ധനമന്ത്രി അറിയുന്നുണ്ടോ ഫ്‌ലാറ്റില്‍ ആദിവാസിയുടെ ദുരിതജീവിതം?

നേരത്തേ കിട്ടിയവര്‍ക്കു ഫ്‌ലാറ്റ് ജീവിതം ദുരിതമായി തുടരുമ്പോള്‍ ഒരുലക്ഷം പേര്‍ക്കുകൂടി ഫ്‌ലാറ്റുനല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം 
ധനമന്ത്രി അറിയുന്നുണ്ടോ ഫ്‌ലാറ്റില്‍ ആദിവാസിയുടെ ദുരിതജീവിതം?

കൊച്ചി: സര്‍ക്കാര്‍ ഭവനരഹിതരായ ആദിവാസികള്‍ക്ക് നല്‍കിയ ആദ്യ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ആദിവാസികളുടെ ദുരിത ജീവിതം തുടരുമ്പോഴാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിലുള്‍പ്പെടുത്തി ഒരു ലക്ഷം പേര്‍ക്ക് ഈ നടപ്പു സാമ്പത്തികവര്‍ഷംതന്നെ ഭവനപദ്ധതി എന്ന പ്രഖ്യാപനം നടത്തിയത്.
വയനാട് ഓണിവയല്‍ പട്ടിക വര്‍ഗ്ഗ ഫ്‌ലാറ്റ് എന്ന പേരില്‍ ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ഫ്‌ലാറ്റുകളിലാണ് ആദിവാസികളുടെ ദുരിത ജീവിതം. ഭൂമിയില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്കാണ് വയനാട്ടില്‍ ആദ്യത്തെ ആദിവാസി ഫ്‌ലാറ്റുകള്‍ നല്‍കിയത്. മൂന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് കിടക്കാവുന്ന ഒരു കുഞ്ഞു മുറിയും അതിനേക്കാളും ചെറിയ അടുക്കളയുമുള്ളതാണ് ഒരു കുടുംബത്തിന് നല്‍കുന്ന താമസസൗകര്യം. ഫ്‌ലാറ്റെന്നും എല്ലാ സൗകര്യങ്ങളോടും കൂടിയ പാര്‍പ്പിട സമുച്ചയമെന്നും സര്‍ക്കാര്‍ വിളിക്കുന്നതാണ് ഈ ഫ്‌ലാറ്റുകള്‍.
അഞ്ചോ അതില്‍ക്കൂടുതലോ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കാണ് 327 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം മാത്രമുള്ള ഈ ഫ്‌ലാറ്റ് മുറികള്‍ നല്‍കിയിരിക്കുന്നത്. ഗ്യാസ് കണക്ഷനുകളൊന്നുമില്ലാത്തതുകൊണ്ട് വിറക് ശേഖരിച്ച് വയ്ക്കുന്നതും കോഴികളെ വളര്‍ത്തുന്നവര്‍ അതിനുള്ള സൗകര്യമൊരുക്കേണ്ടതും ഈ കുടുസുമുറികളില്‍ത്തന്നെയാണ്.

(ഫോട്ടോ: ആല്‍ബിന്‍ മാത്യു, എക്‌സ്പ്രസ്)

അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപനങ്ങളിലുണ്ടായിരുന്ന ഫ്‌ലാറ്റിന്റെ പുറംമോടിയില്‍ ഒട്ടും കുറവൊന്നുമില്ല. മുറ്റത്ത് ഒരു കിണറും അതിനുചുറ്റും ടൈലുകള്‍ വിരിച്ചും മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കിണര്‍ ഉപയോഗശൂന്യമായതാണ്. മാത്രമല്ല, മൂന്നു നിലകളുള്ള ഈ ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലയിലുള്ളവര്‍ക്ക് കുടിക്കാനോ കുളിക്കാനോ വെള്ളം എത്തിക്കണമെങ്കില്‍ ചുമന്നു കൊണ്ടുവരണം.

