തളര്‍ച്ചകളില്‍ തളരാത്ത പെണ്‍കരുത്ത്

ചില തുറന്നുപറച്ചിലുകള്‍ ഭാരം ഇറക്കിവയ്ക്കുന്ന ആശ്വാസം നല്‍കും. ഉമ തുറന്നുപറയുകയാണ്; തന്റെ ജീവിതം.
തളര്‍ച്ചകളില്‍ തളരാത്ത പെണ്‍കരുത്ത്

സ്വന്തം വൃക്ക മുന്‍പരിചയമില്ലാത്ത ഒരാള്‍ക്ക് ദാനം ചെയ്ത സ്ത്രീ, രണ്ടുലക്ഷത്തിലധികം ഡയാലിസിസുകള്‍ നടത്തിക്കൊടുത്ത, ഇപ്പോഴും ആ കര്‍മ്മമണ്ഡലത്തില്‍ ഉറച്ച കാല്‍വെയ്‌പോടെ നടക്കുന്ന സഞ്ചാരിണി, ഉള്ള സമ്പാദ്യമെല്ലാം പങ്കുവെച്ച വനിത. അവിടെ തുടങ്ങുന്നതല്ല ഉമപ്രേമന്റെ സാമൂഹ്യപ്രവര്‍ത്തനജീവിതം.
വൈധവ്യത്തിന്റെ ദു:ഖഭാരത്തില്‍ നിന്നും മോചനത്തിനായി ഭര്‍ത്താവ് വിട്ടുപോയൊരുനാള്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ചവള്‍ എന്നതായിരുന്നു ഉമാപ്രേമനെക്കുറിച്ച് എവിടെയും വായിച്ചറിഞ്ഞിട്ടുള്ളത്. നീണ്ട ആശുപത്രി ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് മരിച്ചതോടെ അശരണരായ രോഗികള്‍ക്ക് ആശ്രയമൊരുക്കുന്ന ഉമ പ്രേമന്‍.
എന്നും ചിരിച്ചുകൊണ്ടിരിക്കുന്ന ഉമയുടെ ഉള്ളില്‍ ഒരുപാട് നീറ്റലുകളുണ്ടായിരുന്നു. മനസ്സില്‍ അടക്കിപ്പിടിച്ചിരിക്കുന്ന വിതുമ്പുന്ന ഓര്‍മ്മകളെ ഉമ സാമൂഹ്യപ്രവര്‍ത്തനജീവിതത്തിലൂടെ മറികടന്നു. എങ്കിലും ചില തുറന്നുപറച്ചിലുകള്‍ ഭാരം ഇറക്കിവയ്ക്കുന്ന ആശ്വാസം നല്‍കും. ഉമ തുറന്നുപറയുകയാണ്; തന്റെ ജീവിതം.

സിന്തമാണി ഊരിലെ കണ്ണമ്മക്ക
പ്രചോദിപ്പിച്ച ബാല്യകാലം
പാണ്ടിലോറി റോഡിന് ഓരം ചേര്‍ത്തുനിര്‍ത്തി. കുട്ടികള്‍ ലോറിയുടെ അടുത്തേക്ക് ഓടിയെത്തി. അതുപോലെ പിന്നോക്കം പാഞ്ഞു. ലോറിയില്‍ നിന്നും മുണ്ടും ഷര്‍ട്ടുമിട്ട ഒരു സ്ത്രീരൂപമിറങ്ങി. ലോറിയുടെ ഡ്രൈവര്‍ പിന്നാലെ ഇറങ്ങി.
''ഏയ്, പണം തിരുമ്പിത്താ അക്കാ. എന്നായിത്...?''
''നീ പോടാ... ഈ കണ്ണമ്മയാരെന്ന് തെരിയുമാ നിനക്ക്. പോടാ.''
കണ്ണമ്മക്ക! തലമുടിയുടെ കോടാലിക്കോണ്ട കെട്ടില്‍ നിന്നും ബീഡിയെടുത്ത് ചുണ്ടില്‍ തിരുകി മുണ്ടിന്റെ ഒരു തലയെടുത്ത് ചവിട്ടാനോങ്ങി. ഡ്രൈവര്‍ പിറുപിറുത്തുകൊണ്ട് ലോറിയില്‍ കയറി കത്തിച്ചുവിട്ടു.
