ചെടി നനയ്ക്കുമ്പോള്‍ സൂക്ഷിക്കുക; ജില്ലാ ഭരണകൂടം കേസെടുക്കും

ശുദ്ധജലം പാഴാക്കുന്നതു തടയാന്‍ രണ്ടും കല്‍പ്പിച്ച് എറണാകുളം ജില്ലാ ഭരണകൂടം 
ചെടി നനയ്ക്കുമ്പോള്‍ സൂക്ഷിക്കുക; ജില്ലാ ഭരണകൂടം കേസെടുക്കും

കൊച്ചി: വീട്ടിലെ ചെടി നനയ്ക്കുമ്പോഴും, വാഹനം കഴുകുമ്പോഴുമെല്ലാം ഇനിയൊന്നു സൂക്ഷിക്കണം. പൊടി പാറി കിടക്കുന്ന മുറ്റം വെള്ളമൊഴിച്ച് തണുപ്പിക്കാമെന്നൊക്കെ കരുതി പോയാല്‍ പിന്നെ കേസും പൊല്ലാപ്പുമായി നടക്കേണ്ടി വരുമെന്നാണ് എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

ഹോസ് ഉപയോഗിച്ച് ചെടിയും മുറ്റവും നനയ്ക്കല്‍, വാഹനം കഴുകല്‍, കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അനധികൃതമായി വെള്ളം ഉപയോഗിക്കല്‍, കിണര്‍ വറ്റിക്കല്‍, ഹോസ് ഉപയോഗിച്ച് കിണര്‍ നിറയ്ക്കുന്നതുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

സംസ്ഥാനം വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്റ്റര്‍ മുഹമ്മദ് സഫീറുല്ല പറയുന്നു. സ്‌ക്വാഡിന്റെ നിരീക്ഷണം പകല്‍ മാത്രമായിരിക്കുമെന്നു കരുതി രാത്രി ചെടി നനയ്ക്കാനും വാഹനം കഴുകാനുമിറങ്ങിയാല്‍ പണി കിട്ടും. രാത്രിയും നിരീക്ഷണത്തിനായി പ്രത്യേക സ്‌ക്വഡ് ഉണ്ടാകും.

വാട്ടര്‍ സപ്ലെ ആന്‍ഡ് സ്വൂവേജ് ആക്റ്റ് പ്രകാരമായിരിക്കും കേസെടുക്കുക. അനധികൃതമായി ജലം പാഴാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ വരള്‍ച്ച പരിഹാര വിഭാഗം മുഴുവന്‍ പ്രവര്‍ത്തിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com