പൂര്‍ണമായും കാടിനെ ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ക്ക് ഒരു തുണ്ടു ഭൂമി പോലും നല്‍കാതെയാണ് ഫ്‌ലാറ്റ് സമുച്ചയം എന്ന മനോഹരപദത്തില്‍ ആദിവാസികളെ തളച്ചിട്ടിരിക്കുന്നത്. വയനാട് ഓണിവയല്‍ പട്ടിക വര്‍ഗ്ഗ ഫ്‌ലാറ്റ് എന്ന പേരില്‍ മനോഹരസൗധം ഒരുക്കിയതോടെ സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന ആദിവാസികളുടെ ആവശ്യത്തെ അപ്പാടെ കുഴിച്ചുമൂടുകയാണ് ചെയ്തത്.
ഈ സ്ഥിതി തുടരുമ്പോഴാണ് പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി എന്ന പേരില്‍ അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം പേര്‍ക്ക് ഫ്‌ലാറ്റുകള്‍/ പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കിനല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നത്. കൂടാതെ ധനമന്ത്രി തോമസ് ഐസക് തന്റെ ബജറ്റില്‍ LIFE(Livelihood, Inclusion, Financial Empowerment) എന്ന പദ്ധതി പ്രകാരം നടപ്പു സാമ്പത്തികവര്‍ഷംതന്നെ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയം/ ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ തുക വകയിരുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 
സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന ആവശ്യത്തെ അപ്പാടെ ഇല്ലാതാക്കി ഫ്‌ലാറ്റുകള്‍ നല്‍കുമെന്ന വാഗ്ദാനത്തിലൂടെ ഭൂരഹിതരില്ലാത്ത കേരളം എന്ന പദ്ധതിയെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. 

(ഫ്‌ലാറ്റിലുള്ളവര്‍ക്കുവേണ്ടി നിര്‍മ്മിച്ച കിണര്‍ ഉപയോഗശൂന്യമായ നിലയില്‍)
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി പ്രകാരം, 1, ഭൂമിയുള്ള ഭവനരഹിതര്‍, 2, സര്‍ക്കാര്‍ പദ്ധതികളില്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിന് സഹായധനം അനുവദിച്ചെങ്കിലും പൂര്‍ത്തിയാക്കാനാകാത്തവര്‍ (പൂര്‍ണമായോ ഭാഗികമായോ സഹായധനം ലഭിച്ചവര്‍), ലക്ഷംവീട് പോലെയുള്ള പഴയ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിലവില്‍ വാസയോഗ്യമല്ലാത്ത വീടുകളുള്ളവര്‍. 3, പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, 4, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നിവര്‍ക്കാണ് പാര്‍പ്പിട സമുച്ചയങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത്.
ഇതില്‍ ആദ്യത്തെ രണ്ടു വിഭാഗക്കാര്‍ക്കും വീട് നിര്‍മ്മിക്കാന്‍/ വാസയോഗ്യമാക്കാന്‍ ആവശ്യമായ തുക നിലവിലുള്ള പിഡബഌുഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തി ലഭ്യമാക്കുന്നതാണ്. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍ക്കും ഫ്‌ലാറ്റുകളുടെ/ വീടുകളുടെ സമുച്ചയം താലൂക്ക്/ ബ്ലോക്ക് തലത്തില്‍ സ്ഥലലഭ്യതയും ഉപഭോക്താക്കളുടെ എണ്ണവും പരിഗണിച്ച് ഏര്‍പ്പാടാക്കുന്നതാണ് എന്നാണ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിപ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വന്തമായി ഭൂമിയില്ലാത്ത വിഭാഗങ്ങള്‍ക്കാണ് ഫ്‌ലാറ്റുകള്‍ നല്‍കാന്‍ തീരുമാനമായത്.


അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ 327 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള കുടുസുമുറി നല്‍കുന്നതിലൂടെ പുറമ്പോക്കില്‍നിന്നും കുടുസുമുറികളിലേക്ക് ഭൂരഹിതരെ ഒതുക്കാനാണ് ഈ പദ്ധതി. ഇങ്ങനെ ഫ്‌ലാറ്റ് ലഭിക്കുന്നവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കുവാനോ കൈമാറാനോ സാധ്യമല്ല. പ്രതിമാസം മിഷന്‍ നിശ്ചയിക്കുന്ന തുക മുടക്കം കൂടാതെ അടയ്ക്കുന്നവര്‍ക്ക് 15-20 വര്‍ഷത്തിനുശേഷം ഫ്‌ലാറ്റുകള്‍ സ്വന്തമായി ലഭിക്കും എന്നും സര്‍ക്കാര്‍ ഉത്തരവില്‍ ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു. തീരദേശമേഖലയില്‍നിന്ന് മത്സ്യത്തൊഴിലാളികളെയും, കാടിനോടു ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ കൂരകളില്‍ നിന്ന് ആദിവാസികളെയും ടൗണിനോടു ചേര്‍ന്ന ഫ്‌ലാറ്റുകളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതോടെ അവരുടെ ജോലികളില്‍ നിന്ന് അകറ്റുക കൂടിയാവും ചെയ്യുക. അടിസ്ഥാന സൗകര്യം ഒരുക്കുകയും കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് എന്ന പ്രഖ്യാപനവും മുന്‍ സാഹചര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രായോഗികമല്ലെന്ന് തെളിയിക്കപ്പെട്ടതുമാണ്. പ്രതിമാസം മിഷന്‍ നിശ്ചയിക്കുന്ന തുക അടയ്ക്കുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ഈ ഫ്‌ലാറ്റുകള്‍ ഇവര്‍ക്ക് കൈമാറിക്കിട്ടുക എളുപ്പമല്ല.
ഇരുപതു വര്‍ഷത്തിനുള്ള മിഷന്‍ നിര്‍ദ്ദേശിക്കുന്ന തുക അടച്ച് ഫ്‌ലാറ്റ് സ്വന്തമാക്കുമ്പോഴേക്കും പുതിയ തലമുറ വരികയും അവര്‍ ഭവനരഹിതരായി മാറുകയും ചെയ്യും. ഭവനരഹിതരില്ലാത്ത കേരളം എന്ന ആശയം അതോടെ തകരും.


സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 4,72,000 കുടുംബങ്ങളാണ് ഭവനരഹിതര്‍. ഓരോ വര്‍ഷവും ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ നല്‍കുന്നതോടെ അഞ്ചുവര്‍ഷംകൊണ്ട് എല്ലാവര്‍ക്കും ഭവനം എന്നത് സാധ്യമാകും എന്നതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പദ്ധതിയിലൂടെ ഭൂരഹിതരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. മാത്രമല്ല അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പുതിയ തലമുറ ഭവനരഹിതരായി തുടരുകയും ചെയ്യും.
സര്‍ക്കാരിന്റെ ഈ ഫ്‌ലാറ്റ് പദ്ധതിയിലൂടെ തത്വത്തില്‍ കോളനികളെയാണ് സൃഷ്ടിക്കപ്പെടുന്നത്. നിലവില്‍ കേരളത്തില്‍ 26,193 ദളിത് കോളനികളും 14,000 ആദിവാസി കോളനികളും പതിനായിരത്തിലധികം തോട്ടം ലയങ്ങളും ആഞ്ഞൂറോളം മത്സ്യത്തൊഴിലാളി കോളനികളും മറ്റ് പിന്നോക്ക കോളനികളുമുണ്ട്. സ്വന്തമായി ഭൂമി എന്ന ആവശ്യവുമായി ഈ കോളനികളിലുള്ളവര്‍ സമരരംഗത്ത് സജീവമായിക്കൊണ്ടിരിക്കുമ്പോഴാണ് 237 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കുടുസുമുറി കോളനികള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com