''കൊളന്തേ, അന്ത പക്കം പോയി ഗണേശ് ബീഡി വാങ്ങിവാ...'' കണ്ണമ്മക്കയുടെ കണ്ണുകളിലായിരുന്നു ബീഡിക്കറയുണ്ടായിരുന്നതെന്ന് ഉമയ്ക്ക് തോന്നി. കണ്ണമ്മക്ക നീട്ടിയ നാണയത്തുട്ടുമായി തൊട്ടപ്പുറത്തെ കടയില്‍പോയി ഗണേശ് ബീഡി വാങ്ങിവന്നു. ലൈന്‍മുറി വീടിന്റെ ഉമ്മറത്ത് നിലത്തിരുന്ന് ബീഡി ആഞ്ഞുവലിച്ച് കണ്ണമ്മക്ക ചോദിച്ചു: ''എന്നെ തിരമ്പി പോലീസ് വന്താച്ചാ?''
ഇല്ലൈ എന്ന മറുപടി കേള്‍ക്കുമ്പോള്‍, എപ്പോ വേണമെങ്കിലും വരാം എന്നൊരു തലയാട്ടലുണ്ട് കണ്ണമ്മയ്ക്ക്.
നൂല്‍മില്‍ തൊഴിലാളികള്‍ ഏറ്റവുമധികം താമസിക്കുന്ന സിന്താമണി ഊരില്‍ പോലീസ് വരാറേയില്ല. കണ്ണമ്മക്കയെത്തേടി പോലീസ് പണ്ടെങ്ങോ വന്നിട്ടുണ്ട്. അരി കടത്തിയതിന് കണ്ണമ്മയെ അന്വേഷിച്ച്. അത് പഴയ കഥയാണെങ്കിലും പോലീസ് ഇപ്പോഴും വരാന്‍ സാധ്യതയുണ്ടെന്നത് നിലനിര്‍ത്തിപ്പോകുന്ന കഥയാണ്. അത് തന്റേടത്തിന്റെ ഭാഗമായി കണ്ണമ്മക്ക കൊണ്ടുനടക്കുകയാണ്. തന്റേടി എന്നുപറഞ്ഞ് കണ്ണമ്മക്കയെ പലരും കുറ്റപ്പെടുത്തുമെങ്കിലും ഉമയ്ക്ക് കണ്ണമ്മയെ ഇഷ്ടമാണ്. മറ്റു പലരെയുംപോലെ സഹതാപത്തിന്റെ കണ്ണുകൊണ്ട് കണ്ണമ്മ ഉമയെ നോക്കിയിരുന്നില്ല.
ഒരു രാത്രിയില്‍ ഭര്‍ത്താവിനോട് കലഹിച്ച് എട്ടുവയസുള്ള മകളെയും മൂന്നു വയസുള്ള മകനെയും വിട്ട് അമ്മ ഇറങ്ങിപ്പോയതുതൊട്ട്, പലരും സഹതാപത്തോടെയാണ് ഉമയോട് സംസാരിച്ചിട്ടുള്ളത്. ''അമ്മയെ കാണണമെന്നു തോന്നുന്നില്ലേ?'', ''പാവം, റൊമ്പ കഷ്ടം താനേ ആ കൊളന്തയ്ക്ക്.'' ഇങ്ങനെ പലരും പറയുമ്പോള്‍ എട്ടു വയസുകാരിയായ ഉമ പറഞ്ഞത്, ''അവര്‍ക്കാണ് റൊമ്പ കഷ്ടം. രണ്ടു മക്കളെ നഷ്ടപ്പെട്ടില്ലേ'' എന്നായിരുന്നു.

ചക്ലിയാ കോളനിയിലെ സാന്ത്വകന്‍
അച്ഛന്‍ ചക്‌ളിയാ കോളനിയില്‍ മരുന്നും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നതും മറ്റും ഇഷ്ടപ്പെടാതെയാണ് അമ്മ ഒരുരാത്രിയില്‍ വീടിറങ്ങിപ്പോയത്. അമ്മയുടെ പരുഷമായ വാക്കുകളെ അച്ഛന്‍ എന്നും ഒരു ചെറുചിരിയോടെ പ്രതിരോധിച്ചിട്ടേയുള്ളു. അന്നു രാത്രിയിലും അച്ഛന്‍ അതുതന്നെയാണ് ചെയ്തത്. പിറ്റേന്ന് നൂല്‍മില്ലിലെ സെക്കന്റ് ഷിഫ്റ്റിന് കയറുന്നതിനു മുമ്പ് ചക്‌ളിയാ കോളനിയില്‍ പോയി കുട്ടികളുടെ പുണ്ണുകളില്‍ മരുന്നുപുരട്ടുമ്പോഴും അച്ഛന്റെ മുഖത്ത് അതേ പുഞ്ചിരിയാണുണ്ടായിരുന്നത്.
