങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ വകയിരുത്തുന്നത്.

9.50 ക്ഷാമകാലത്തു വിലക്കയറ്റം രൂപക്ഷമായിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു റേഷന്‍ കാര്‍ഡ് നടപടികള്‍പൂര്‍ത്തിയാക്കാത്തതാണു കാരണം. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ സബ്‌സിഡിക്കായി 900 കോടി രൂപ വകയിരുത്തുന്നു. റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ വര്‍ദ്ധിപ്പിക്കും-ഇതിനായി 100 കോടി രൂപ. കേന്ദ്രം കൂടുതല്‍ പണം അനുവദിച്ചാല്‍ മാത്രമെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളു. നെല്ലു സംഭരണത്തിന് 700 കോടി വകയിരുത്തുന്നു. 

9.49 എന്റോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാപം നല്‍കാന്‍ 10 കോടി രൂപ മാറ്റി വെക്കും

9.45 സ്വവലംബം പദ്ധതിയില്‍ 65 വയസ്സുവരെയുള്ളവര്‍ക്കു ചേരാം. രണ്ടു ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കും. ബിപിഎല്‍ വിഭാഗത്തില്‍ ഉള്ളവരുടെ വിഹിതം സര്‍ക്കാര്‍ അടയ്ക്കും. ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കും. ബഡ്‌സ് സ്‌കൂളില്‍ പഠിച്ചിറങ്ങുന്ന 18 വയസ്സുകഴിഞ്ഞവര്‍ക്കു സംരക്ഷണം നല്‍കാന്‍ പുതിയ പുനരധിവാസ പദ്ധതികള്‍. ബഡ്‌സ് സ്‌കൂളുകള്‍ 200 വില്ലേജുകളിലേക്കു കൂടി. മാനദണ്ഡം പാലിക്കുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്കു എയിഡഡ് പദവി.

9.43 ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 1,100 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇത് 1000 രൂപയായിരുന്നു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതിന് ഏകീകൃതമായ സമഗ്രനിയമം കൊണ്ടുവരും. രണ്ടുപെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ക്കു രണ്ടാമത്തെ പെന്‍ഷന്‍ ഈ സര്‍ക്കാര്‍ വരുന്നതിനു മുന്‍പ് ഉണ്ടായിരുന്ന 600 രൂപ നല്‍കും. ആദ്യ പെന്‍ഷന്‍ 1,100 രൂപ തന്നെ നല്‍കും.

9.42 ജനകീയസൂത്രണം രണ്ടാം പ്രചാരണം ഈവര്‍ഷം. ആദ്യഘട്ടത്തില്‍ ആസൂത്രണത്തിനായിരുന്നു ഊന്നല്‍ എങ്കില്‍ ഈ ഘട്ടത്തില്‍ നിര്‍വഹണത്തിനായിരിക്കും ഊന്നല്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തുക ഓരോവര്‍ഷവും അരശതമാനം വീതം കൂട്ടും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ എന്‍ജിനിയറിങ് വിഭാഗത്തിനു ശമ്പളം അതതു സ്ഥാപനങ്ങള്‍ തന്നെ നല്‍കും. ഇതു പൂര്‍ണമായും സര്‍ക്കാര്‍ തിരികെ നല്‍കും. പ്രാദേശിക സര്‍ക്കാരുകളില്‍ എല്ലാ ജീവനക്കാര്‍ക്കും ഒറ്റ അറ്റന്‍ഡന്‍സ് റജിസ്ട്രാര്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും. സ്മാര്‍ട്‌സിറ്റി മിഷനു സംസ്ഥാന വിഹിതമായി 100 കോടി വകയിരുത്തും. നഗരസഭകളുടെ പെന്‍ഷന്‍ ബാധ്യത പഠിക്കാന്‍ പുതിയ കമ്മിറ്റിയെ നിയമിക്കും. കിലയുടെ വികസനത്തിനു 30 കോടി നല്‍കും.

9.40 ഭൂമി ഇല്ലാത്തവര്‍ക്കു ഫഌറ്റുകള്‍ നല്‍കും. ഇതു കേവലം ഭവനപദ്ധതി മാത്രമാകില്ല. തൊഴില്‍ ഉള്‍പ്പെടെ ജീവിക്കാന്‍ വേണ്ടതെല്ലാം ലഭ്യമാക്കുന്ന പദ്ധതിയാകും. നിശ്ചിത തുകയ്ക്കു പൂര്‍ത്തിയാക്കാവുന്ന വീടുകളുടെ രൂപരേഖ തെരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് സാഹചര്യം ഉണ്ടാകും. പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാവശ്യമായ ഭൂമിയുടെ വില കിഫ്ബി ബോര്‍ഡ് വഴി ലഭ്യമാക്കും. 

