സംവിധായകന്‍ ദീപന്‍ അന്തരിച്ചു

2009ല്‍ പൃഥ്വിരാജിനെ നായകനാക്കി പുതിയമുഖം എന്ന ചിത്രം ചെയ്തു.
സംവിധായകന്‍ ദീപന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
വിജയകുമാര്‍, സാദിഖ് തുടങ്ങിയവരെ നായകന്മാരാക്കി സംവിധാനം ചെയ്ത 'ലീഡര്‍' ആണ് ദീപന്റെ ആദ്യ സ്വതന്ത്രസംവിധാന ചിത്രം. 2009ല്‍ പൃഥ്വിരാജിനെ നായകനാക്കി പുതിയമുഖം എന്ന ചിത്രം ചെയ്തു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 2012ല്‍ പൃഥ്വിരാജിനെ നായകനാക്കി ഹീറോ, ആന്‍ അഗസ്റ്റിന് നായികാപ്രാധാന്യമുള്ള സിം, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗാംഗ്‌സ് ഓഫ് വടക്കുംനാഥന്‍ ഡി കമ്പനി എന്നീ ചിത്രങ്ങള്‍ ചെയ്തു. അനൂപ് മേനോന്റെ തിരക്കഥയില്‍ 2014ല്‍ ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രം ചെയ്തു.


കഴിഞ്ഞ വര്‍ഷം ജയറാമിനെ നായകനാക്കി സത്യ എന്ന ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും റിലീസ് ചെയ്തിരുന്നില്ല. റിലീസിംഗിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ദീപന്റെ മരണം.
ഷാജി കൈലാസിന്റെ അസിസ്റ്റന്റായി ആറാം തമ്പുരാനിലാണ് ദീപന്‍ തുടക്കമിട്ടത്. തുടര്‍ന്ന് താണ്ഡവം വരെയുള്ള ചിത്രങ്ങളില്‍ ദീപന്‍ അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായും തുടര്‍ന്നു. ഷാജി കൈലാസിന്റെ കളരിയില്‍ നിന്ന് ഇറങ്ങിയയാള്‍ എന്ന നിലയില്‍ ആദ്യ ചിത്രം ലീഡര്‍ ഷാജി കൈലാസിന്റെ ശൈലിയിലായിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന പുതിയമുഖം എന്ന ചിത്രം ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല സംവിധായകന്‍ എന്ന പേരെടുത്ത ദീപന്‍ പുതിയ സിനിമയുടെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് വിടവാങ്ങുന്നത്. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com