ഒരു പെണ്‍കുട്ടിയെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റി;തനുജ ഭട്ടതിരി ഫെയ്‌സ്ബുക്കിലെ കഥയ്ക്കു ശേഷമുണ്ടായ കഥയെക്കുറിച്ച്

ഒരു പെണ്‍കുട്ടിയെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റി;തനുജ ഭട്ടതിരി ഫെയ്‌സ്ബുക്കിലെ കഥയ്ക്കു ശേഷമുണ്ടായ കഥയെക്കുറിച്ച്

വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഒരു പെണ്‍കുട്ടിയുടെ ഫോണ്‍കോളാണ് തനുജയ്ക്ക് കൊടുക്കാനുള്ളത്

കൊച്ചി: പീഡനത്തിനിരയാക്കപ്പെട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെണ്‍കുട്ടിയെ ജീവിച്ച് പോരാടാന്‍ പ്രേരിപ്പിക്കാന്‍ ആ പോസ്റ്റിനു സാധിച്ചെങ്കില്‍ അതുതന്നെയാണ് വിമര്‍ശകര്‍ക്കുള്ള തന്റെ മറുപടിയെന്ന് തനുജ എസ് ഭട്ടതിരി. ഫെയ്‌സ്ബുക്കില്‍ തനുജ ഭട്ടതിരി കുറിച്ച ഒരു കുഞ്ഞുകഥയ്ക്കുനേരെയാണ് സദാചാരവാദികളായ ചിലര്‍ വിമര്‍ശനകമന്റുകളിട്ടിരുന്നു. എന്നാല്‍ വിമര്‍ശകരേക്കാള്‍ കൂടുതല്‍ അനുകൂലിച്ചവരായിരുന്നുവെന്ന് തനുജ ഭട്ടതിരി പറയുന്നു.
''ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വരുന്നവരെ പോയി പണി നോക്കെടാ പട്ടികളെ എന്നു പറയുകയല്ലേ വേണ്ടത്'' എന്ന് മകള്‍ അമ്മയോട് ചോദിക്കുന്ന ചെറുകഥയാണ് തനുജ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെത്തുടര്‍ന്ന് നിരവധി കമന്റുകളാണ് ഫെയ്‌സ്ബുക്കിലും മെസഞ്ചറിലുമായി എത്തിയത്. അഞ്ചു ശതമാനംപേരെങ്കിലും സദാചാരത്തിന്റെ കോലുമായി കുത്താനായിരുന്നു എത്തിയത്. എന്നാല്‍ ഈ വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഒരു പെണ്‍കുട്ടിയുടെ ഫോണ്‍കോളാണ് തനുജയ്ക്ക് കൊടുക്കാനുള്ളത്.
തന്റെ ന്യൂഡ് ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ തുടര്‍ന്നപ്പോള്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയാണ് തനുജയെ വിളിച്ചത്. ഈ പോസ്റ്റ് വായിച്ചശേഷം അവള്‍ ആ തീരുമാനത്തില്‍നിന്ന് പിന്മാറുകയും ജീവിച്ച് പോരാടാന്‍ തീരുമാനിക്കുകയും ചെയ്തതായി അവള്‍ കഥാകാരിയെ നേരിട്ട് വിളിച്ച് പറയുകയും ചെയ്തു.
ആ ഒരു കഥ കൊണ്ട് ഒരു കുട്ടിയെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവിടാന്‍ പറ്റിയതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് തനുജ സമകാലിക മലയാളത്തോട് പറഞ്ഞു.


