ജവാന്റെ മരണം; ഓണ്‍ലൈന്‍ മാധ്യമത്തെ പഴിച്ച് സൈന്യം

റോയ് മാത്യുവിന്റെ മരണത്തില്‍ സൈന്യത്തിന് പങ്കില്ലെന്ന് വ്യക്തമാക്കിയും, ഓണ്‍ലൈന്‍ മാധ്യമത്തെ പഴിച്ചും സൈന്യം
ജവാന്റെ മരണം; ഓണ്‍ലൈന്‍ മാധ്യമത്തെ പഴിച്ച് സൈന്യം

ന്യൂഡല്‍ഹി: നാസിക്കിലെ സൈനീക ക്യാമ്പില്‍ മലയാളി ജവാന്‍ റോയ് മാത്യു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിക്യാമറ ദൃശ്യം പുറത്തുവിട്ട ഓണ്‍ലൈന്‍ മാധ്യമത്തെ പഴിചാരി സൈന്യം. 

അതിനിടെ നാട്ടിലെത്തിച്ച ജവാന്റെ മൃതദേഹത്തോട് അനാദരം. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെങ്കില്‍ നാസിക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്. മൃതദേഹം വീട്ടിലെത്തിക്കുന്നതിനാണ് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും, മറ്റൊന്നും ചെയ്യാനാകില്ലെന്നും സൈന്യം നിലപാടെടുത്തതോടെ മൃതദേഹം ഒരു മണിക്കൂറോളം അനാധമായി കിടന്നു. പിന്നീട് കളക്റ്ററെത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്.
റീപോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത സൈനീക ഉദ്യോഗസ്ഥര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ ജവാന്‍മാരുടെ അറിവില്ലാതെ ഒളിക്യാമറയിലൂടെ പകര്‍ത്തി ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്നായിരിക്കാം റോയ് മാത്യു ആത്മഹത്യ ചെയ്തതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. 

ഓണ്‍ലൈന്‍ മാധ്യമത്തോട് നടത്തിയ വെളിപ്പെടുത്തലിന് ശേഷം റോയ് മാത്യുവിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ച് ചോദ്യം ചെയ്തതായും മാനസികമായി പീഡിപ്പിച്ചതായുമുള്ള വാര്‍ത്തകളും സൈന്യം നിഷേധിച്ചു. റോയ് മാത്യു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്നും സൈന്യം വാദിക്കുന്നു. 

എന്നാല്‍ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ ജോലി പോകാന്‍ സാധ്യതയുണ്ടെന്ന നടപടി നേരിടേണ്ടി വന്നേക്കുമെന്നും റോയ് ഭാര്യയോട് പറഞ്ഞിരുന്നു. ഫെബ്രുവരി 25നാണ് റോയ് അവസാനമായി ഭാര്യയെ വിളിക്കുന്നത്. അതേ ദിവസം ഒരു ഉന്നത സൈനീക ഉദ്യോഗസ്ഥനോട് ക്ഷമ ചോദിച്ച് റോയ് മാത്യു സന്ദേശം അയച്ചിരുന്നതായും ആര്‍മി വ്യക്തമാക്കുന്നു. 

റോയ് മാത്യുവിന്റെ  മരണത്തില്‍ സൈന്യം അന്വേഷണത്തിന് ഉ്ത്തരവിട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് ക്യാമ്പിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ റോയി മാത്യുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com