ആ ഒരു രാത്രികൊണ്ട് എട്ടുവയസുകാരിയായ ഉമ പെട്ടെന്ന് അമ്മയായിത്തീരുകയായിരുന്നു. പിറ്റേദിവസം സ്‌കൂളിലേക്ക് പോകും മുമ്പ് മൂന്നുവയസുകാരനായ അനുജന്‍ കൃഷ്ണകുമാറിനെ അടുത്ത വീട്ടിലാക്കണം. സ്‌കൂളിലെ ചെറിയ ഇടവേളകളില്‍ പോലും ഓടിയെത്തി അനിയനെ കണ്ട് തിരിച്ചുപോകണം, ഉച്ചനേരത്ത് ടാര്‍ ഒലിക്കുന്ന റോഡിലൂടെ ചെരുപ്പിടാത്ത കാലുമായി ഓടി വീട്ടിലെത്തണം, അനിയന് ചോറു നല്‍കണം. വൈകിട്ട് അവനെ കുളിപ്പിക്കണം. ജോലിയും കഴിഞ്ഞ് വരുന്ന അച്ഛന് ചോറുണ്ടാക്കിവയ്ക്കണം. അതുകഴിഞ്ഞ് ചക്‌ളിയാ കോളനിയിലേക്ക് മരുന്നുമായി പോകുന്നുണ്ടെങ്കില്‍ അച്ഛന്റെ കൂടെപ്പോകണം.
അനിയന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഉമയ്ക്ക് അച്ഛന്റെ യാത്രകളില്‍ കൂട്ട് പോകാന്‍ ഏറെ സമയം കിട്ടി. ഒരു അവധിക്കാലത്ത് അച്ഛന്‍ മക്കള്‍ക്ക് ഒരു ജോലി കൊടുത്തു, മില്‍തൊഴിലാളികളുടെ വീടുകളില്‍ പോയി അവരുടെ കുട്ടികളുടെ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ ശേഖരിക്കണം. ഉമയും അനുജനും അതെല്ലാം ശേഖരിച്ചുകൊണ്ടുവന്നു. അലക്കി തേച്ച് കീറിയ ഭാഗങ്ങളില്‍ തുന്നിച്ചേര്‍ത്ത്, ബട്ടണുകള്‍ വെച്ച് ഒരുക്കിവെച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് അതെല്ലാമെടുത്ത് അച്ഛന്റെയൊപ്പം ചക്‌ളിയാ കോളനിയിലേക്ക് ഉമയും പോയി. 

ചക്‌ളിയാ കോളനിയില്‍ കുട്ടികളേറെയുണ്ട്. ഒരു കൂരയില്‍ത്തന്നെ ഒരു വയസിടവിട്ട കുറേ കുട്ടികള്‍. അവിടുത്തെ കുട്ടികളെയെല്ലാം അച്ഛന്‍ അക്കുറി സ്‌കൂളില്‍ ചേര്‍ത്തിരുന്നു. അവര്‍ക്കുള്ള വസ്ത്രങ്ങളായിരുന്നു അത്. ആരും തിരിഞ്ഞുനോക്കാത്ത ആ കോളനികളില്‍ അച്ഛന് അവര്‍ കസേരയിട്ടുകൊടുക്കുമായിരുന്നു. ''കമ്പോണ്ടറേ...'' എന്നായിരുന്നു അവര്‍ അച്ഛനെ വിളിച്ചിരുന്നത്. അച്ഛന്‍ എല്ലാ കുട്ടികളെയും കുളിപ്പിക്കും. അവരുടെ മൂക്കിളകള്‍ കൈ കൊണ്ട് വലിച്ചെടുത്തുകളയും. ചക്‌ളിയാ കോളനിയിലെ സ്ത്രീകള്‍ എന്നും പെറ്റുകൊണ്ടേയിരുന്നു. അച്ഛന്‍ അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി പ്രസവം നിര്‍ത്തിച്ചു. ഇ.എസ്.ഐ. ആനുകൂല്യമുള്ളതിനാല്‍ അച്ഛന്റെ ബന്ധുക്കള്‍ക്ക് ചികിത്സ സൗജന്യമായിരുന്നു. ചക്‌ളിയാകോളനിയിലെ സ്ത്രീകളെ ഭാര്യ എന്ന കോളത്തില്‍ പേരെഴുതിച്ചേര്‍ത്താണ് സൗജന്യമായി അവരുടെ പ്രസവം നിര്‍ത്തിച്ചത്. ''കമ്പോണ്ടര്‍ക്ക് എവ്വുളോ പൊണ്ടാട്ടിമാരിരിക്കും...'' എന്ന് ഇ.എസ്.ഐ.യിലെ ജീവനക്കാര്‍ ചോദിക്കുമ്പോഴും അച്ഛന്റെ മുഖത്ത് ആ നിഷ്‌കളങ്കമായ ചിരിയുണ്ടാവും.