9.38 കിഫ്ബിയില്‍ നിന്ന് 500 കോടി രൂപ സ്‌കൂളുകള്‍ക്കു നല്‍കുന്ന പദ്ധതി നടപ്പാക്കും. പൈതൃക സ്‌കൂളുകള്‍ക്കു പ്രത്യേക പണം. പ്രൈമറി ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ക്കുള്ള പണം വിദ്യാഭ്യാസ വകുപ്പിന്റെ വിഹിതത്തില്‍ നിന്നു കണ്ടെത്തും. നാലു പദ്ധതികളിലായി സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണു ലക്ഷ്യമിടുന്നത്. അധ്യാപകരുടെയും അധിക തസ്തിക സൃഷ്ടിക്കേണ്ടി വരും. ആരോഗ്യ രംഗത്തെന്നതുപോലെ വിദ്യാഭ്യാസ രംഗത്തും മൂന്നുവര്‍ഷമായി പുതിയ തസ്തിക സൃഷ്ടിക്കപ്പെടും. 

9.35 മൂന്നുവര്‍ഷത്തിനിടെ 5,110 പുതിയ തസ്തികകള്‍ ആരോഗ്യ രംഗത്തു സൃഷ്ടിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗം സ്വാശ്രയ വല്‍ക്കരണമല്ല; പൊതുജനപങ്കാളിത്തം തേടലാണ്. കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ കഴിയും എന്ന് നാലു മണ്ഡലങ്ങളിലെ പൈലറ്റ് പദ്ധതികള്‍ തെളിയിച്ചു കഴിഞ്ഞു. പൊതുമാനദണ്ഡങ്ങള്‍ക്കു വിധേയമായി ഓരോ വിദ്യാലയത്തിനും പ്രത്യേക രൂപരേഖ തയ്യാറാക്കും. 

9.30 ഡയബറ്റിക്‌സ്, പ്രഷര്‍, കൊളസ്‌ട്രോള്‍ രോഗികള്‍ക്കു മരുന്നുകള്‍ പൂര്‍ണമായും സൗജന്യമായി നല്‍കും. പരിശോധന പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്കുള്ള മരുന്നു ആരോഗ്യ സബ്‌സെന്ററുകളില്‍ നിന്നു സൗജന്യമായി നല്‍കും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ ഇന്നത്തെ വിലയുടെ പത്തു ശതമാനം മാത്രം മുടക്കി ലഭ്യമാക്കും. ഇവ എല്ലാവര്‍ക്കും ലഭ്യമാക്കും.

9.25 മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പച്ചക്കറി സ്വയംപര്യാപതത പദ്ധതിക്കും സമഗ്രപദ്ധതി. പച്ചക്കറി കൃഷി ഏറ്റെടുക്കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക പദ്ധതി. തൊഴിലുറപ്പിനെക്കൂടി പ്രയോജനപ്പെടുത്തി അടുത്ത കാലവര്‍ഷക്കാലത്തു കേരളത്തില്‍ മൂന്നു കോടി മരങ്ങള്‍ നടും. ജനകീയാരോഗ്യ പ്രസ്ഥാനത്തിനു കേരളം രൂപം നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിതശൈലീ രോഗങ്ങള്‍, ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയവയ്ക്കു സൗജന്യ ചികില്‍സ നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കും.

9.20 ഹരിത കേരളം, ശുചിത്വം, വികസനം ഇവയെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് കേരളം ആവിഷ്‌കരിക്കുന്നത്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കാന്‍ ശുചിത്വകേരളത്തിന് 137 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ആധുനിക അറവുശാലകള്‍ക്കു 100 കോടി രൂപ അനുവദിക്കും. ശുചിത്വ പദ്ധതികള്‍ക്ക് മറ്റൊരു 100 കോടി കൂടി. തോട്ടിപ്പണി വുമുക്ത സംസ്ഥാനമായ കേരളത്തില്‍ ഇപ്പോഴും തോട്ടിപ്പണി നടക്കുന്നുണ്ട്. കക്കൂസ് വൃത്തിയാക്കാനും മാന്‍ഹോളുകള്‍ നന്നാക്കാനും ഇപ്പോഴും മനുഷ്യര്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍ക്കരിക്കാന്‍ 10 കോടി രൂപ നീക്കിവയ്ക്കുന്നു. 

