വൈദീകന്റെ ബലാത്സംഗം; കന്യാസ്ത്രീകള്‍ ഒളിവില്‍, മാപ്പ് പറഞ്ഞ് രൂപത

ഇരയാക്കപ്പെട്ടവരുടെ കണ്ണുനീരില്‍ പങ്കുചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടും
വൈദീകന്റെ ബലാത്സംഗം; കന്യാസ്ത്രീകള്‍ ഒളിവില്‍, മാപ്പ് പറഞ്ഞ് രൂപത

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കന്യാസ്ത്രീകള്‍ ഒളിവില്‍. പൊലീസ് ഇവരെ ഇന്ന് അറസ്റ്റ് ചെയ്യാനിരുന്ന പശ്ചാത്തലത്തിലാണ് ഒളിവില്‍ പോയിരിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് പൊലീസ് പദ്ധതിയിട്ടിരുന്നത്. രണ്ട് ഡോക്റ്റര്‍മാര്‍,കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ കൂടിയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. 

 പ്ലസ്ടു വിദ്യാര്‍ഥിയുടെ പ്രസവവിവരം മറച്ചുവെച്ച സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് ക്രിസ്തു രാജ ആശുപത്രിക്കെതിരേയും, പ്രസവശേഷം കുഞ്ഞിനെ ദത്തെടുത്ത വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രിസ്തു രാജ ആശുപത്രിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

അറസ്റ്റിലായിരിക്കുന്ന ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയെ സഹായിച്ച കൊട്ടിയൂര്‍ സ്വദേശിനിയായ സ്ത്രീക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മാപ്പ് പറഞ്ഞ് രൂപത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് രൂപത. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് കൊട്ടിയൂര്‍ ഇടവകയ്ക്കയച്ച കത്തില്‍ മാനന്തവാടി ബിഷപ്പ് വ്യക്തമാക്കുന്നു.

കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ചുകൊണ്ടുള്ള കത്തിലാണ് ഇരയാക്കപ്പെട്ടവരുടെ കണ്ണുനീരില്‍ പങ്കുചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടും പറയുന്നത്. 

'ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളേയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും. പ്രിയപ്പെട്ടവരെ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റേയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു; മാപ്പ്. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെയെന്നും' ബിഷപ്പ് കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com