സിന്താമണിപൂരില്‍ നിന്നും ഏറെ മൈല്‍ കടന്നാല്‍ ഗൗണ്ടര്‍മാരുടെ സ്ഥലമാണ്. അവിടെയും രോഗങ്ങള്‍ വന്നാല്‍ ആരും നോക്കാനില്ലാത്ത ആളുകളുണ്ട്. ബസ് കയറി അച്ഛനോടൊപ്പം ഉമയും അങ്ങോട്ടുപോകും. ബസ് നില്‍ക്കുന്ന സ്ഥലത്ത് കുതിരവണ്ടി നില്‍ക്കുന്നുണ്ടാവും. കുടമണി കുലുക്കി പൊടി പറത്തി കുതിരവണ്ടി ഗൗണ്ടര്‍മാരുടെ നാട്ടിലേക്ക് പോകും. ആഴ്ചയില്‍ രണ്ടുതവണയാണ് മരുന്നുമായി അച്ഛന്റെ ഈ യാത്ര. ഗൗണ്ടര്‍മാരുടെ വലിയ പുണ്ണുകളില്‍ നിന്നും പുഴുക്കളെ പുറത്തെടുത്ത് മുറിവുകെട്ടുമ്പോള്‍ ആരും അടുത്തേക്ക് വരില്ല. ഛലം കെട്ടിനില്‍ക്കുന്ന മുറിയുടെ മണം അച്ഛനു ചുറ്റും എപ്പോഴുമുണ്ടെന്ന് ഉമയ്ക്ക് തോന്നാറുണ്ട്. അച്ഛന്റെ മൂക്കുകള്‍ക്ക് മണം അറിയുന്നില്ലേ എന്നുവരെ ഉമ സംശയിച്ചിരുന്നു. ''എന്നാ അപ്പാ ഇത്?'' എന്ന് പരിഭവത്തോടെ ഉമ ചോദിക്കുമ്പോള്‍ അച്ഛന്‍ ചിരിയോടെ മറുപടി പറയും, ''നിന്റെ അച്ഛനാണ് ഇതുപോലൊരു പുണ്ണുണ്ടായതെങ്കില്‍ നീ ഇങ്ങനെ ചെയ്യില്ലേ? എനിക്ക് ഇവരോടും തോന്നുന്നത് അതുതന്നെ.''
വൈധവ്യത്തിന്റെ ഇരുളില്‍ മരണത്തെക്കാത്തിരിക്കുന്ന വൃദ്ധസ്ത്രീകളുണ്ട് ഗൗണ്ടര്‍മാരുടെ വീടിന്റെ ഇരുട്ടുമുറികളില്‍. അവരുടെ അടുത്ത് സ്വന്തം അമ്മയെപ്പോലെ അച്ഛന്‍ പരിചരിക്കുമ്പോള്‍ മരുന്നുമായി ഉമ കൂടെക്കൂടി. ഉമയ്ക്കും തോന്നിത്തുടങ്ങി, ഇത് എന്റെ അമ്മയോ മുത്തശ്ശിയോ ആണെന്ന്.

ദുരിതം അനുഭവിക്കുന്നവര്‍ നിന്റെ നാട്ടിലുമുണ്ട്
അവിടെ അവര്‍ക്ക് തണലാവുക - മദര്‍ തെരേസ
ഗൗണ്ടര്‍മാരുടെ നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ചോളവും റാഗിയുമായി ഒരുപാടു കെട്ടുണ്ടാകും കുതിരവണ്ടിയില്‍. കമ്പോണ്ടര്‍ക്ക് ഗൗണ്ടര്‍മാര്‍ നല്‍കുന്ന സമ്മാനം. അതുമായി നേരെ ചക്‌ളിയാകോളനിയിലേക്ക്. കോളനിയില്‍ ഇതെല്ലാം വിതരണം ചെയ്ത് അവിടെനിന്നും ഭക്ഷണവും കഴിച്ചശേഷമാണ് രാത്രി വീട്ടിലേക്ക് മടക്കമുണ്ടാകുക.