9.15 കിഫ്ബിയുടെ ആദ്യ ധനകാര്യ വര്‍ഷം തന്നെ 15,000 കോടി രൂപയുടെ പദ്ധതി കരാര്‍ ആക്കിയാണു തുടങ്ങുക. ഇത് സാധാരണ വര്‍ഷങ്ങള്‍കൊണ്ടു മാത്രം നടന്നിരുന്ന പദ്ധതിയാണ്. 2016-17ലെ ബജറ്റ് അവതരിപ്പിക്കുന്നത് പുരോഗമന വികസന നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശത്തോടെയാണ്. ട്രംപ് ഉയര്‍ത്തുന്ന ഭീഷണി കേരളത്തേയും ബാധിച്ചേക്കാം. നിലവിലുള്ള ആഗോള ക്രമം സുസ്ഥിരമല്ല. ഇവിടെയാണ് ബദലിനായുള്ള അന്വേഷണം നടത്തുന്നത്. 


9.10 സാമാന്യബുദ്ധിക്കു നിരക്കാത്ത നോട്ട് നിരോധനത്തിന്റെ നിഴല്‍ ഈ ബജറ്റിനെയും ബാധിക്കും. വലിയ പ്രതിബന്ധമുണ്ടാക്കിയിട്ടുണ്ട്. നികുതി വരുമാനത്തില്‍ കുറവുണ്ടാകും. നികുതിപിരിവ് ലക്ഷ്യം കൈവരിക്കാന്‍ പോകുന്നില്ല. 15 ശതമാനത്തില്‍ താഴെ മാത്രമായിരിക്കും വളര്‍ച്ച. ഈ സമയം വായ്പാ പരിധി മൂന്നര ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതു നടപ്പാകും എന്നു കരുതുന്നില്ല. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബജറ്റ് വളരെ നിരാശാജനകമായി. എന്നാല്‍ സംസ്ഥാനം പദ്ധതി ചെലവ് 10.5 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് ഇദംപ്രദമമാണ്. പദ്ധതിയേതര ചെലവും വര്‍ദ്ധിക്കും. റവന്യു ചെലവില്‍ കുറവു വരുത്തിയാല്‍ നോട്ടു നിരോധനം ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ കഴിയാതെ വരും. മൂലധന നിക്ഷേപം ഉയര്‍ത്തുകയാണ് ലക്ഷ്യം. 

9.05 സെന്റര്‍ ഫോര്‍ ഇന്ത്യന്‍ എക്കോണമി പറഞ്ഞു നിക്ഷേപത്തിന്റെ കാര്യത്തിലെ വന്‍ ഇടിവെനെക്കുറിച്ച്, കയറ്റുമതി ഇറക്കുമതി മേഖലയിലെല്ലാം വലിയ തകര്‍ച്ച ഉണ്ടായി. സാമ്പത്തിക മുരടിപ്പ് നിശ്ചിതമായ കാര്യമാണ്. ബജറ്റ് തുക വര്‍ദ്ധിപ്പിച്ച് സമ്പദ്ഘടനയെ സര്‍ക്കാര്‍ താങ്ങിനിര്‍ത്തണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തുക കുറയ്ക്കുകയാണ് ഇത്തവണ ചെയ്തത്. കേന്ദ്രം ചെലവുചുരുക്കല്‍ ബജറ്റ് കൊണ്ടുവരികയും സമ്പദ്ഘടന തകരുകയും ചെയ്യുന്നതാണ് സ്ഥിതി. ഇതിനെ മറികടക്കാന്‍ എന്തുകൊണ്ടു കേന്ദ്രം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടി സ്വീകരിക്കുന്നില്ല.

9.00 നോട്ട് നിരോധന കാലത്തെ ബജറ്റ്. തുഗ്‌ളക്ക് പരിഷ്‌കാരത്തോട് എം.ടി ഉപമിച്ച നടപടി. സാധാരണക്കാരുടെ ജീവിതം താറുമാറായി. അപ്പോള്‍ എം.ടിയെ പഠിപ്പിക്കാന്‍ പോയ നേതാക്കളുണ്ട്. അപ്പോള്‍ എം.ടി പറഞ്ഞു എനിക്കു സാമ്പത്തിക ശാസ്ത്രം അറിയില്ല. പക്ഷേ, സാധാരണക്കാരുടെ ജീവിതം എന്താണെന്ന് അറിയാം.
വരള്‍ച്ച പ്രകൃതിദുരന്തമാണ്. നോട്ട് നിരോധനം പക്ഷേ, മനുഷ്യ നിര്‍മ്മിതമാണ്. 

8.45 തോമസ് ഐസക് നിയമസഭയില്‍. മുഖ്യമന്ത്രിയും മന്ത്രിമാരും സഭയില്‍. ബജറ്റ് അവതരണത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിക്കുന്നു. വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ ഉണ്ടാകുമെന്നു ബജറ്റിനു മുന്‍പ് ഐസക്. പൊതുമേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും പദ്ധതികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com