പോസ്റ്റ് വൈറലായതിനെത്തുടര്‍ന്നുണ്ടായ കമന്റുകളെയും മെസേജുകളെയും ഫോണ്‍കോളുകളെയും കുറിച്ച് തനുജ ഭട്ടതിരി പറയുന്നു:
''ഇതൊരു കഥ തന്നെയാണ്, ചെറുകഥ. പക്ഷെ, ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവര്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ കഥാകുറിപ്പിന്റെ ആധാരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട് ചിത്രങ്ങളെടുക്കപ്പെട്ട പെണ്‍കുട്ടി തുടര്‍ന്ന് ബ്ലാക്ക്‌മെയിലിംഗുമായപ്പോള്‍ ആത്മഹത്യ ചെയ്തു എന്നതായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത വായിച്ച് എന്റെ മകള്‍ എന്നോട് ചോദിച്ച ചോദ്യമായിരുന്നു കഥയിലെ പെണ്‍കുട്ടി അമ്മയോട് ചോദിച്ച ചോദ്യം. ''എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്‌സും ഒരു ലൈംഗികാവയവുമല്ലേയുള്ളൂ?'' ഞാന്‍ മൂളി.
''പിന്നെ ഈ ന്യൂഡ് ഫോട്ടോ എന്നുപറയുമ്പോള്‍ സ്ത്രീകള്‍ എന്തിനാ ഇത്ര പേടിക്കുന്നത്? ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വരുന്നവരോട് പോയി പണി നോക്കെടാ എന്ന് പറയുകയല്ലേ വേണ്ടത്?'' എന്നായിരുന്നു മകളുടെ ചോദ്യം.
ഈ സംഭവം ഞാന്‍ സമകാലീന പശ്ചാത്തലത്തില്‍ ഒരു കഥാരീതിയില്‍ കുറിപ്പിടുകയായിരുന്നു.
ഞാനടക്കമുള്ള പഴയ തലമുറയ്ക്ക് ആത്മബലം നല്‍കാന്‍ ശേഷിയുള്ള പുതുതലമുറയോടുള്ള ആദരവാണ് ഈ കഥയില്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. സ്വന്തമായി സന്തോഷം കണ്ടെത്താനോ മറ്റുള്ളവര്‍ക്ക് സന്തോഷം പകരാനോ സാധിക്കാതെ ജീവിതത്തെ അങ്ങനെ ജീവിച്ചുതീര്‍ത്ത പഴയ തലമുറയിലെ സ്ത്രീകളില്‍നിന്നും പുതുതലമുറ ഒരുപാട് മാറിയിട്ടുണ്ട്. സ്വതന്ത്രമായ വ്യക്തിത്വം അവര്‍ക്കുണ്ട് എന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീ-പുരുഷസമത്വത്തിനുവേണ്ടിയുള്ള മുന്നേറ്റം ഞാന്‍ പുതുതലമുറയില്‍ത്തന്നെയാണ് പ്രതീക്ഷയോടെ കാണുന്നതും.
എന്റെ പോസ്റ്റിനെത്തുടര്‍ന്നുവന്ന ഫോണ്‍കോളുകളില്‍നിന്നും കമന്റുകളില്‍നിന്നും മെസേജുകളില്‍നിന്നും ഞാന്‍ ആര്‍ജ്ജവമുള്ള ഒരുപാട് പെണ്‍കുട്ടികളെ കണ്ടു. അവരില്‍ ചിലരൊക്കെയും പറഞ്ഞു: ''ഞാനും എന്റെ അമ്മയോട് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്.'' അതൊരു പ്രതീക്ഷയാണ്. ഞാന്‍ ജീവിച്ചുകാണിക്കുമെടാ എന്ന ചങ്കൂറ്റമുള്ള വാക്കുകള്‍.
പോസ്റ്റ് പല വിധത്തില്‍ വായിച്ചവരുണ്ട്. അമ്മയ്ക്ക് ഇതുപോലെ സംഭവിച്ച് മകള്‍ അമ്മയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതായി ചിലര്‍ക്ക് തോന്നി. മകളുടെ പ്രണയത്തില്‍ ചതി പറ്റിയപ്പോള്‍ അമ്മ അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചതായാണ് ചിലര്‍ വ്യാഖ്യാനിച്ചത്.