''ഒരു പുസ്തകം എഴുതുന്നതിനേക്കാളും വലിയ കാര്യമാണ് ഉള്ളതെല്ലാം പങ്കുവയ്ക്കുന്നത്.'' എന്ന അച്ഛന്റെ വാക്കുകളില്‍ ഉമയും ചക്‌ളിയാകോളനിയിലും മറ്റുമായി തന്റെ ബാല്യകാലം നിറച്ചുവെച്ചു. സ്‌കൂളില്‍ പഠനത്തിലും പിന്നോട്ടുപോയില്ല. പഠിച്ച് പത്താംക്‌ളാസ് പാസായതോടെ ഉമ അച്ഛന്റെ പാതയില്‍ യാത്ര തുടര്‍ന്നു. ആയിടയ്ക്കാണ് മദര്‍ തെരേസയെക്കുറിച്ച് കേള്‍ക്കുന്നതും ഉമ മദര്‍ തെരേസയ്ക്ക് കത്തെഴുതുന്നതും. ''പ്രിയപ്പെട്ട അമ്മയ്ക്ക്, എനിക്ക് അമ്മയുടെ അടുത്തേക്കു വരണം. കൊല്‍ക്കത്തയില്‍ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ ചേരണമെന്നുണ്ട്.'' ഉമയുടെ കത്തിന് മദര്‍ തെരേസയുടെ മറുപടിയെത്തി, ''ദുരിതം അനുഭവിക്കുന്നവര്‍ നിന്റെ നാട്ടിലുമുണ്ട്. അവിടെ അവര്‍ക്ക് തണലാവുക. എന്ന് മദര്‍ തെരേസ.''
ഉമയുടെ ആവശ്യം ശക്തമായപ്പോള്‍ മദര്‍ തെരേസ കത്തിലൂടെത്തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആ സമയമായപ്പോഴേക്കും പ്രായപൂര്‍ത്തിയായ ഉമയുടെമേല്‍ അവകാശവാദവുമായി അമ്മയെത്തി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിക്കേണ്ടതെന്ന കോടതിവിധിയുമായി അമ്മ പത്തുവര്‍ഷത്തിനുശേഷം വീണ്ടും വന്നിരിക്കുന്നു. അച്ഛന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന ഉമയുടെ വാക്കുകള്‍ കേള്‍ക്കാത്ത കോടതിയോട് അന്നു തീര്‍ന്നതാണ് ബഹുമാനം. അങ്ങനെയാണ് അമ്മയുടെ നാടായ തൃശൂരിലേക്കെത്തുന്നത്. അപ്പോഴും മദര്‍ തെരേസയുമായുള്ള കത്തിടപാട് ഉമ നിര്‍ത്തിയിരുന്നില്ല. ബിഷപ്പ് കുണ്ടുകുളത്തെ കാണാനായിരുന്നു മദറിന്റെ നിര്‍ദ്ദേശം. അങ്ങനെ തൃശൂരില്‍ ജീവിതം സേവനപാതയിലേക്ക് നയിച്ച് ഉമയെത്തി. ആറുമാസത്തെ സേവനജീവിതം വെറുത്തിട്ടല്ല, എങ്കിലും അത് അവസാനിപ്പിക്കേണ്ടിവന്നു.

ജീവിതം പഠിപ്പിച്ചത്
അമ്മ മകള്‍ക്കായി ഒരു വരനെ കണ്ടെത്തിയിരിക്കുന്നു. ആര്‍ക്കോ വേണ്ടി അമ്മ ചെയ്ത കടപ്പാടായിരുന്നു ആ വിവാഹം. പ്രേമനുമുന്നില്‍ ഉമ കഴുത്തുനീട്ടുമ്പോള്‍ പതിനെട്ടു വയസു കഴിഞ്ഞതേയുള്ളു. ഉമയുടെ അമ്മയേക്കാള്‍ മൂന്നു വയസു കൂടുതലുണ്ട് പ്രേമന്. ഉമ ജനിക്കുമ്പോള്‍ പ്രേമന്റെ ആദ്യവിവാഹം കഴിഞ്ഞിരുന്നു. ഉമ ആ വീട്ടിലേക്കെത്തുമ്പോള്‍ പ്രേമന്റെ രണ്ടു ഭാര്യമാര്‍ അവിടെയുണ്ടായിരുന്നു; ദൈന്യമാര്‍ന്ന നോട്ടത്തോടെ.
ആവശ്യത്തിലേറെ പണമുള്ള പ്രേമന് കൂട്ടുകാര്‍ക്ക് മദ്യസത്കാരമൊരുക്കലിലായിരുന്നു ലഹരി. ഒരു രോഗിയോട് തോന്നുന്ന അനുകമ്പയോ സ്‌നേഹമോ? അതായിരുന്നു ഉമയ്ക്ക് പ്രേമനോടുണ്ടായിരുന്നത്. ക്ഷയരോഗം വന്ന് കഫം തുപ്പുമ്പോഴും മദ്യസത്കാരത്തില്‍ കുറവുവന്നില്ല. അതിനിടയില്‍ കോളാമ്പിയുമായി ഓടിനടക്കേണ്ടിവന്നു ഉമയ്ക്ക്. 
