വൈദികന്റെ കുറ്റം മറച്ചുവെച്ച സിഡബ്ല്യുസി വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ പോക്‌സോ ചുമത്തി 

മുന്‍ സിഡബ്യുസി ചെയര്‍മാന്‍ ഫാ.ജോസഫ് തേരകത്തിന്റെ കാലത്ത് ആദിവാസി ഗോത്ര ആചാര പ്രകാരം വിവാഹം കഴിച്ചതിന്റെ പേരില്‍ നാല്‍പ്പത് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാക്കള്‍ വരെയുണ്ട്
വൈദികന്റെ കുറ്റം മറച്ചുവെച്ച സിഡബ്ല്യുസി വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ പോക്‌സോ ചുമത്തി 

വയനാട്: വൈദികന്‍ നടത്തിയ ബലാത്സംഗം മറച്ചു വെച്ച വയനാട്ടിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗോത്രാചാര പ്രകാരം വിവാഹം കഴിച്ച ആദിവാസികള്‍ക്കെതിരെ പോക്‌സോ  ചുമത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നു.12 പേര്‍ക്കെതിരേയാണ് പരാതികള്‍ ഇല്ലാതിരുന്നിട്ടു കൂടി സ്വന്തം നിലയ്ക്ക് സിഡബ്യുസി കേസെടുത്തിരിക്കുന്നത്. ബലാത്സംഗം അടക്കം നിരവധി വകുപ്പുകളാണ് ചുമത്തുന്നത്.

മുന്‍ സിഡബ്യുസി ചെയര്‍മാന്‍ ഫാ.തോമസ്‌ ജോസഫ് തേരകത്തിന്റെ കാലത്ത് ആദിവാസി ഗോത്ര ആചാര പ്രകാരം വിവാഹം കഴിച്ചതിന്റെ പേരില്‍ നാല്‍പ്പത് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാക്കള്‍ വരെയുണ്ട്. ഇതേ ഫാ.തോമസ്‌ ജോസഫ് തേരകമാണ് കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ വിവരം മറച്ചു വെക്കാന്‍ നീക്കം നടത്തിയത്. 

ആദിവാസികളുടെ അറസ്റ്റും ബോധവത്കരണത്തന്റെ ഭാഗമാണ് എന്ന നിലപാടാണ് തേരകം സ്വീകരിച്ചു വന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കേസുകളെ തുടര്‍ന്ന് വയനാട്ടിലെ രണ്ടു ജയിലുകളിലായി 20ഓളം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു എന്ന് വയനാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. മാനന്തവാടിയില്‍ എട്ടും വൈത്തിരിയില്‍ 12ഉം പേരാണ് ഉണ്ടായിരുന്നുത്. പലരേയും ജാമ്യത്തിന് എടുക്കുന്നത് സാമൂഹ്യ പ്രവര്‍ത്തകര്‍ വിഷയത്തില്‍ സജീവമായി ഇടപെടല്‍ ആരംഭിച്ചതിന് ശേഷമാണ്. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബാബു എന്ന യുവാവിന് കോടതി നല്‍കിയിരിക്കുന്നത് നാല് ജീവപര്യന്തമാണ്. ബാബുവിന് സ്വന്തം കുഞ്ഞിനെ ഒരു പ്രാവശ്യം പോലും കാണാന്‍ സാധിച്ചിട്ടില്ല. 

ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാതെ നിര്‍ഭയയിലേക്ക് മാറ്റാന്‍ തേരകം നിര്‍ദ്ദേശിച്ചിരുന്നതായും ആരോപണം ഉയരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com