ചില സുഹൃത്തുക്കള്‍ എന്നെ നേരിട്ട് വിളിച്ച് എന്റെ മകള്‍ക്ക് മുമ്പ് ഇതുപോലെ സംഭവിച്ചതായൊക്കെ ചിന്തിച്ചതായി പറഞ്ഞു. അതു കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചിരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ബാംഗ്ലൂരിലുള്ള മകളെ വിളിച്ച് ഇക്കാര്യം ഞാന്‍ പറയുകയും ചെയ്തു. അവളുടെ പ്രതികരണം കേട്ടപ്പോള്‍ എനിക്ക് അവളില്‍ അഭിമാനം തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കഥയ്ക്ക് അടിസ്ഥാനമായ ചോദ്യം ചോദിച്ച അതേ പെണ്‍കുട്ടിയായിത്തന്നെ അവള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്നുവെന്ന അഭിമാനം. മക്കള്‍ ചിലപ്പോഴൊക്കെ അമ്മയാകും എന്നു തോന്നാറില്ലേ? ആ മട്ടിലായിരുന്നു അവളുടെ ഉപദേശം: ''അമ്മാ, അപ്രസിയേഷനില് കൂടുതല്‍ സന്തോഷിക്കുകയും വേണ്ട, എഗെയ്ന്‍സ്റ്റായി പറയുമ്പോ തളരുകയും വേണ്ട.''
ഇല്ല, വിമര്‍ശിക്കുന്നവര്‍ക്കും അധിക്ഷേപിക്കുന്നവര്‍ക്കും എന്നെ തളര്‍ത്താനാവില്ല മോളേ എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു ഈ അമ്മ. എന്റെ പോസ്റ്റിന്റെ പേരില്‍ വിമര്‍ശനവും അധിക്ഷേപവുമുണ്ടായിരുന്നു. സദാചാരവാദികളുടെ കുപ്പായം സ്വയം എടുത്തിട്ട് വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ചൊരിയുന്നവരായിരുന്നു ചിലര്‍. അവരില്‍ ചിലരെങ്കിലും ചോദിച്ച ചോദ്യം; ''ഇങ്ങനെയൊരു പെണ്‍കുട്ടിയെ നിങ്ങള്‍ക്കൊരു മകനുണ്ടെങ്കില്‍ കല്യാണം കഴിച്ചുകൊടുക്കുമോ?'' എന്നായിരുന്നു.
ആരെ കല്യാണം കഴിക്കണം? ഇനി കല്യാണം കഴിക്കണോ വേണ്ടയോ എന്നൊക്കെയുള്ളത് നിശ്ചയിക്കാനുള്ള ആര്‍ജ്ജവവും സ്വാതന്ത്രവുമൊക്കെ പുതുതലമുറയ്ക്കുണ്ടെന്ന് ഈ സദാചാര വാദികള്‍ക്ക് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക. സ്ത്രീകള്‍ക്കു മാത്രം അപമാനം എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യമാണ് ഇത്തരക്കാരെ ചൊടിപ്പിച്ചത് എന്ന് വ്യക്തമാണ്. എങ്കില്‍ കേട്ടോളൂ, അപമാനഭാരത്താല്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഒരു പെണ്ണിനെയെങ്കിലും ജീവിച്ച് പോരാടാന്‍ ഈ കഥ ഉത്തേജിപ്പിച്ചിട്ടുണ്ട്. ഇത് സ്ത്രീകളുടെ മനസ്സാണ്. പുരുഷമേധാവിത്ത - സദാചാര വാദികള്‍ക്കുനേരെ പുതുതലമുറ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
കഥയിലെ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഞാന്‍ കടമെടുത്ത് ഇവരോട് ഞാന്‍ ഇവരോട് പറയുന്നു; പോയി തൂങ്ങിച്ചാവെടോ.
അത്രയൊക്കെ ഒന്നു പറയുകയെങ്കിലും ചെയ്തില്ലെങ്കില്‍ പെണ്ണെന്നു പറയുന്ന വാക്കിനെന്ത് അര്‍ത്ഥം?''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com