വീട് വയ്ക്കുമ്പോള്‍ ബെഡ്‌റൂം എവിടെയായിരിക്കണം എന്ന് ചിന്തിക്കുന്നതിനേക്കാള്‍ അതിലൊരു ഉഗ്രന്‍ ബാറുണ്ടായിരിക്കണമെന്നായിരുന്നു പ്രേമന്‍ ചിന്തിച്ചിരുന്നത്. സിനിമാപ്രവര്‍ത്തകരായിരുന്നു ഏറെയും കൂട്ടുകാര്‍. അവര്‍ മുകളിലത്തെ നിലയില്‍ മദ്യപിച്ചും തല്ലിയും ഛര്‍ദ്ദിച്ചും ദിവസങ്ങള്‍ ചെലവിട്ടു. ഛര്‍ദ്ദിലുകള്‍ കോരാനെത്തിയില്ലെങ്കില്‍, തെറി വിളികളാലെ പടികള്‍ ചവിട്ടിച്ചു. മുറ്റത്ത് വഴി ചോദിച്ച് ആരെങ്കിലും വന്നാല്‍ അവരുടെ കൂടെപ്പോകാമായിരുന്നില്ലേ എന്ന സംശയചോദ്യങ്ങള്‍.
എന്തിനായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തി അമ്മ ഈ ബലി നല്‍കിയത്, ഉമ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉമ അന്വേഷിക്കാതായി. ചെറിയ ലോകത്തിലേക്ക് ചുരുങ്ങിയുള്ള ജീവിതമായിരുന്നു അതിനുള്ള ഉത്തരം എന്ന് തിരിച്ചറിഞ്ഞു.
മദ്യപിച്ചെത്തുന്ന സിന്താമണിപൂരിലെ തമിഴനെ കല്ലുരുട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുടി അവസാനിപ്പിച്ച ഉമ എന്ന പെണ്‍കുട്ടി, ഉമയില്‍ നിന്നും എങ്ങോ മറഞ്ഞുപോയിരിക്കുന്നു. ഭര്‍ത്താവിന്റെ കൂടെ തൃശൂരിലെ ബാറുകളില്‍ കയറിയിറങ്ങേണ്ടിവന്നു. മറ്റുള്ളവര്‍ കുടിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന ആനന്ദത്തിന് കാവലാളാകാന്‍ പ്രേമന്‍ കൂട്ടുവിളിക്കുമ്പോള്‍ പോകാതിരിക്കാന്‍ പറ്റാതായി. സ്ത്രീകളെ ശക്തിസ്വരൂപങ്ങളാക്കുന്ന ഭാരതീയാരുടെ പുസ്തകങ്ങള്‍ ഉമ മനസില്‍ നിന്നുപോലും മാറ്റിവെച്ചു. അതൊക്കെ വായിച്ചാല്‍ എല്ലാം വിട്ട് ഇറങ്ങിപ്പോയേക്കും. അത് സാധാരണസ്ത്രീക്ക് ചേര്‍ന്നതല്ലെന്ന് സമൂഹം ചുറ്റിലും പറയുന്നു. ആരോടും പങ്കുവയ്ക്കാതെ, ആരും കേള്‍ക്കാനില്ലാതെ സംസാരിക്കാത്ത എത്രയോ ദിനരാത്രങ്ങള്‍. ദിവസങ്ങള്‍ ഏറെ കഴിയുമ്പോള്‍ ശബ്ദമുണ്ടോ എന്നറിയാന്‍ ചുമരുകളോട് സംസാരിച്ചുതുടങ്ങി. വാക്കുകളില്‍ വിക്കല്‍. അനുഭവങ്ങളില്‍ നിന്നുള്ള വേദനയല്ല, അടഞ്ഞുപോയ തൊണ്ട ശബ്ദം വരുമ്പോള്‍ വിറയ്ക്കുന്നതാണ്. ചോദ്യങ്ങളെല്ലാം സ്വന്തം തൊണ്ടയിലേക്ക് കുഴിച്ചുമൂടിയ ഏഴുവര്‍ഷം. ഏഴുവര്‍ഷത്തെ ജീവിതാനുഭവം ആരോടും പറഞ്ഞില്ല, എല്ലാം തന്റെ ശരീരത്തോട് ചേര്‍ത്ത് ഒളിപ്പിച്ചു. അതിനിടയില്‍ ഉമയ്ക്ക് ഒരു മകന്‍ പിറന്നു, ശരത്.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അഭയംകൊണ്ട് പ്രേമന്‍ കിടന്നു, മാസങ്ങളോളം. കൂട്ടുകാരന്റെ മരണദിവസം അയാളുടെ വീടിനോട് ചേര്‍ന്ന് താല്‍ക്കാലിക കള്ളുഷാപ്പൊരുക്കി മരണദു:ഖം ആഘോഷിച്ച(!) പ്രേമനെ തേടി കൂട്ടുകാര്‍ ആശുപത്രിയിലുമെത്തിയിരുന്നു. അവരെല്ലാം പ്രശസ്തരായ സിനിമാക്കാരും എഴുത്തുകാരുമൊക്കെയാണ്. സെക്യൂരിറ്റിയെ തല്ലി ഐ.സിയുവിലേക്ക് കയറാന്‍ ശ്രമിച്ചതിന് അവരെ പോലീസ് അറസ്റ്റുചെയ്തു. അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഉമയെന്ന സ്ത്രീയെക്കുറിച്ച്. അവരോട് ഉമ ഒന്നേ പറഞ്ഞുള്ളൂ, ''ദയവു ചെയ്ത് ഉപദ്രവിക്കരുത്, മരിച്ചാല്‍ ഞാനറിയിച്ചോളാം.''
പ്രേമന്‍ ഐ.സിയുവില്‍. പുറത്ത് ചുമരില്‍ ചാര്‍ന്നിരിക്കുന്ന ഉമയ്ക്കു മുന്നിലൂടെ നിരവധി രോഗികള്‍ കടന്നുപോയി. മരുന്നുവാങ്ങാന്‍ പണമില്ലാതെ, വാങ്ങാന്‍ പോകാന്‍ ആളില്ലാതെ മുന്നിലൂടെ പോകുന്ന രോഗികള്‍ക്ക് ഉമ സഹായിയായി. ഉള്ളില്‍ കിടക്കുന്ന ദു:ഖങ്ങളെ ഓരോരുത്തരുടെയും കഥകള്‍ മായ്ക്കുന്നുണ്ടായിരുന്നു. ബ്‌ളഡ് വേണ്ടവരെയും കൂട്ടി നിയമസഭാ ഹോസ്റ്റലിലേക്കും എന്‍ജിനീയറിംഗ് കോളേജുകളിലേക്കും ഉമ പോകുമ്പോള്‍ ഉമ പതുക്കെ സിന്താമണിപൂരിലെ പഴയ പെണ്‍കുട്ടിയെ തിരിച്ചുപിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തുന്നവരില്‍ പലരും ആശ്രയത്വമായി ഉമയെ കണ്ടു. അതില്‍ ആശ്വാസം കണ്ട് ഉമയും.
ഒരുദിവസം പ്രേമന്‍ മരണത്തിലേക്ക് മടങ്ങി. പ്രേമന്റെ മൃതശരീരവുമായി ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്നും ഉമ തൃശൂരിലേക്കെത്തി. കൂട്ടുകാരില്‍ പലരും കാണാനെത്തി. അന്നവരില്‍ പലരും മദ്യപിച്ചിരുന്നില്ല, മരണവീട്ടില്‍ മദ്യം സ്‌പോണ്‍സര്‍ ചെയ്യുന്നയാളല്ലേ കിടക്കുന്നത്. സ്‌പോണ്‍സറില്ലെങ്കില്‍പ്പിന്നെ എന്ത് ആഘോഷം?!
ഇരുള്‍മൂടിയ ഏഴുവര്‍ഷം തിരിച്ചുപിടിക്കാനായിരുന്നില്ല ഉമ ആ യാത്ര പോയത്. വെളിച്ചംതേടിപ്പോവുകയായിരുന്നു. ഉത്തരേന്ത്യ മുഴുവന്‍ തനിച്ച് യാത്ര ചെയ്തു. ഏത് ദൈവത്തെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് ഒരിക്കലും അച്ഛന്‍ പഠിപ്പിച്ചിട്ടില്ലായിരുന്നു. സിന്താമണിപൂരിലെ ലൈന്‍മുറി വീട്ടില്‍ അച്ഛന്‍ ആകെ വച്ചിരുന്ന ഒരേയൊരു ഫോട്ടോ വിവേകാനന്ദന്റേതായിരുന്നു. വിവേകാനന്ദന്‍ ദൈവമല്ലെന്നും അച്ഛന്‍ പഠിപ്പിച്ചിരുന്നു. എങ്കിലും ദൈവത്തെത്തേടിയും ഉമ യാത്ര ചെയ്തു. കഞ്ചാവു വലിച്ച് ദൈവത്തെ അറിയുന്ന ഹിമഗിരികളിലെ സന്യാസിയാകാന്‍ ശ്രമിച്ചു. അവിടെയും ദൈവത്തെ കാണാന്‍ പറ്റാതെ ഉമ തിരിച്ചു. തിരികെ വീട്ടിലെത്തുമ്പോഴേക്കും തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും ബ്‌ളഡ് ചോദിച്ചും സഹായം ചോദിച്ചും കുറേയേറെ ഫോണുകള്‍ വന്നു കൊണ്ടിരിക്കുന്നു. ആശ്രയത്വത്തിനായി പിന്നെയും ആരൊക്കെയോ കൈകള്‍ നീട്ടുന്നുണ്ട്. ഉമ ഫോണിലൂടെത്തന്നെ അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അങ്ങനെയാണ് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേരില്‍ ഒരു സേവനസ്ഥാപനത്തെക്കുറിച്ച് ഉമ ആലോചിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരന്തരം ആവശ്യങ്ങളുമായി ഫോണ്‍വിളികളെത്തിയതോടെ അശരണരുടെ തായ്‌വഴിയായി ഉമ പ്രേമന്‍ മാറി. നമുക്കുള്ളതെല്ലാം പകുത്തുനല്‍കുന്നതാണ് എന്തിനേക്കാളും വലിയ സന്തോഷമെന്ന് പഠിപ്പിച്ച അച്ഛന്‍ ബാലകൃഷ്ണന്റെ വഴികളിലൂടെയുള്ള ഉമയുടെ യാത്രയില്‍ പകുത്തുനല്‍കാന്‍ ഇനി ബാക്കിയൊന്നുമില്ല. 45 ലക്ഷം രൂപയുടെ കടം മുന്നില്‍ നില്‍ക്കുമ്പോഴും ഉമ യാത്ര തുടരുകയാണ് സിന്താമണിപൂരിലെ എട്ടുവയസുകാരി ഉമയിലേക്ക്.

ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍
ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തൃശൂരില്‍ തുടങ്ങിയ കാലത്ത്, 1998ല്‍ സുജിത് എന്ന പയ്യന് അപകടത്തില്‍പ്പെട്ട് മസ്തിഷ്‌കമരണം സംഭവിച്ചു. ഉടനെതന്നെ അവന്റെ അച്ഛനെയും അമ്മയെയും ബന്ധപ്പെട്ട് വൃക്കയും കണ്ണും ദാനം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അന്ന് സുജിത്തിന്റെ അച്ഛന്‍ ഉമയോട് ചോദിച്ചു, ''നിങ്ങളുടെ മകനാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഇങ്ങനെ ചെയ്യുമോ?''
ഉമാപ്രേമന്‍ മറുപടി കൊടുത്തത് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയായിരുന്നു. ജീവനോടെ നില്‍ക്കുമ്പോള്‍ത്തന്നെ അവയവദാനം ചെയ്ത് ഉമാപ്രേമന്‍ മാതൃകകാട്ടി. കോവൈ മെഡിക്കല്‍ കോളേജില്‍ പോയപ്പോഴാണ് സലില്‍ എന്ന ചെറുപ്പക്കാരനെ ഉമ കാണുന്നത്. അച്ഛനും അമ്മയുമില്ലാത്ത സലില്‍ ഡയാലിസിസിലൂടെയാണ് ജീവിച്ചുപോന്നിരുന്നത്. ജീവിതം ഒട്ടേറെ ബാക്കിയുള്ള ചെറുപ്പക്കാരന്‍ ഉമാപ്രേമന്‍ തന്റെ ഒരു വൃക്ക സലിലിന് നല്‍കാന്‍തന്നെ തീരുമാനിച്ചു. സര്‍ജറിക്കു മുമ്പ് കോവൈയിലെ ഡോക്ടര്‍മാര്‍ ഉമയോട് ചോദിച്ചു: ''എന്താണ് പകരമായി നിങ്ങള്‍ക്ക് കിട്ടുന്നത്?''
''ഒരു സഹോദരനെ.'' ഉമ ഒറ്റവാക്കില്‍ മറുപടി പറഞ്ഞു. സലില്‍ ഇപ്പോഴും ഉമയോടൊപ്പമുണ്ട്, ഒരു സഹോദരനായിത്തന്നെ. കേരളത്തിലും തമിഴ്‌നാട്ടിലുമായി രണ്ട് മൊബൈല്‍ യൂണിറ്റുള്‍പ്പെടെ ഉമാപ്രേമന്‍ 12 ഡയാലിസിസ് യൂണിറ്റുകളാണ് തുടങ്ങിയിട്ടുള്ളത്. ഇതില്‍ നിന്നായി രണ്ടുലക്ഷത്തോളം ഡയാലിസിസുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. ഗള്‍ഫില്‍ 62 പേരുള്‍പ്പെടെ 680 പേര്‍ക്ക് കിഡ്‌നിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിക്കൊടുത്തു. 20,500 പേര്‍ക്ക് ഹൃദയശസ്ത്രക്രിയ ചെയ്യാനുള്ള സഹായം. ഇതിനുപുറമെ അട്ടപ്പാടി, പലമല അടക്കമുള്ള ആദിവാസി മേഖലകളിലേക്കുകൂടി ഉമാപ്രേമന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com